പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം.

പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം.കേൾക്കുമ്പോൾ കുറച്ച് അത്ഭുതം തോന്നുന്ന കാര്യമാണെങ്കിലും ട്രഡീഷണൽ രീതിയിലുള്ള വീടുകളോട് ആളുകൾക്ക് ഇഷ്ടം കൂടി തുടങ്ങിയിരിക്കുന്നോ എന്ന സംശയം തള്ളിക്കളയേണ്ട.

പഴയകാല ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന വീടുകൾ പലരുടെയും മനസിൽ വീട് നിർമ്മിക്കുമ്പോൾ ഓടിയെത്തുന്നുണ്ട്.

അതുകൊണ്ടു തന്നെ തങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന് പഴമയുടെ ഭംഗി കൊണ്ടു വരാൻ ആഗ്രഹിക്കുന്നവരും കുറവല്ല.

പഴയ വീടുകളെ പുതിയ രീതിയിലേക്ക് മാറ്റാൻ ഇഷ്ടപ്പെടുന്നവർക്ക് ഇടയിൽ ഇങ്ങിനെയും ചിലരുണ്ട് എന്ന കാര്യം അത്ര ചെറുതല്ല.

പഴയ വീടുകളുടെ പൂമുഖം വളരെ വിശാലമായിരുന്നുവെങ്കിൽ ഇന്ന് അവ മാറി വലിപ്പം കുറച്ച് സിറ്റൗട്ട് രീതിയിലേക്ക് മാറിയിരിക്കുന്നു.

ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത നിരവധി മാറ്റങ്ങൾ പഴയ വീടുകളിൽ നിന്നും പുതിയ വീടുകളിലേക്ക് എത്തി തുടങ്ങിയപ്പോഴാണ് പഴമയിലേക്കുള്ള സഞ്ചാരത്തെ പറ്റി പലരും ചിന്തിക്കുന്നത്.

ഒരു പുതിയ വീടിനെ പഴമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം അത്ര ചെറുതല്ല.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളിൽ തന്നെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

പണ്ടു കാലത്തെ വീടുകളിൽ ഭിത്തികൾ നിർമ്മിക്കാനായി ചെങ്കല്ല്, ഇഷ്ടിക എന്നിവയാണ് കൂടുതലായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് അവയുടെ സ്ഥാനം AAC ബ്ലോക്കുകൾ പോലുള്ള ഹോളോബ്രിക് കട്ടകൾ ഏറ്റെടുത്തു കഴിഞ്ഞു.

മാത്രമല്ല അവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു സഞ്ചരിക്കുന്നവർ റെഡിമെയ്ഡ് ബോർഡ്‌, പ്രീ ഫാബ് ഹൗസുകൾ, V ബോർഡ്‌ പോലുള്ള മെറ്റീരിയലുകളും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.

ഇത്തരത്തിൽ നിർമ്മിക്കുന്ന വീടുകൾ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും അവയ്ക്ക് പഴയ വീടുകളുടെ അത്രയും ഈടും ഉറപ്പും ലഭിക്കുന്നുണ്ടോ എന്ന കാര്യം പലരും ചിന്തിക്കാറില്ല.

എന്തായാലും തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്ന മെറ്റീരിയലുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും കാഴ്ചയിൽ പഴയ വീടുകളോട് സാദൃശ്യം പുലർത്തുന്ന രീതിയിൽ നിർമ്മാണം നടത്തുക എന്നതാണ് ഇവിടെ പ്രാവർത്തികമാക്കുന്ന മാർഗം.

മാറ്റങ്ങൾ പരീക്ഷിക്കാവുന്ന ഇടങ്ങൾ

വീട്ടിലോട്ട് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന വലിപ്പം കുറഞ്ഞ സിറ്റൗട്ടിനു പകരമായി ഓപ്പൺ രീതിയിൽ ഒരു വലിയ വരാന്ത നൽകി പഴയ പൂമുഖങ്ങളെ പുന സൃഷ്ടിക്കാം. അവയ്ക്കിടയിൽ തടി ഉപയോഗിച്ച് നിർമ്മിച്ച തൂണുകൾ കൂടി നൽകി കൂടുതൽ ഭംഗിയാക്കാം.

പൂമുഖത്ത് ഒരു ചാരു കസേരയും, അലങ്കാര വിളക്ക് രീതിയിൽ ഉപയോഗപ്പെടുത്താവുന്ന റാന്തൽ വിളക്കും നൽകിക്കഴിഞ്ഞാൽ പഴയ വീടിന്റെ ലുക്ക് തന്നെ വീടിന് കൈവരിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഫ്ളോറിങ്ങിൽ പരമ്പരാഗത രീതി തന്നെ നിലനിർത്താൻ താല്പര്യപ്പെടുന്നവർക്ക് ടൈലും, മാർബിളും മാറ്റി നിർത്തി പഴയകാലത്ത് ഉപയോഗപ്പെടുത്തിയിരുന്ന കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറിങ് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

അകത്തളത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിൽ ചിത്ര കൂട് രീതിയിൽ രണ്ടു ഭാഗത്തേക്കും തുറന്നിടുന്ന പാളികൾ നൽകി സജ്ജീകരിക്കാവുന്നതാണ്.

ജനാലകൾക്ക് വേണ്ടി ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത നിറങ്ങളിൽ ഉള്ളവ തിരഞ്ഞെടുത്താൽ അവ പഴയകാല വീടുകളെ വിസ്മരിപ്പിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കും.

സീലിങ്ങിലും നൽകാം പഴമ

അതിഥികളെ സൽക്കരിക്കാനായി ഒരുക്കുന്ന ഇടങ്ങളിൽ ഇപ്പോൾ ഉപയോഗപ്പെടുത്തുന്ന ഫാൾസ് സീലിംഗ് വർക്കുകൾക്ക് പകരമായി വുഡൻ ഫിനിഷിങ് ഉപയോഗപ്പെടുത്തി തട്ട് രീതി നൽകാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിനകത്തേക്ക് കൂടുതൽ തണുപ്പും ലഭിക്കും.ഉപയോഗിക്കുന്ന ലൈറ്റുകൾക്കെല്ലാം ഒരു ആന്റിക് ലുക്ക് നൽകാനായി ശ്രദ്ധിക്കാം.

ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയ്ക്കിടയിൽ ഒരു ചെറിയ നടുമുറ്റം സജ്ജീകരിച്ച് നൽകാം.

ബെഡ്റൂമുകളിൽ വുഡൻ ഫിനിഷിങ്ങിൽ ഉള്ള മെറ്റീരിയൽ ഉപയോഗപ്പെടുത്തി അലമാരകൾ, റൂഫ് വർക്ക് എന്നിവ ചെയ്തെടുക്കാവുന്നതാണ്. വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകളെല്ലാം തടിയിൽ തീർത്തവയോ, ആന്റിക്ക് ലുക്ക് നിലനിർത്തുന്നവയോ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ടു തന്നെ പഴമ നിലനിർത്തിക്കൊണ്ട് അടുക്കളയും ഡിസൈൻ ചെയ്യാനായി ശ്രദ്ധിക്കുക. വീടിനായി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് നിറങ്ങളെല്ലാം ഒഴിവാക്കി പഴമ കൊണ്ടു വരുന്ന രീതിയിൽ വൈറ്റ് അല്ലെങ്കിൽ ബീജ് പോലുള്ള നിറങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്.

പുതുമയിൽ നിന്നും പഴമയിലേക്കുള്ള സഞ്ചാരം അത്ര എളുപ്പമുള്ള കാര്യമല്ല എങ്കിലും അത്തരം വീടുകൾ സമാനിക്കുന്നത് നൊസ്റ്റാൾജിയ തുടിക്കുന്ന സുന്ദര നിമിഷങ്ങളാണ്.