പ്ലംബിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ.വീടുപണിയിൽ വളരെയധികം പ്രാധാന്യമേറിയതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ ഒരു ഏരിയയാണ് പ്ലംബിംഗ് വർക്കുകൾ.

വീട് പണിയുന്ന സമയത്ത് വലിയ പ്രാധാന്യമൊന്നും നൽകാതെ ചെയ്യുന്ന പ്ലംബിങ് വർക്കുകൾ താമസം തുടങ്ങി കുറച്ചു നാൾ കഴിയുമ്പോഴേക്കും തന്നെ തലവേദനയായി മാറുന്ന സന്ദർഭങ്ങൾ നിരവധിയാണ്.

ഉപയോഗിക്കുന്ന മെറ്റീരിയൽ, നിർമ്മാണ രീതി എന്നിവയിലെല്ലാം സംഭവിക്കുന്ന ചെറിയ പാകപ്പിഴകളാണ് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്നത്.

ബാത്റൂമുകളിൽ ഉണ്ടാകുന്ന ചെറിയ ചോർച്ചകളും, വിള്ളലുകളും വീടിനെ മുഴുവനായും കവർന്നെടുക്കുന്ന അവസ്ഥ നമ്മുടെ നാട്ടിലെ പല വീടുകളിലും സംഭവിച്ചിട്ടുണ്ട്.

ഇത്തരം പ്രശ്നങ്ങളെ നേരിടാനായി വാട്ടർപ്രൂഫിങ് രീതികളെ ല്ലാം ബാത്റൂമുകളിൽ നൽകുന്നുണ്ട് എങ്കിലും അവ ശരിയായ രീതിയിലാണോ ഉപയോഗിക്കുന്നത് എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല.

ഇത്തരത്തിൽ പ്ലംബിങ് വർക്കിൽ ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

പ്ലംബിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാനായി.

ലേബർ കോൺട്രാക്ട് രീതിയിലാണ് പ്ലംബിംഗ് വർക്ക് ഏൽപ്പിച്ച് നൽകുന്നത് എങ്കിൽ ആ മേഖലയിൽ ശരിയായ പ്രവർത്തി പരിചയം ഉള്ള ആളുകളെ കണ്ടെത്തി മാത്രം ഏൽപ്പിച്ച് നൽകുക.

വീട്ടുടമ നേരിട്ടാണ് പ്ലംബിംഗ് വർക്കിന് ആവശ്യമായ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നത് എങ്കിൽ തിരഞ്ഞെടുക്കേണ്ട ബ്രാൻഡുകൾ അവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്നിവ ഒരു എക്സ്പേർട്ടിനോട് ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വാങ്ങാനായി ശ്രദ്ധിക്കുക.

പറ്റുമെങ്കിൽ നിങ്ങൾ പ്ലംബിംഗ് വർക്ക് ഏൽപ്പിച്ച പ്ലംബറെ കൂടി കൂടെ കൂട്ടുന്നത് നല്ലതായിരിക്കും. ദൂരസ്ഥലങ്ങളിൽ പോയി പ്ലംബിംഗ് മെറ്റീരിയലുകൾ വാങ്ങി നാട്ടിലെത്തിക്കുന്നത് ചിലവ് വർദ്ധിപ്പിക്കും എന്നതല്ലാതെ പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

ബാത്റൂമിലേക്ക് ആവശ്യമായ ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ കാലത്തേക്ക് നില നിൽക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

മാക്സിമം അഞ്ചുവർഷം ഉപയോഗിച്ച് കഴിഞ്ഞാൽ ക്ലോസറ്റ് പൂർണമായും മാറ്റിവയ്ക്കേണ്ട അവസ്ഥ വരാറുണ്ട്. അതേസമയം ഷവർ, പൈപ്പുകൾ, ഹീറ്റർ എന്നിവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകാം.

പ്ലംബിംഗ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ ഉള്ള ഭംഗി നോക്കി വാങ്ങുന്നത് വലിയ മണ്ടത്തരമാണ്. വ്യത്യസ്ത രീതിയിലുള്ള ക്ലോസറ്റുകൾ അതായത് വാളിൽ മൗണ്ട് ചെയ്തു നൽകുന്നതും, അല്ലാത്തതുമായി പലരീതികളിൽ ഉള്ളവ വിപണിയിൽ ലഭ്യമാണ്.

അവ ഓരോന്നും തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അതിനെപ്പറ്റി അറിവുള്ള ആളുകളോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

വീടുപണി മുഴുവനായും കോൺട്രാക്ട് ആയാണ് നൽകുന്നത് എങ്കിൽ പ്ലംബിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ ഏതെല്ലാമാണ് എന്ന കാര്യം മുൻകൂട്ടി ചോദിച്ചു മനസിലാക്കുകയും ആ ബ്രാന്റുകളിൽ നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ നിങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞു അവ മാറ്റുകയും ആവാം.

പരമാവധി പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ വീട്ടുടമ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതാണ് നല്ലത്. അതല്ല എങ്കിൽ കാണാത്ത ഭാഗങ്ങളിൽ ഉപയോഗിക്കുന്ന പൈപ്പുകൾ ക്വാളിറ്റി കുറഞ്ഞത് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ

ബാത്റൂം പോലുള്ള ഏരിയകളിൽ ഭിത്തിയിൽ ഉപയോഗിക്കുന്ന പൈപ്പ് യു പി വി സി അല്ലെങ്കിൽ ഗേജ് കൂടിയ പൈപ്പ് തന്നെയാണോ എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല.

പിന്നീട് ടൈൽ വർക്ക് ചെയ്യുമ്പോൾ അവ കട്ടായി ലീക്കേജ് പ്രശ്നങ്ങൾ വരുമ്പോഴാണ് പലരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഇത് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങൾ വരുത്തി വെക്കുന്നു. ബാത്ത്റൂമിന് ആവശ്യത്തിന് വലിപ്പമില്ല എങ്കിൽ വാഷ്ബേസിൻ ബാത്ത്ടബ് പോലുള്ളവ നൽകുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.

ചൂടുവെള്ളം ആവശ്യമായ വീടുകളിൽ രണ്ടിൽ കൂടുതൽ ബാത്റൂമുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നതാണ് വൈദ്യുതി ലാഭിക്കാനുള്ള മാർഗം.

വെള്ളം സംഭരിച്ചു വയ്ക്കുന്നതിന് ആവശ്യമായ വാട്ടർ ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായ അളവിൽ തിരഞ്ഞെടുത്തില്ല എങ്കിൽ കൂടുതൽ തവണ മോട്ടർ ഇടേണ്ടി വരികയും ഇത് കറണ്ട് ബില്ല് വർധിക്കുന്നതിന് കാരണമാവുകയും ചെയ്യും.

ടാങ്കിൽ നിന്നും നൽകുന്ന ഔട്ടർ പൈപ്പ് ഒന്നര ഇഞ്ച് വലിപ്പമെങ്കിലും നൽകിയിട്ടില്ല എങ്കിൽ ആവശ്യത്തിന് വെള്ളം എല്ലാ ഭാഗത്തേക്കും ലഭിക്കണമെന്നില്ല.

കിണറിലേക്ക് ആവശ്യമായ മോട്ടോർ തിരഞ്ഞെടുക്കുമ്പോഴും ടാങ്ക് എത്ര ഉയരത്തിലാണ് ഫിറ്റ് ചെയ്യുന്നത്,കിണറിന്റെ ആഴം എത്രയാണ് എന്നിവയെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

വീട്ടിലെ ഡ്രൈനേജ് വാട്ടർ മിക്സ് ആയി പോകുന്നത് ഒഴിവാക്കാൻ പ്രത്യേക വേസ്റ്റ് കുഴികൾ കുഴിക്കുകയും പരമാവധി രണ്ടിഞ്ച് വലിപ്പത്തിൽ എങ്കിലും ഉള്ള പൈപ്പുകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക.

ഒരു കാരണവശാലും പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ പൈപ്പുകൾ ഡ്രൈനേജ് പൈപ്പുകളുമായി മിക്സ് ആവാതിരിക്കാൻ ശ്രദ്ധിക്കണം.

ബാത്റൂമിലേക്ക് ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ വളരെ വില കുറഞ്ഞതും ക്വാളിറ്റി ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക.

ഡ്രൈ ഏരിയ,വെറ്റ് ഏരിയ എന്നിവ തമ്മിൽ വേർതിരിച്ചു നൽകാൻ പ്ലാൻ ഉണ്ടെങ്കിൽ അത് മുൻകൂട്ടി പ്ലമ്പറോട് പറയാവുന്നതാണ്. ബാത്റൂം പണികൾ ആരംഭിക്കുന്നതിന് മുൻപായി തന്നെ വാട്ടർപ്രൂഫിങ് വർക്കുകൾ പൂർത്തീകരിക്കുക.

പ്ലംബിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ ഇല്ലെങ്കിൽ പണി പാളാനുള്ള സാധ്യത കൂടുതലാണ്.