പഴമയിലേക്കുള്ള ഒരു പുതിയ യാത്ര -മഡ് കോൺക്രീറ്റിനെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മാണത്തിൽ വ്യത്യസ്ത രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിൽ പഴമ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും.

എന്നാൽ പഴമ നില നിർത്തുന്നതിനു വേണ്ടി മണ്ണ് ഉപയോഗിച്ച് വീട് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും എന്നത് പലർക്കും അറിയാത്ത കാര്യമാണ്.

ഈടും ഉറപ്പും ലഭിക്കുന്നതിനു വേണ്ടി കോൺക്രീറ്റ് കെട്ടിടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, പഴമയുടെ കഥകൾ പറയുന്ന മഡ് കോൺക്രീറ്റു കൾ അത്ര പുറകിലല്ല എന്ന കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പൂർണമായും നാച്ചുറൽ മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന മഡ് വീടുകൾക്ക് ഭംഗിയും, അതേസമയം കൂടുതൽ കാലം നിലനിൽക്കാനുള്ള ശേഷിയും ഒരേ രീതിയിൽ ആണ് ഉള്ളത്.

മഡ് കോൺക്രീറ്റിംഗ് സിമന്റ് കോൺക്രീറ്റിൽ നിന്ന് എങ്ങിനെയാണ് വ്യത്യസ്തമാകുന്നത് എന്നും അവയുടെ ഗുണദോഷങ്ങളും കൃത്യമായി മനസിലാക്കാം.

എന്താണ് സിമന്റ് കോൺക്രീറ്റിംഗ്?

സിമെന്റ്, ജെല്ലി, മണൽ, വെള്ളം എന്നിവ കൃത്യമായ അളവിൽ ഉപയോഗപ്പെടുത്തി കോൺക്രീറ്റ് മിക്സ് തയ്യാറാക്കി വീട് നിർമിക്കുന്ന രീതിയാണ് സിമന്റ് കോൺക്രീറ്റിൽ ചെയ്യുന്നത്.

കോൺക്രീറ്റ് മിക്സ് ചെയ്യാൻ തന്നെ വ്യത്യസ്ത രീതികൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതിൽ ആദ്യത്തെ രീതി മുൻകാലങ്ങളിൽ തുടർന്നു വന്നിരുന്ന ലേബറെ ഉപയോഗപ്പെടുത്തിയുള്ള മിക്സിങ്ങും, രണ്ടാമത്തെ രീതി പ്രത്യേക രീതിയിൽ പ്രോഗ്രാം ചെയ്ത് ലാബുകളിൽ നിർമ്മിച്ചെടുക്കുന്ന റെഡിമിക്സ് കോൺക്രീറ്റും.

സിമന്റ് കോൺക്രീറ്റിങ്ങിൽ ബൈൻഡിങ് മെറ്റീരിയൽ ആയി ഉപയോഗിക്കുന്നത് സിമന്റ് തന്നെയാണ്, അതായത് മറ്റ് മെറ്റീരിയലുകൾ കൃത്യമായി ബലത്തിൽ നിലനിർത്തുന്നതിനുള്ള പങ്ക് വഹിക്കുന്നത് സിമന്റ് ആണ്.

ജെല്ലി ഉപയോഗപ്പെടുത്തുന്നത് കോൺക്രീറ്റിന് ബലം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. ജെല്ലിയും സിമന്റും തമ്മിൽ കൃത്യമായ ഒരു ബലം നിലനിർത്തുന്നതിനും ജെല്ലിക്കിടയിൽ ഉണ്ടാകുന്ന ഹോളുകൾ അടയ്ക്കുന്നതിനും വേണ്ടി മണലാണ് ഉപയോഗപ്പെടുത്തുന്നത്.

മൂന്ന് ഇൻഗ്രീഡിയന്റ്സ് കളെയും നല്ല രീതിയിൽ കൂട്ടി യോജിപ്പിക്കുന്ന തിനു വേണ്ടി ആവശ്യത്തിന് വെള്ളം ചേർത്ത് കോൺക്രീറ്റിംഗ് പ്രക്രിയ നടത്തുന്നു.

എന്താണ് മഡ് കോൺക്രീറ്റ് ?

പൂർണ്ണമായും പ്രകൃതിയിൽ നിന്ന് എടുക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ട് നിർമ്മിച്ചെടുക്കുന്നവയാണ് നാച്ചുറൽ പ്രൊഡക്ട്സ് എന്ന പേരിൽ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവയിൽ മറ്റ് മെറ്റീരിയലുകൾ ഒന്നും ആഡ് ചെയ്യുന്നില്ല. മണ്ണിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് വ്യത്യസ്ത ഷേപ്പുകൾ ആക്കി അവ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രീതിയാണ് മഡ് കോൺക്രീറ്റിൽ ഉപയോഗപ്പെടുത്തുന്നത്. മണ്ണിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കുമ്പോൾ കെട്ടിടത്തിന് ആവശ്യത്തിന് ബലം ലഭിക്കുന്നു, തുടർന്ന് ഈർപ്പം മുഴുവൻ വലിച്ചെടുക്കുന്നതോടെ മണ്ണിന് കൂടുതൽ ബലം ലഭിക്കുന്നു.

ചെമ്മണ്ണിന് കൂടുതൽ ബലം ലഭിക്കുന്നതിനു വേണ്ടി ഉണങ്ങിയ വൈക്കോൽ, പുല്ലുകൾ എന്നിവ മണ്ണിനോടൊപ്പം ചേർത്ത് നൽകാറുണ്ട്. കമ്പിക്ക് പകരം ഭിത്തികൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുന്നതിനു വേണ്ടി മുളകൾ, തടിക്കഷണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. ചുമരിന് കൂടുതൽ കാലം ഈട് ലഭിക്കുന്നതിനു വേണ്ടി ചുണ്ണാമ്പ് മിക്സ് അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.

സിമന്റ് കോൺക്രീറ്റ് VS മഡ് കോൺക്രീറ്റ്

സിമന്റ് കോൺക്രീറ്റിൽ ബൈൻഡിങ്‌ പാർട്ടികളായി സിമന്റ് പ്രവർത്തിക്കുമ്പോൾ മഡ് കോൺക്രീറ്റിൽ കളിമണ്ണ് ബൈൻഡിങ് മെറ്റീരിയൽ രൂപത്തിൽ പ്രവർത്തിക്കുന്നു. അതേസമയം കോൺക്രീറ്റിങ്ങിന് ഉപയോഗിക്കുന്ന മണലിന് പകരമായി മണ്ണിൽ ഉള്ള പാർട്ടികളാണ് സ്ലിറ്റ്. കൂടുതൽ ഉറപ്പു ലഭിക്കുന്നതിനായി സിമന്റ് കോൺക്രീറ്റിൽ ജെല്ലി ഉപയോഗപ്പെടുത്തുമ്പോൾ മഡ് കോൺക്രീറ്റിൽ ഗ്രേവൽ ആണ് നൽകുന്നത്.

മഡ് കോൺക്രീറ്റ് ഉപയോഗപ്പെടുത്തി നിർമ്മിച്ചെടുക്കുന്ന കെട്ടിടത്തിന് സിമന്റ് കോൺക്രീറ്റിൽ നിർമ്മിച്ചെടുത്ത കെട്ടിടവുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 25 ശതമാനം വരെ മാത്രമാണ് സ്‌ട്രെങ്ത്തിന്റെ കാര്യത്തിൽ വ്യത്യാസം വരുന്നുള്ളൂ.

ഏകദേശം 9 ഇഞ്ച് തിക്നെസിൽ നിർമ്മിക്കുന്ന സിമന്റ് ചുമരുകൾക്ക് ഒരു ടൺ എന്ന കണക്കിൽ വെയിറ്റ് താങ്ങാൻ സാധിക്കുമെങ്കിൽ രണ്ടടി തിക്നെസ്സ് ആണ് ഇതേ അളവിൽ മണ്ണിൽ തീർത്ത കോൺക്രീട്ടുകൾക്ക് ഉള്ളത്.

മഡ് കോൺക്രീറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

  • വീടിന് ഒരു പഴമ നിലനിർത്താൻ സാധിക്കും.
  • വീടിനകത്ത് തണുപ്പുള്ള അന്തരീക്ഷം എല്ലാ സമയത്തും ലഭിക്കും
  • മോഡേൺ രീതിയിലുള്ള വീടുകളും മഡ് കോൺക്രീറ്റിൽ നിർമ്മിച്ചെടുക്കാം.
  • പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അനുയോജ്യമാണ്.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗപ്പെടുത്തി ചിലവ് കുറച്ച് ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയാണ് മഡ് കോൺക്രീറ്റിൽ തീർത്ത വീടുകൾ. ഇത്തരം വീടുകൾ ആരോഗ്യത്തിനും മനസ്സിനും കൂടുതൽ ഊഷ്മളത പകരുകയും ചെയ്യും.