കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം.വീട്ടിലേക്ക് ആവശ്യമായ കിടക്ക തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

ഷോപ്പിൽ പോയി കാഴ്ചയിൽ ഭംഗി നൽകുന്ന ഏതെങ്കിലും കിടക്ക വാങ്ങിക്കൊണ്ടു വന്നാൽ പലപ്പോഴും അത് നമ്മളെ കിടപ്പിലാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

ഒരു ദിവസത്തെ ജോലികളെല്ലാം അവസാനിപ്പിച്ച് മനസ്സമാധാനത്തോടെ കിടന്നുറങ്ങാനായി ബെഡ്റൂമിലേക്ക് വരുമ്പോൾ ഉറക്കം കെടുത്തുന്ന കിടക്കകൾ അത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

തുടർച്ചയായി വരുന്ന കഴുത്തുവേദന, നടുവേദന പോലുള്ള അസുഖങ്ങളുടെ എല്ലാം മൂല കാരണം തന്നെ പലപ്പോഴും വീട്ടിലെ കിടക്കകൾ ആയിരിക്കും. ബെഡ്റൂമിലേക്ക് കിടക്ക തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പലപ്പോഴും ബെഡ് നിർമ്മിക്കാനായി എന്ത് മെറ്റീരിയൽ ആണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് നമുക്ക് കണ്ടെത്താൻ സാധിക്കാറില്ല. കുറച്ച് കാലത്തെ ഉപയോഗം കൊണ്ട് നടുവേദന പോലുള്ള അസുഖങ്ങൾ വരുമ്പോഴാണ് പലരും കിടക്ക കുഴിഞ്ഞു പോയതായും, അതിനകത്ത് ഒന്നുമില്ലാത്ത അവസ്ഥയും ശ്രദ്ധിക്കുന്നത്.

പലരും വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി കിടക്ക നിർമ്മിച്ച് നൽകാനും ആവശ്യപ്പെടാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് കണ്ട് ബോധ്യപ്പെട്ട് കിടക്കകൾ തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ് ഒരു വലിയ ആശ്വാസം.

എന്നാൽ ഇവയൊന്നും നോക്കാതെ ആഡംബരത്തിന് മാത്രം പ്രാധാന്യം നൽകി കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ അവ പിന്നീട് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴി വെക്കാനുള്ള സാധ്യത കൂടുതലാണ്.

കിംഗ്, ക്വിൻ, സിംഗിൾ, ഡബിൾ,ഫാമിലി എന്നിങ്ങനെ കിടക്കകൾ പലതുണ്ടെങ്കിലും പലർക്കും ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായി അറിയണമെന്നില്ല.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഏകദേശം ആറ് മുതൽ ആറര അടി വരെ വലിപ്പം ലഭിക്കുന്ന കിംഗ് സൈസ് ബെഡുകൾ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ കൂടുതൽ പേരും താല്പര്യപ്പെടുന്നത്.

കിംഗ് സൈസ് ബെഡുകളിൽ നിന്നും കുറച്ച് വലിപ്പം കുറച്ചായിരിക്കും ക്വീൻ സൈസ് ബെഡുകൾ നിർമ്മിക്കുന്നത്.

അതേസമയം ഒരാൾക്ക് സുഖമായി കിടക്കാൻ സാധിക്കുന്ന രീതിയിൽ മൂന്നടി നീളം നൽകിയാണ് സിംഗിൾ സൈസ് കിടക്കകൾ നിർമ്മിക്കുന്നത്.

അതിനേക്കാൾ ഒരടി കൂടി കൂട്ടി നാലടി വലിപ്പത്തിൽ ഡബിൾ സൈസ് കിടക്കുകളും വിപണിയിൽ ലഭ്യമാണ്.ഇവയുടെ വലിപ്പത്തിലുള്ള വ്യത്യാസം അനുസരിച്ചാണ് വിലയിലും വ്യത്യാസങ്ങൾ വരുന്നത്.

കിടക്ക നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ.

കിടക്ക നിർമ്മാണത്തിന്റെ തുടക്കകാലത്ത് തൂവലുകൾ, ഇല എന്നിവയാണ് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ പിന്നീട് അവ പഞ്ഞിയിലേക്ക് മാറുകയും അതിൽ നിന്നും കുറച്ചുകൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ റബ്ബറൈസ്ഡ് ഫോം ഉപയോഗിച്ചുള്ള നിർമ്മാണത്തിലേക്ക് എത്തുകയും ചെയ്തു.

അതോടൊപ്പം തന്നെ റബ്ബറൈസ്ഡ് ചെയ്തെടുത്ത കയർ ഫോമുകളും വിപണിയിൽ ഇടം പിടിച്ചു.

എന്നാൽ ഇത്തരം മെറ്റീരിയലുകൾ കിടക്ക നിർമ്മാണത്തിൽ ഉപയോഗിക്കുമ്പോൾ മെറ്റീരിയലിന്റെ കോസ്റ്റ് കൂടുന്നതനുസരിച്ച് കിടക്കയുടെ വിലയും വർദ്ധിക്കും എന്ന കാര്യം ആദ്യമേ മനസ്സിലാക്കുക.

സാധാരണയായി മൂന്നോ നാലോ മാസത്തിൽ റബ്ബറൈസ്ഡ് കിടക്കുകളുടെ വിലയിൽ വലിയ വ്യത്യാസങ്ങൾ വരാറുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. പോളി യൂറിതൈൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ബെഡുകൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

പുതിയ സ്റ്റൈലിൽ ഉള്ള കിടക്കകൾ വാങ്ങുന്നതിന് മുൻപായി.

ഇപ്പോൾ വിപണിയിൽ ഏറ്റവും മുന്നിൽ സ്ഥാനം പിടിച്ചിട്ടുള്ളത് സ്പ്രിംഗ് ടൈപ്പ് കിടക്കകൾ തന്നെയാണ്.

പേരുപോലെ തന്നെ ഒരു സ്പ്രിങ് എഫക്ട് ഉണ്ടാക്കാനായി ഇത്തരം കിടക്കകൾക്ക് സാധിക്കും. ഇത്തരം കിടക്കകൾ നിർമ്മിക്കാനായി ഒരു ചതുരശ്ര അടിക്ക് 9 സ്പ്രിങ്ങുകൾ എന്ന അളവിലാണ് ഉപയോഗപ്പെടുത്തുന്നത്.

അവയ്ക്ക് മുകളിലായി നൈലോൺ, പഞ്ഞി അല്ലെങ്കിൽ ഫോം എന്നിവ ഉപയോഗപ്പെടുത്തി ലയറുകൾ നൽകുകയാണ് ചെയ്യുന്നത്.

വ്യത്യസ്ത അളവുകളിൽ ലഭിക്കുന്ന സ്പ്രിങ് മാട്രെസുകൾ 5 മുതൽ 8 വരെ കനത്തിൽ ആവശ്യാനുസരണം വാങ്ങാനായി സാധിക്കും.

കാഴ്ചയിൽ ഭംഗിയും കിടക്കാൻ സുഖവും നൽകുന്ന സ്പ്രിംഗ് മാട്രസ്സുകൾക്ക് മറ്റു കിടക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലായിരിക്കും എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ.

എന്നാൽ ഇത്തരം കിടക്കകൾ കുറച്ച് കാലത്തെ ഉപയോഗത്തിനു ശേഷം സ്പ്രിംഗ് എഫക്ട് നഷ്ടപ്പെട്ട് കുഴിഞ്ഞു പോകാനും അത് നടുവേദന പോലുള്ള അസുഖങ്ങൾ വരുത്താനും കാരണമാകാറുണ്ട്.

കൃത്യമായ ഇടവേളകളിൽ കിടക്ക മാറ്റുന്നവരാണെങ്കിൽ സ്പ്രിംഗ് മാട്രസ് തിരഞ്ഞെടുക്കാമെങ്കിലും നടുവേദന പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്നവർക്ക് ഒട്ടും അനുയോജ്യമല്ല.

അത്തരം ആളുകൾക്ക് ഓർത്തോപീഡിക് വിഭാഗത്തിൽപ്പെടുന്ന ബെഡുകൾ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം വാങ്ങി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.

കിടക്കയുടെ പ്രാധാന്യം വർധിച്ചത് പോലെ തന്നെ കിടക്കയോടൊപ്പം ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, പില്ലോസ് കുഷ്യനുകൾ എന്നിവയിലും വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും മനസ്സിലാക്കി കിടക്ക തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

കിടക്ക ശ്രദ്ധിച്ചില്ലെങ്കിൽ കിടപ്പിലായേക്കാം, അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കണം.