ഫർണിച്ചറുകളിലെ താരം സ്റ്റീൽ.പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ ഫർണിച്ചർ നിർമ്മിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത് പ്രധാനമായും തടി ഉൽപന്നങ്ങളാണ്.

തടി ഉപയോഗിച്ച് നിർമ്മിക്കുന്ന കട്ടിളകൾ, ജനാലകൾ, അലമാരകൾ,സോഫകൾ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്.

കൂടുതൽ കാലം ഈട് നിൽക്കുകയും കാഴ്ചയിൽ ഭംഗി നൽകുകയും ചെയ്യുന്നതിൽ തടിയെ വെല്ലാൻ മറ്റൊരു മെറ്റീരിയലും ഇല്ല എന്നതാണ് പലരും കരുതിയിരുന്നത്.

എന്നാൽ ചിതൽ പോലുള്ള പ്രശ്നങ്ങൾ സ്ഥിരമായതോടെ അതിന് പകരമായി എന്ത് ഉപയോഗപ്പെടുത്താമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി.

കാഴ്ചയിൽ ഭംഗിയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായും ഉപയോഗപ്പെടുത്താവുന്ന സ്റ്റീൽ ഫർണിച്ചറുകൾ വിപണിയിൽ എത്തിയതോടെ എല്ലാവരും അവ തിരഞ്ഞെടുക്കാൻ താല്പര്യം കാണിച്ചു തുടങ്ങി.

വീട്ടിലേക്ക് സ്റ്റീൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഫർണിച്ചറുകളിലെ താരം സ്റ്റീൽ തിരഞ്ഞെടുക്കുമ്പോൾ.

വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ആവശ്യങ്ങൾക്ക് അനുസൃതമായി ഫർണിച്ചറുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഒരു മെറ്റീരിയലാണ് സ്റ്റീൽ.

മാത്രമല്ല ഇന്റീരിയർ തീമിനോട് യോജിച്ച് നിൽക്കുന്ന രീതിയിൽ വ്യത്യസ്ത നിറങ്ങളിൽ പെയിന്റടിച്ചും ഇവ ഭംഗിയാക്കാം. തടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ചിതൽ പോലുള്ള പ്രശ്നങ്ങൾ കൂടുന്നതും ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാനുള്ള ബുദ്ധിമുട്ടും പലരെയും പിന്തിരിപ്പിക്കുന്ന കാര്യമാണ്.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സ്റ്റീൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി സാധിക്കും.

മാത്രമല്ല സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിലേക്ക് ഫോൽഡബിൾ ടൈപ്പ് ഫർണിച്ചറുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കനം കുറവാണെങ്കിലും അവയ്ക്ക് ആവശ്യത്തിന് കാഠിന്യം ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

പൂർണ്ണമായും സ്റ്റീൽ മാത്രം ഉപയോഗപ്പെടുത്താതെ അവയ്ക്ക് മുകളിൽ ഗ്ലാസ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കോഫി ടേബിൾ ഡൈനിങ് ടേബിൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.

പ്രത്യേകിച്ച് ഡൈനിങ് ടേബിളിൽ സ്റ്റീൽ ഗ്ലാസ് കോമ്പിനേഷൻ ഉപയോഗിക്കുമ്പോൾ അതിന് നടുക്ക് വ്യത്യസ്ത നിറത്തിലുള്ള സ്റ്റോണുകൾ ഫിൽ ചെയ്ത് നൽകി കൂടുതൽ ഭംഗിയാക്കാം.

സ്റ്റീൽ ചെയറുകളോടൊപ്പം മുകളിൽ മാത്രം മരം നൽകിയും, മൾട്ടിവുഡ് പോലുള്ള മെറ്റീരിയൽ ഉപയോഗപ്പെടുത്തിയും വ്യത്യസ്ത രീതികളിലേക്ക് മാറ്റിയെടുക്കുകയും ചെയ്യാം.

സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ.

അടുക്കളയിലെ വാർഡ്രോബുകൾ പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ നിരവധിയാണ്.സ്റ്റീൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കും എന്നതും കൂടുതൽ കാലം ഈട് നിൽക്കുമെന്നതും എടുത്തു പറയേണ്ട പ്രത്യേകതകളാണ്. മാത്രമല്ല വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലി മെറ്റീരിയൽ ആയി ഇവയെ കണക്കാക്കുകയും ചെയ്യാം.

വാർഡ്രോബിന്റെ ഡോറുകളിൽ ത്രീഡി ഡിസൈനിങ് പോലുള്ള കാര്യങ്ങൾ ചെയ്യാനും സ്റ്റീൽ ഉപയോഗിക്കുന്നത് വഴി സാധിക്കും. കീ ഹോൾഡർ, സ്റ്റാൻഡ്, ഡോറുകൾ എന്നിവയെല്ലാം സ്റ്റീലിൽ നിർമ്മിച്ച് എടുക്കാവുന്നതാണ്.

നിലവിൽ കിച്ചൻ വാർഡ്രോബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറൈൻ വുഡ് പ്ലൈവുഡ് പോലുള്ള മെറ്റീരിയലുകളെല്ലാം പാടെ ഒഴിവാക്കി സ്റ്റീൽ ഉപയോഗിക്കുകയാണെങ്കിൽ അവയിൽ എണ്ണക്കറയും മറ്റും പിടിച്ചാലും എളുപ്പത്തിൽ ക്ലീൻ ചെയ്ത് നൽകാം.

പലരും സ്റ്റീൽ മെറ്റീരിയൽ തിരഞ്ഞെടുക്കാൻ മടി കാണിക്കുന്ന കാര്യം അവയിൽ തുരുമ്പ് പോലുള്ള പ്രശ്നങ്ങൾ വരും എന്നതാണ്.

എന്നാൽ ഫർണിച്ചറുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഗാൽവനൈസേഷൻ പ്രോസസ് വഴി നിർമ്മിക്കുന്നത് കൊണ്ട് തന്നെ അവയിൽ തുരുമ്പു പോലുള്ള പ്രശ്നങ്ങൾ വരുന്നില്ല. പ്രധാനമായും കുട്ടികൾക്ക് പഠനമുറിയിലേക്ക് ആവശ്യമായ സ്റ്റഡി ടേബിൾ, ഡൈനിങ് ഏരിയയിലേക്ക് ആവശ്യമായ ഡൈനിങ് ടേബിൾ, വർക്കിംഗ് ടേബിൾ എന്നിവയ്ക്കെല്ലാം വേണ്ടി സ്റ്റീൽ ഉപയോഗപ്പെടുത്താവുന്നതാണ്.

തടിയുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് വില കുറവാണ്. സ്റ്റീൽ തിരഞ്ഞെടുക്കാൻ പലരെയും പുറകോട്ട് വലിക്കുന്ന മറ്റൊരു ഘടകം അവയുടെ നിറത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്നതാണ്.

എന്നാൽ അതിനൂതന ടെക്നോളജികൾ ഉപയോഗപ്പെടുത്തി ലാമിനേറ്റഡ് ഷീറ്റുകളിലെ നിറങ്ങളിലെല്ലാം അവ പെയിന്റ് ചെയ്തെടുക്കാനായി സാധിക്കും.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ സ്റ്റീൽ ഫർണിച്ചറുകൾ ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്നത് കൊണ്ട് യാതൊരു പ്രശ്നങ്ങളും വരുന്നില്ല.

ഫർണിച്ചറുകളിലെ താരം സ്റ്റീൽ തിരഞ്ഞെടുക്കുന്നതിന് മുൻപായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.