വീടിന്‍റെ മെയിൻ ഡോർ കൂടുതൽ ഭംഗിയാക്കാം.

ഏതൊരു വീടിനെ സംബന്ധിച്ചും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന മെയിൻ ഡോർ എപ്പോഴും ആളുകളുടെ ശ്രദ്ധയിൽ പതിയും.

പണ്ട് കാലങ്ങളിൽ മരത്തിൽ കൊത്തുപണികൾ ചെയ്തു കൊണ്ട് മെയിൻ ഡോറുകൾ നൽകിയിരുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അത് തീർത്തും മാറി സ്റ്റീൽ, UPVC ഡോറുകൾ അത്തരം സ്ഥാനങ്ങൾ കയ്യടക്കി കഴിഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കാഴ്ചയിൽ ഭംഗി തരാൻ തടിയിൽ തീർത്ത ഡോറുകളുടെ സ്ഥാനം ഒരുപടി മുന്നിൽ തന്നെയാണ്.

വീടിന് മെയിൻ ഡോർ നൽകുമ്പോൾ ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല ശ്രദ്ധ നൽകേണ്ടത്. മറിച്ച് സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വേണം ശ്രദ്ധ.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് മെയിൻ ഡോറുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

തടിയിലാണ് നിർമ്മിക്കുന്നത് എങ്കിൽ

അത്യാവശ്യം നല്ല രീതിയിൽ പണം ചിലവഴിക്കാൻ താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നത് തടിയിൽ തീർത്ത ഡോറുകൾ തന്നെയാണ്.

ഇവയിൽ തന്നെ തേക്ക്, മഹാഗണി പോലുള്ള മരങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ കാലം ഈടു നിൽക്കും.

മഹാഗണിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ഡോറുകൾ ക്ക് ഭംഗി നൽകുകയും അതേ സമയം കൂടുതൽ കാലം നില നിൽക്കുന്നതിനുള്ള അവസരവും ഒരുക്കുന്നു.

ഇവ ഒരു പ്രത്യക മൾട്ടിവുഡ് ഇനത്തിലാണ് ഉൾപ്പെടുന്നത്. മഹാഗണിയുടെ തടിയുടെ അതേ നിറത്തിലോ അതല്ല എങ്കിൽ വ്യത്യസ്ത വുഡൻ നിറങ്ങൾ നൽകിയോ ഡോറുകൾ ഫിനിഷ് ചെയ്തെടുക്കാവുന്നതാണ്.

പൂർണ്ണമായും ഒരു തേക്കിൽ ഡോർ ചെയ്തെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ച് ചീപ്പായ രീതിയിൽ അതെ ഫിനിഷിംഗ് നൽകി ചെയ്തെടുക്കാൻ ഉപയോഗിക്കാവുന്ന മരമായി മഹാഗണിയെ ഉപയോഗപ്പെടുത്താം.

സ്റ്റീൽ, UPVC ഡോറുകൾ ഉപയോഗപ്പെടുത്തുമ്പോൾ

സ്റ്റീൽ, യുപിവിസി പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി കൂടുതൽ ഭംഗിയായി മെയിൻ ഡോറുകൾ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ കാലം ഈടു നിൽക്കാനും, ചിതൽ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം നേടാനും ഇത്തരം ഡോറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

മാത്രമല്ല ഇവ വ്യത്യസ്ത നിറങ്ങളിൽ പെയിന്റ് ചെയ്ത് കൂടുതൽ ഭംഗിയിലും ഫിനിഷിങ്ങിലും നിർമിക്കാൻ സാധിക്കും. കാഴ്ചയിൽ ഭംഗി മാത്രമല്ല തരുന്നത് ഇവ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഒരുപടി മുന്നിൽ തന്നെയാണ്.

ലോക്കുകൾ തിരഞ്ഞെടുക്കുമ്പോൾ

വീടിന്‍റെ മെയിൻ ഡോർ ലോക്കുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നല്കേണ്ടതുണ്ട്. പലപ്പോഴും മിക്ക വീടുകളിലും മെയിൻ ഡോർ കുത്തിത്തുറന്നാണ് മോഷണം ശ്രമങ്ങളും മറ്റും നടക്കുന്നത്. അതുകൊണ്ടുതന്നെ ലോക്കുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ളതും അതേസമയം സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ രീതിയിൽ വേണം തിരഞ്ഞെടുക്കാൻ.സ്റ്റീൽ ഡോറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ മുകൾ ഭാഗത്തും താഴെ ഭാഗത്തും എവിടെ വേണമെങ്കിലും ലോക്കുകൾ നൽകാൻ സാധിക്കും.

അതേസമയം മരത്തിലാണ് ഡോറുകൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അവയുടെ സെന്റർ ഭാഗത്തു മാത്രമാണ് ലോക്ക് നൽകാനായി സാധിക്കുകയുള്ളൂ.ലോക്കുകളിൽ സാധാരണ രീതിയിലുള്ള വെർട്ടിക്കൽ ടൈപ്പ് ലോക്ക് സിസ്റ്റം അല്ലെങ്കിൽ അഡ്വാൻസ്ഡ് രീതിയിലുള്ള ഡിജിറ്റൽ ലോക്ക് സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. ഡിജിറ്റൽ ലോക്കിങ് സിസ്റ്റമാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിൽ ഫിംഗർ പ്രിന്റ്,വൈ-ഫൈ ടെക്നോളജികൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യിപ്പിക്കാൻ സാധിക്കും. കൂടാതെ നമ്പർ ലോക്കിംഗ് സിസ്റ്റം,കാർഡ് എന്നിവ ഉപയോഗപ്പെടുത്തിയും ഇവ വർക്ക് ചെയ്യിക്കാൻ സാധിക്കും. ഒരു രീതി മാത്രം ഉപയോഗപ്പെടുത്തുന്നതും ഒന്നിൽ കൂടുതൽ രീതികൾ മിക്സ് ചെയ്ത് വരുന്നതും ഡിജിറ്റൽ ലോക്കിൽ വിപണിയിൽ ലഭിക്കുന്നുണ്ട്. വീട്ടിലെ അംഗങ്ങളുടെ തമ്പ് ഇംപ്രഷൻ ഡോർ ലോക്കിൽ സ്റ്റോർ ചെയ്ത് വെച്ചാൽ ഒരു ലോക്ക് ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിലേക്ക് കയറാൻ സാധിക്കും.

ഹിഞ്ചസ് നൽകുമ്പോൾ

വീടിന്‍റെ മെയിൻ ഡോർ ഹിഞ്ചസ് നൽകുമ്പോൾ 6 ഇഞ്ച് വലിപ്പത്തിലാണ് ഉപയോഗപ്പെടുത്തുന്നത്.ഡോർ തൂങ്ങി പോകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഹിഞ്ചസ് നൽകുന്നത്. സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ കുറച്ച് കട്ടികൂടിയ രീതിയിലുള്ള ഹിഞ്ചസ് ഉപയോഗപ്പെടുത്തുന്നതാണ് മെയിൻ ഡോറിന് കൂടുതൽ നല്ലത്. മെയിൻ ഡോർ നൽകുമ്പോൾ 4 ഹിഞ്ചസ് എങ്കിലും കുറഞ്ഞത് നൽകണം. ഡബിൾ ഡോറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഡോറുകളിൽ ക്രാബ് ലോക്കിങ് സിസ്റ്റം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഓരോരുത്തർക്കും തങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് വീട്ടിലേക്ക് ആവശ്യമായ മെയിൻ ഡോറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.