പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ.

പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ.പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ പ്രയർ ഏരിയക്ക് പ്രാധാന്യം നൽകിയിരുന്നു.

എല്ലാ മതസ്ഥരും തങ്ങളുടെ വീടിന്റെ ഒരു ഭാഗം പ്രാർത്ഥന മുറിയായി മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ അതിനായി ഒരു പ്രത്യേക ഇടം കണ്ടെത്തുകയോ ചെയ്യാറുണ്ട്.

നൂതന ശൈലിയിൽ നിർമ്മിക്കുന്ന വീടുകളിൽ പ്രയർ ഏരിയകൾക്കായി വ്യത്യസ്ത ഡിസൈനുകളാണ് ഉപയോഗപ്പെടുത്തുന്നത്.

സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ ഒരു റൂം അതിനായി മാറ്റി വയ്ക്കാൻ സാധിക്കാത്തതു കൊണ്ട് ഷെൽഫ് രൂപത്തിൽ ചെറിയ പ്രയർ ഏരിയ സെറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.

വീട്ടിലേക്ക് ഒരു പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഓരോ മതസ്ഥർക്കും തങ്ങളുടെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ഏത് ഭാഗത്താണ് പ്രയർ ഏരിയ ഒരുക്കേണ്ടത് എന്ന് തീരുമാനിക്കാം.

മിക്ക വീടുകളിലും ലിവിങ് ഏരിയയോട് ചേർന്നു വരുന്ന ഒരു ഭാഗമായിരിക്കും അതിനായി മാറ്റി വയ്ക്കുന്നത്.

പ്രയർ ഏരിയ നിർമ്മിക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയൽ അതിനകത്ത് നൽകുന്ന വസ്തുക്കൾ എന്നിവയിലെല്ലാം അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

പ്ലൈവുഡ്, എംഡിഎഫ് പോലുള്ള മെറ്റീരിയലുകൾ പ്രാർത്ഥന മുറിക്കുള്ളിൽ ഉപയോഗപ്പെടുത്തുമ്പോൾ തീയും മറ്റും വീണ് അവ ഉരുകി പോകാനുള്ള സാധ്യത മുന്നിൽ കാണേണ്ടതുണ്ട്.

വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തിരഞ്ഞെടുത്ത ഇന്റീരിയറിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ പ്രയർ ഏരിയയും ഭംഗിയായി ഒരുക്കിയെടുക്കാനായി സാധിക്കും.

കൂടുതലായും പരമ്പരാഗത ശൈലി പിന്തുടരുന്ന രീതിയാണ് പ്രയർ ഏരിയകളുടെ ഡിസൈനിൽ കണ്ടു വരുന്നത്.

അതേസമയം മോഡേൺ രീതിയിലാണ് പ്രയർ ഏരിയ ഡിസൈൻ ചെയ്യുന്നത് എങ്കിലും അകത്തേക്ക് തിരഞ്ഞെടുക്കുന്ന പ്രതിമകൾ,വിളക്കുകൾ എന്നിവയിലെല്ലാം പഴമ നില നിർത്താനായി ശ്രദ്ധിക്കാം.

ഒരു പ്രത്യേക റൂം രീതിയിലാണ് പ്രയർ ഏരിയ സെറ്റ് ചെയ്യുന്നത് എങ്കിൽ ചുമരിന് ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ് നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കുന്നു.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി ക്ലോസ്ഡ് ഡിസൈൻ ആണോ ഓപ്പൺ ഡിസൈൻ ആണോ വേണ്ടത് എന്ന് തീരുമാനിക്കാം.

ഹിന്ദുമതാചാര പ്രകാരം പൂജാമുറി തയ്യാറാക്കുമ്പോൾ ഒരു അമ്പലത്തിന്റെ അതേ മാതൃക പിന്തുടർന്ന് വേണമെങ്കിൽ പൂജാമുറി ഒരുക്കാവുന്നതാണ്.

അത്തരം സാഹചര്യങ്ങളിൽ തിരഞ്ഞെടുക്കുന്ന പ്രതിമകൾ ഡോറിന്റെ ഡിസൈൻ തൂണുകൾ പടികൾ എന്നിവയിലെല്ലാം അമ്പലത്തിന്റെ പ്രതീതി നില നിർത്താനായി സാധിക്കും.

മറ്റൊരു പ്രധാന കാര്യം ഏത് മതത്തിലും ഒരു മതഗ്രന്ഥം മിക്ക വീടുകളിലും പ്രയർ ഏരിയയിൽ സൂക്ഷിക്കാറുണ്ട്.

അതുകൊണ്ടു തന്നെ അവ കേടു പറ്റാതെ സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ഷെൽഫ് തയ്യാറാക്കി നൽകാവുന്നതാണ്. പ്രാർത്ഥന മുറിയിൽ സൂക്ഷിക്കുന്ന സുഗന്ധ വസ്തുക്കൾ, വിളക്ക്, മെഴുകുതിരി, അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കെല്ലാം വേണ്ടി ഒരു പ്രത്യേക ഷെൽഫ് തയ്യാറാക്കി നൽകാനായി ശ്രദ്ധിക്കാം.

പ്രയർ ഏരിയയ്ക്ക് ആവശ്യമായ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

വളരെ ലളിതമായ രീതിയിൽ പ്രയർ റൂം ഒരുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തടിയാണ് ഏറ്റവും നല്ല ഓപ്ഷൻ. തടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഷെൽഫുകൾ,ഡോറുകൾ എന്നിവയ്ക്ക് എല്ലാ കാലത്തും നല്ല ഡിമാൻഡാണ് ഉള്ളത്. ഇവയിൽ വ്യത്യസ്ത കൊത്തുപണികൾ, ആർട്ട് വർക്കുകൾ എന്നിവയെല്ലാം ചെയ്ത് കൂടുതൽ മനോഹരമാക്കാം.

ഡോർ അല്ലെങ്കിൽ ഷെൽഫിന് പ്രത്യേകം പെയിന്റുകൾ തിരഞ്ഞെടുത്തു ഹൈലൈറ്റ് ചെയ്തു കാണിക്കാവുന്നതാണ്. വലിപ്പം കൂട്ടിയും കുറച്ചും ആവശ്യങ്ങൾക്ക് അനുസൃതമായി വേണം ഷെൽഫ് നിർമിക്കാൻ. അതല്ലെങ്കിൽ പിന്നീട് വിചാരിച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥ വരും.

ലിവിങ് ഏരിയയിലാണ് പ്രയർ ഏരിയ സെറ്റ് ചെയ്യുന്നത് എങ്കിൽ പ്രധാനമായും വീടിന്റെ പ്രധാന വാതിലിന് ഓപ്പോസിറ്റ് ആയി വരുന്ന ദിശയിലാണ് മിക്ക വീടുകളിലും നിർമ്മിച്ചു നൽകുന്നത് . പ്രയർ ഏരിയയ്ക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കുന്നതിനായി ഫിറ്റ് ചെയ്യുന്ന ഭിത്തിയിൽ ഒരു മിറർ സെറ്റ് ചെയ്ത് നൽകാം.

പൂർണ്ണമായും അടഞ്ഞ രീതിയിൽ പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ എണ്ണ, തീപ്പെട്ടി എന്നിവയുടെ ഉപയോഗം കരുതലോടെ നടത്താനായി ശ്രദ്ധിക്കുക.

പെട്ടെന്ന് ഉരുകുന്ന വസ്തുക്കൾ പൂജാ മുറിയിൽ വയ്ക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. പൂജാമുറിക്ക് പുറകിലായി വാൾപേപ്പറുകൾ,പൂക്കൾ, ഫോട്ടോകൾ എന്നിവയെല്ലാം വ്യത്യസ്ത രീതിയിൽ അറേഞ്ച് ചെയ്ത് നൽകാം.

ഫോട്ടോകൾ വയ്ക്കുന്നതിന് മാത്രമായി ഒരു പ്രത്യേക ഷെൽഫ്, പ്രതിമകൾക്ക് വേണ്ടി മാത്രം പ്രത്യേക ഇടം എന്നിങ്ങനെയെല്ലാം നൽകുമ്പോൾ അവ കാഴ്ചയിൽ കൂടുതൽ ഭംഗി നൽകും.

ഇന്റീരിയറിന്റെ ഭാഗമായിത്തന്നെ പൂജാമുറി ഒരുക്കുമ്പോൾ അത് വേറിട്ട് നിൽക്കുന്ന ഒരു പ്രതിനിധി ഇല്ലാതാക്കുന്നതിന് അത് സഹായിക്കും.

പ്രയർ ഏരിയ സെറ്റ് ചെയ്യുമ്പോൾ, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.