Modern kitchen sink, green tone

ഒരു വീടിന്റെ വൃത്തി കണക്കാക്കുന്നത് ആ വീട്ടിലെ അടുക്കളയുടെ വൃത്തി അനുസരിച്ച് ആകും അതുകൊണ്ടുതന്നെ എല്ലാവരും അടുക്കള ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്.കൂടാതെ വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് അടുക്കളയുടെ വൃത്തി അത്യാവശ്യമാണ്.


എന്നാൽ പലർക്കും ഏറ്റവും മടിയുള്ളതും ഇഷ്ടപ്പെടാത്തതുമായ വീട്ട് ജോലിയാണ് പാത്രം കഴുകൽ. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ സമയവും അധ്വാനവും പാത്രം കഴുകാൻ വേണ്ടി വരാറുണ്ട്. പാത്രം കഴുകി കഴിഞ്ഞ് സിങ്കും വൃത്തിയാക്കേണ്ടത് കൂനിന്മേൽ കുരു എന്ന അവസ്ഥയാണ് പലരിലും സൃഷ്ടിക്കാറുള്ളത്.

വൃത്തിയില്ലാത്ത സിങ്കിൽ പാത്രം കഴുകുന്നത് വഴി നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും രോഗകാരികൾ യുടെ അടുത്ത സഹവാസികളായി തീരുകയാണ് ചെയ്യുന്നത്. വൃത്തിയായി കഴുകി സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണത്തിൻ്റെ അംശങ്ങൾ വീണ് സിങ്കിൽ ദുർഗന്ധവുമുണ്ടാകും പിന്നീട് അത് സിങ്ക് ബ്ലോക്ക് ആകാനും കാരണമാകും. ഈ സ്ഥിതി തുടരുന്നത് അടുക്കള വെറുക്കപ്പെട്ട ഒരിടമായി മാറ്റാൻ ഇടയുണ്ട്. അതിനാൽ സിങ്ക് വളരെ ശ്രദ്ധയോടെ വൃത്തിയാക്കേണ്ട ഒന്നുതന്നെയാണ്

സിങ്ക് വൃത്തിയാക്കുന്നതിന് മാത്രമായി നിർമ്മിക്കപ്പെട്ട പലതരം ക്ലീനിംഗ് ലോഷനുകളും സ്പ്രേകളും വിപണിയിൽ ലഭ്യമാണ്. ഇത് വാങ്ങാനായി നമ്മളിൽ പലരും കുറച്ചധികം പണം ചിലവാക്കാറുമുണ്ട്. എന്നാൽ ഇതിൻ്റെയൊന്നും ആവശ്യമില്ലാതെ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ കിച്ചൻ സിങ്ക് വൃത്തിയായി സൂക്ഷിക്കാനാകും. എല്ലാ ദിവസവും വെറും ഒരു മിനിറ്റ് ഇതിനായി മാറ്റി വെച്ചാൽ ദുർഗന്ധവും, ബ്ലോക്കുമില്ലാത്ത വൃത്തിയായ കിച്ചൻ സിങ്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ന്യൂസ് പേപ്പർ ഉണ്ടാകും. ന്യൂസ് പേപ്പറിന് പകരം ടിഷ്യൂ പേപ്പറും ഉപയോഗിക്കാവുന്നതാണ്. കിച്ചന്‍ സിങ്കിന് തിളക്കവും, വൃത്തിയും നല്കാൻ വെറും നാല് പേപ്പർ മാത്രം മതി. ലോഷനും വാങ്ങിയും ഉണ്ടാക്കിയും കഷ്ടപ്പെടേണ്ട ആവശ്യമേയില്ല. വെറും 3 മിനിറ്റിൽ സ്വന്തമാക്കാം കണ്ണാടി പോലെ തിളങ്ങുന്ന സിങ്ക്.

നിരന്തരമായ ഉപയോഗം മൂലം കിച്ചൻ സിങ്കിൽ ധാരാളം എണ്ണമയം കാണും. കുറച്ച് ന്യൂസ് പേപ്പർ എടുത്ത് ചുരുട്ടി സിങ്കിൽ തൂത്താൽ എണ്ണ മയം പെട്ടെന്ന് പേപ്പറിൽ പിടിക്കും. എണ്ണമയം ഇത്തരത്തിൽ മാറ്റിയ ശേഷം സാധാരണ കഴുകുന്നത് പോലെ സ്പോഞ്ച് കൊണ്ട് സിങ്ക് കഴുകിയെടുക്കാം. എണ്ണമയമുള്ള പ്ലേറ്റുകളും എളുപ്പത്തിൽ ഇത് പോലെ പേപ്പർ ഉപയോഗിച്ച് കഴുകാനാകും. വെറും 2 മിനിറ്റിൽ സിങ്ക് വെട്ടി തിളങ്ങുന്നത് കാണാം.