ഏറു മാടങ്ങൾ പഴങ്കഥയാകുമ്പോൾ.കൃഷി ഉപജീവനമായി മാർഗമായി കാണുന്ന നാടുകളിൽ കൂടുതലായും കണ്ടു വന്നിരുന്ന ഒന്നാണ് ഏറുമാടങ്ങൾ.

പ്രധാനമായും വനമേഖലയോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിലാണ് ഏറുമാടങ്ങൾ കൂടുതലായും കണ്ടു വരുന്നത്.

കൃഷി നശിപ്പിക്കാനായി എത്തുന്ന ജീവികളെ തുരത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെ മരത്തിനു മുകളിൽ കെട്ടി ഉണ്ടാക്കിയിരുന്ന ഏറുമാടങ്ങൾ ഇന്ന് വലിയ റിസോർട്ടുകളിൽ ബിസിനസിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നത് മറ്റൊരു വലിയ വസ്തുതയാണ്.

കൂടുതലായും ഏറുമാടങ്ങൾ നിർമ്മിച്ചിരുന്നത് രാത്രി കാലങ്ങളിൽ കൃഷിയിടത്തിൽ വരുന്ന മൃഗങ്ങളെ തുരത്തി ഓടിക്കാനും, അവരിൽ നിന്ന് സുരക്ഷ നേടാനും വേണ്ടിയായിരുന്നു.

അതുകൊണ്ടുതന്നെ കുറഞ്ഞ സൗകര്യങ്ങൾ മാത്രം നൽകി കൊണ്ട് ഏറുമാടങ്ങൾ നിർമിക്കുന്ന രീതിയാണ് കണ്ടു വന്നിരുന്നത്.

ഏറുമാടങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ അധികം കാണാനില്ല എങ്കിലും അവയുടെ നിർമ്മാണ രീതി എങ്ങിനെയാണെന്ന് അറിഞ്ഞിരിക്കാം.

ഏറു മാടങ്ങൾ പഴങ്കഥയാകുമ്പോൾ.

വയനാട്, കൂർഗ് പോലുള്ള ഭാഗങ്ങളിൽ ഏറുമാടങ്ങൾ പല റിസോർട്ടുകളിലും ബിസിനസ് ആശയമായി മാറിയിരിക്കുന്നു.

കാടിന്റെ വന്യത ആസ്വദിക്കാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഒന്നോ രണ്ടോ ദിവസം ഏറു മാടങ്ങളിൽ താമസിക്കാനുള്ള അവസരം ഇതു വഴി ഒരുങ്ങുന്നു.

സാധാരണ ഏറുമാടങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബത്തിന് താമസിക്കാൻ സാധിക്കുന്ന എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് ഇത്തരം ഏറുമാടങ്ങൾ നിർമ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

പൂർണമായും സ്വാഭാവികത നിലനിർത്തിക്കൊണ്ട് നിർമ്മിക്കുന്ന ഏറുമാടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവയിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകളും വ്യത്യസതമായിരിക്കും.

അതുകൊണ്ട് തന്നെ നിർമ്മാണ രീതിയിലും ചില മാറ്റങ്ങളെല്ലാം കണ്ടേക്കാം.

വീട് നില നിൽക്കുന്നത് ഒരു തടിക്ക് മുകളിലായിരിക്കുമെങ്കിലും മറ്റു ഭാഗങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് ആർട്ടിഫിഷ്യൽ വുഡ്, റൂഫിംങ്ങിനായി ഉപയോഗപ്പെടുത്തുന്നത് ആർട്ടിഫിഷ്യൽ റൂഫിംഗ് ടൈലുകൾ എന്നിവയൊക്കെ ആയിരിക്കും.

എന്നിരുന്നാലും വീടിനകത്ത് തണുപ്പ് നിറയ്ക്കുന്നതിൽ ഏറുമാടങ്ങൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

നിർമ്മാണ രീതി

മരത്തിന് മുകളിലായി നിർമിച്ച് എടുക്കുന്നത് കൊണ്ടു തന്നെ അവ നിർമിക്കാനായി തിരഞ്ഞെടുക്കുന്ന തടിക്ക് നല്ല ബലവും കാതലും ആവശ്യമാണ്. ഭൂമിയിൽ നിന്നും ഒരു നിശ്ചിത അടി ഉയരത്തിലായാണ് ഇവ നിർമ്മിക്കുന്നത്.അതായത് ഏകദേശം ഒരു 45 അടിയെങ്കിലും ഉയരത്തിലായി വേണം ഏറു മാടം നിർമ്മിച്ചു നൽകാൻ. മുകളിലേക്ക് കയറാനുള്ള കോണിയും തടി, മുള എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിച്ചു നൽകാവുന്നതാണ്.

കോണി നൽകുമ്പോൾ അത് സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ നൽകാൻ ശ്രദ്ധിക്കണം. നമ്മുടെ വീട്ടിലെ പറമ്പുകളിൽ കാണുന്ന കൂടുതൽ കാതലുള്ള മരങ്ങളായ പ്ലാവ്, ആഞ്ഞിലി,മരുത് പോലുള്ള മരങ്ങൾ ഏറു മാടങ്ങൾ കെട്ടുന്നതിനായി തിരഞ്ഞെടുക്കാം. ഏറുമാടത്തിൽ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളും വേണം എന്ന് നിർബന്ധം പിടിക്കുന്നവർക്ക് വിസ്തൃതി കൂട്ടി വരാന്ത, ബെഡ്റൂം, കിച്ചൺ, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഒരുക്കാവുന്നതാണ്.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

സ്ഥിരതാമസത്തിന് സജ്ജമാക്കുന്ന രീതിയിലാണ് ഏറുമാടം നിർമ്മിക്കുന്നത് എങ്കിൽ വെള്ളത്തിന്റെ ലഭ്യത, ടോയ്‌ലറ്റിൽ നിന്നും മാലിന്യം പുറന്തള്ളാനുള്ള മാർഗ്ഗം എന്നിവയെല്ലാം ശരിയായ രീതിയിൽ നൽകേണ്ടതുണ്ട്. വെള്ളം വീട്ടിലേക്ക് എത്തിക്കുന്നതിനായി മുകളിൽ ഒരു ടാങ്ക് ഉപയോഗപ്പെടുത്തി കിണറിൽ നിന്നും പൈപ്പ് നൽകാവുന്നതാണ്. ഇവയിൽ നിന്നും അടുക്കളയിലേക്കും, മറ്റ് വീട്ടാവശ്യങ്ങൾക്കും ഉള്ള വെള്ളം ഉപയോഗപ്പെടുത്താം. ഒരു കുടുംബത്തിന് താമസിക്കാനാവശ്യമായ ഫർണീച്ചറുകൾ, ബെഡ് എന്നിവയെല്ലാം വീട്ടിനകത്ത് സജ്ജീകരിച്ച് നൽകണം.വൈദ്യുത ലഭ്യതക്കായി റൂഫിൽ ഒരു സോളാർ പാനൽ നൽകാവുന്നതാണ്.

ഏറുമാടത്തിലെ ജീവിതം പൂർണമായും ആസ്വദിക്കാൻ താല്പര്യപ്പെടുന്നവർക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും മുള, ചൂരൽ എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിച്ചവ തിരഞ്ഞെടുക്കാം. പൂർണമായും പ്രകൃതിയോട് ഇണങ്ങി പച്ചപ്പു നിറഞ്ഞ ഭാഗം നോക്കി വേണം ഏറുമാടം നിർമിച്ചു നൽകാൻ. മാത്രമല്ല വന്യജീവികൾ കൂടുതലുള്ള ഭാഗങ്ങളിലും, കൊതുക്, പാറ്റ എന്നിവയുടെ ശല്യമുള്ള ഭാഗങ്ങളിലും അതിന് ആവശ്യമായ സുരക്ഷ കൂടി ഉറപ്പ് വരുത്തി കൊണ്ട് വേണം ഏറുമാടം നിർമ്മിച്ചു നൽകാൻ.

ഏറു മാടങ്ങൾ പഴങ്കഥയാകുമ്പോൾ ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് ഏറുമാടത്തിലെ ജീവിതം പരീക്ഷിച്ചു നോക്കാവുന്നതാണ്.