സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും.വീട്ടിലൊരു സ്റ്റോർ റൂം നിർബന്ധമാണ് എന്നു കരുതുന്നവരായിരിക്കും നമ്മളിൽ പലരും.
സത്യത്തിൽ സ്റ്റോർ റൂം എല്ലാ വീടുകളിലും ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.
പണ്ട് കാലങ്ങളിൽ വീട്ടിൽ കൃഷി ആവശ്യങ്ങൾക്കും മറ്റുമായി വീട് അല്ലെങ്കിൽ തൊഴുത്തിനോട് ചേർന്ന് ഒരു സ്റ്റോർ ഏരിയ നിർമ്മിച്ച് നൽകിയിരുന്നു.
കൃഷി ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും, വിത്ത്, വളം എന്നിവ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും ഇത്തരം ഇടങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നത്.
എന്നാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം വർധിച്ചപ്പോൾ അടുക്കളയോട് ചേർന്ന് ഒരു സ്റ്റോറും നൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്.
പ്രധാനമായും അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഒരിടം എന്ന രീതിയിലാണ് ഇത്തരം സ്റ്റോർ റൂമുകൾ ശ്രദ്ധ പിടിച്ചു പറ്റിയത്.
എന്നാൽ സ്റ്റോർ റും വീടിന് ആവശ്യമാണോ അല്ലയോ എന്നതിനെ പറ്റിയൊന്ന് വിശദമായി മനസിലാക്കാം.
സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും അറിഞ്ഞിരിക്കണം.
ഇന്നത്തെ പല വീടുകളിലും യാതൊരു ഉപയോഗവും ഇല്ലാതെ വേസ്റ്റ് സാധനങ്ങൾ കൊണ്ടു പോയി ഇടാനുള്ള ഒരിടമായി സ്റ്റോർ റൂമുകൾ മാറി തുടങ്ങിയിരിക്കുന്നു.
പ്രത്യേകിച്ച് ഉപയോഗമൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ ഉപയോഗ ശൂന്യമായതും കേടുവന്നതുമായ സാധനങ്ങൾ ഇടാൻ ഒരിടം എന്ന രീതിയിലാണ് ആളുകൾ സ്റ്റോർ റൂമിനെ കണക്കാക്കുന്നത്.
അതുകൊണ്ടുതന്നെ മാറാലയും പൊടിയും പിടിച്ച് യാതൊരു ഉപയോഗവും ഇല്ലാതെ ഇത്തരം ഇടങ്ങൾ മാറുന്നു.
കുറഞ്ഞ സ്ഥല പരിമിതിയിൽ നിർമ്മിക്കുന്ന വീടുകളിൽ നിന്നും തീർച്ചയായും ഒഴിവാക്കാവുന്ന ഒന്നാണ് സ്റ്റോർ റൂം.
ഇനി സ്റ്റോർ റൂം വേണമെന്ന് നിർബന്ധമുള്ളവർക്ക് വീടിന് പുറത്തായി ചെറിയ ഒരു റൂം കെട്ടി നൽകുകയോ വരാന്ത പോലുള്ള ഭാഗങ്ങളിൽ ഒരു റെഡിമെയ്ഡ് ടോൾ യൂണിറ്റ് സജ്ജീകരിച്ച് നൽകുകയോ ചെയ്യാം.
മറ്റു പലരും അടുക്കളയിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ,പഴങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള ഒരിടം എന്ന രീതിയിൽ സ്റ്റോർ റൂമുകളെ കണക്കാക്കുന്നുണ്ട്.
അത്തരം സാഹചര്യങ്ങളിൽ അടുക്കളയോട് ചേർന്ന് ഒരു ചെറിയ സ്റ്റോർ റൂം സജ്ജീകരിച്ചു നൽകുന്നതിൽ തെറ്റില്ല. എന്നാൽ ആ ഒരു രീതിയിലാണ് സ്റ്റോർ റൂമിനെ കണക്കാക്കുന്നത് എങ്കിൽ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കൾ അവിടെ കൊണ്ടു പോയി കൂട്ടി ഇടരുത്. സ്റ്റോർ റൂം നിർബന്ധമായും സജ്ജീകരിച്ചു നൽകാൻ താല്പര്യപ്പെടുന്നവർക്ക് വലിയ ചിലവ് ഒന്നും ഇല്ലാതെ തന്നെ ഉപയോഗപ്പെടുത്താവുന്ന ഒരു ഏരിയയാണ് സ്റ്റെയർകേസിന്റെ താഴ് ഭാഗം.
ഇവിടെ വ്യത്യസ്ത പാർട്ടീഷനുകൾ നൽകിയോ ഒരു കോമൺ സ്പേസ് മാത്രം സെറ്റ് ചെയ്തോ സ്റ്റോർ റും രൂപത്തിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്. പഴയ പത്രങ്ങൾ, കുട്ടികളുടെ പഴയ പുസ്തകങ്ങൾ, ഉപയോഗിക്കാത്ത ടോയ്സ്, എന്നിവയെല്ലാം ഇടാനുള്ള ഒരിടമായി ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആവശ്യമെങ്കിൽ ഒരു ബൾബ് കൂടി ഫിറ്റ് ചെയ്ത് നൽകിയാൽ പ്രകാശത്തിന്റെ കാര്യത്തിലും ടെൻഷൻ വേണ്ട.
സ്റ്റോർ റൂം നൽകുന്നതിന് പകരമായി
വീട്ടിനകത്ത് കുറച്ച് സ്ഥലം വെറുതെ കളയാൻ താല്പര്യമില്ലാത്തവർക്ക് വീടിന്റെ മുകൾഭാഗത്ത് ട്രസ് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ആ ഒരു ഏരിയയോട് ചേർന്ന് വി ബോർഡ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഒരു ചെറിയ റൂം സജ്ജീകരിച്ച് നൽകാവുന്നതാണ്.
ഇങ്ങിനെ ചെയ്യുന്നത് വഴി അതിനകത്ത് പൊടിയും മാറാലയും അടിഞ്ഞാലും അത് വീട്ടിനകത്തേക്ക് ബാധിക്കുകയുമില്ല.
കൃഷി ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ, തേങ്ങ, നെല്ല്, അവയ്ക്ക് ആവശ്യമായ വളം എന്നിവയെല്ലാം സൂക്ഷിച്ച് വയ്ക്കുന്നതിനും ഇത്തരം ഏരിയകൾ ഗുണം ചെയ്യും.
മാത്രമല്ല കുട്ടികൾ ഉള്ള വീടുകളിൽ രാസവസ്തുക്കൾ അടങ്ങിയ യൂറിയ പോലുള്ള സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനും കൂടുതൽ സുരക്ഷിതമായ ഇടം ഈ രീതിയിൽ നിർമ്മിക്കുന്ന സ്റ്റോർ റൂം തന്നെയാണ്.
ഇവിടെ ഉപയോഗ ശൂന്യമായ ചെയറുകളോ മറ്റോ കൊണ്ടിടുന്നതിലും പ്രശ്നമില്ല.
പലരും വീടുകളിൽ സ്റ്റോർ റും നൽകുന്നത് അടുക്കള കൂടുതൽ ഭംഗിയായി സെറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്. അതായത് അടുക്കളയിൽ പെട്ടെന്ന് ആവശ്യമായി വരുന്ന സാധനങ്ങൾ മാത്രം ചെറിയ ബോക്സുകളിൽ ആക്കി ഷെൽഫുകളിൽ സൂക്ഷിക്കുകയും ബാക്കി സാധനങ്ങൾ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയും ചെയ്യാമെന്ന ഉദ്ദേശത്തോടെയാണ് ഇവ നൽകുന്നത്.
എന്നാൽ മോഡുലാർ സ്റ്റൈലിൽ കിച്ചൺ ചെയ്യുമ്പോൾ അതോടൊപ്പം തന്നെ വലിയ ടോൾ യൂണിറ്റുകൾ അടുക്കളയിൽ സജ്ജീകരിച്ചു നൽകുകയാണെങ്കിൽ അരി,മറ്റ് ധാന്യങ്ങൾ എന്നിവയെല്ലാം ഇട്ടു വയ്ക്കുന്ന വലിയ പാത്രങ്ങൾ വയ്ക്കാനും അവ എളുപ്പത്തിൽ എടുക്കാനും സാധിക്കും. ഇവ കാഴ്ചയിൽ യാതൊരു അഭംഗിയും നൽകുന്നുമില്ല.
സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും അറിഞ്ഞിരിക്കുന്നത് തീർച്ചയായും വീട് നിർമ്മാണത്തിൽ മുതൽക്കൂട്ടാകും.