വീടിന് സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി മനസ്സിലാക്കാം അവയുടെ ഗുണങ്ങളും ദോഷങ്ങളും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ ഡോറുകളും,ജനാലകളും നൽകുന്നതിന് വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്. പലപ്പോഴും തടിയിൽ തീർത്ത വാതിലുകളും ജനാലകളും കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ , ചിതൽ പ്രശ്നങ്ങൾ എന്നിവ കൊണ്ട് മൈയിൻടൈൻ ചെയ്ത് കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടാണ്. അതേസമയം സ്റ്റീൽ ഡോറുകൾ, ജനാലകൾ എന്നിവ നൽകുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല ഇത്തരം ചിതൽ പ്രശ്നങ്ങളിൽ നിന്നും മറ്റും മോചനം നേടാനും സാധിക്കും. ഏതൊരു മെറ്റീരിയലിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ വീടു നിർമാണത്തിനായി സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയുടെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ട് സ്റ്റീൽ ഡോറുകൾ?

ഭംഗിയും പ്രൗഢിയും ഒരേ രീതിയിൽ വിളിച്ചോതാൻ തടിയിൽ തീർത്ത ഡോറുകൾ ക്ക് സാധിക്കുമെങ്കിലും പോരായ്മകൾ നിരവധിയാണ് ഉള്ളത്. കൊത്തുപണികളും, വ്യത്യസ്ത ഡിസൈനുകളും നൽകി നിർമ്മിക്കുന്ന മരത്തിൽ തീർത്ത ഡോറുകൾ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ച് തുടങ്ങും. ഇവിടെയാണ് സ്റ്റീൽ ഡോറുകൾക്കുള്ള പ്രാധാന്യം വർധിച്ചു വരുന്നത്.സ്റ്റീൽ ഡോറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് തൂങ്ങുകയോ അടക്കാൻ പറ്റാത്ത അവസ്ഥയോ ഉണ്ടാക്കുന്നില്ല. കൂടുതൽ സേഫ്റ്റി നൽകുന്നതിലും വുഡൻ ഡോറുകളെക്കാൾ കാൾ ഒരുപടി മുന്നിൽ തന്നെയാണ് സ്റ്റീൽ ഡോറുകൾക്കുള്ള സ്ഥാനം എന്നത് എടുത്തു പറയട്ടെ. ടാറ്റ പോലുള്ള മികച്ച കമ്പനികളുടെ സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് മിക്ക കമ്പനികളും ഡോറുകൾ നിർമ്മിച്ച് നൽകുന്നത്. അതോടൊപ്പം വളരെയധികം സ്ട്രോങ്ങ് ആയ ഒരു ലോക്കിങ് സിസ്റ്റം കൂടി നൽകുന്നു.

ഒരു ഡോറിൽ തന്നെ ആറു മുതൽ 12 വരെ ലോക്കിംഗ് സിസ്റ്റം നൽകാവുന്ന രീതിയിലും സ്റ്റീൽ ഡോറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. സാധാരണയായി സ്റ്റീൽ ഡോർ ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന തുരുമ്പ് ഒഴിവാക്കുന്നതിനുവേണ്ടി അവയ്ക്കു മുകളിൽ സിങ്ക് കോട്ടിംഗ് ലെയറായി ഉപയോഗപ്പെടുത്താം. സിങ്ക് കോട്ടിങ് ചെയ്തു വരുന്ന സ്റ്റീൽ ഗാൽവനൈസ്ഡ് ആയേൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതോടൊപ്പം തന്നെ എപ്പോക്സി പ്രൈമർ കൂടി അപ്ലൈ ചെയ്ത് നൽകിയാൽ തുരുമ്പ് പ്രശ്നങ്ങൾ പിന്നീട് ഉണ്ടാവുകയില്ല. ഡോറുകൾ തിരഞ്ഞെടുക്കുമ്പോൾ അവ നിർമ്മിച്ചിട്ടുള്ളത് നല്ല ക്വാളിറ്റി യിലുള്ള GI ഷീറ്റുകൾ ഉപയോഗിച്ചാണ് എന്ന കാര്യം ഉറപ്പു വരുത്തണം. വാതിലുകൾക്ക് ആവശ്യമായ വിജാഗിരി സ്ക്രൂ എന്നിവ തിരഞ്ഞെടുക്കുമ്പോൾ SS 304 ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലുകൾ തന്നെ തിരഞ്ഞെടുക്കണം. സ്റ്റീൽ ഡോറുകളുടെ വില പരിശോധിക്കുകയാണെങ്കിൽ ഫ്രെയിമിനെ മാത്രം 3500 രൂപ നിരക്കിലും, വ്യത്യസ്ത ഡിസൈനുകളിലുള്ള ഡോറുകൾക്ക് ഏകദേശം 23,000 രൂപ നിരക്കിലുമാണ് വില വരുന്നത്.

ഗുണങ്ങൾ

  • വളരെയധികം സുരക്ഷിതത്വം നൽകാൻ കെൽപ്പുള്ള വയാണ് സ്റ്റീൽ ഡോറുകൾ.
  • മരത്തെ അപേക്ഷിച്ച് ചിതൽ പ്രശ്നങ്ങൾ വരുന്നില്ല.
  • കാലാവസ്ഥ മാറ്റങ്ങൾ, ബെൻഡ് പോലുള്ള പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നില്ല.
  • വ്യത്യസ്ത ഡിസൈനിലും വിലയിലും സ്റ്റീൽ ഡോറുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

ദോഷങ്ങൾ

  • കൂടുതലായി ഈർപ്പം, മഴ എന്നിവ തട്ടുന്ന ഭാഗങ്ങളിൽ സ്റ്റീൽ ഡോറുകൾ നൽകുമ്പോൾ തുരുമ്പിക്കാൻ ഉള്ള സാധ്യത ഉണ്ടാകാറുണ്ട്.
  • ഡോറുകളുടെ ലോക്കുകൾ പെട്ടെന്ന് ജാം ആകുന്ന അവസ്ഥ കാണാറുണ്ട്.
  • ഒന്നിൽ കൂടുതൽ ലോക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എങ്കിൽ ഒരെണ്ണം കേടായാൽ ലോക്ക് മുഴുവനായും മാറ്റേണ്ടതായി വരും.
  • കൂടുതലായി വെയിൽ തട്ടുന്ന ഭാഗങ്ങളിൽ ഫെയ്ഡ് ആകാതെ സൂക്ഷിക്കാൻ UV പ്രൊട്ടക്ഷൻ പെയിന്റുകൾ ഉപയോഗപ്പെടുത്തേണ്ടി വരും.
  • കൂടുതൽ ഉപ്പു കാറ്റടിക്കുന്ന പ്രദേശങ്ങളിൽ സ്റ്റീൽ ഡോറുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
  • മറ്റ് ഡോറുകളിൽ ഉണ്ടാകുന്നത് പോലെ തന്നെ അതിശക്തമായ ഇടിമിന്നലിൽ ഷോക്ക് ഏൽക്കാനുള്ള സാധ്യത ഇവക്കുമുണ്ട്.

ചിലവ് കുറച്ച് വീട് നിർമാണം നടത്താൻ താല്പര്യപ്പെടുന്നുവർക്ക് നല്ല ക്വാളിറ്റിയിൽ ഉള്ള സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുത്ത് വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്.