അലങ്കാര വെളിച്ചങ്ങൾ വീടിന് ആവശ്യകതയോ ?പണ്ടു കാലങ്ങളിൽ നമ്മുടെ നാട്ടിലെ വീടുകളിൽ പകൽ സമയങ്ങളിൽ എങ്ങിനെ ലൈറ്റിടാതെ വീട്ടിലെ പണികൾ ചെയ്യാം എന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്.
അതുകൊണ്ടു തന്നെ നടുമുറ്റങ്ങൾ പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് വീട് നിർമ്മാണ രീതികളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നപ്പോൾ വീട്ടിനകത്തേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കാത്ത സാഹചര്യമുണ്ടായി.
പകൽ സമയങ്ങളിലും വീട്ടിനകത്ത് ലൈറ്റുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് ഇതു വഴി ഉണ്ടായത്.
പിന്നീട് ഇത്തരത്തിലുള്ള ലൈറ്റുകൾ അലങ്കാരങ്ങൾ ആയി മാറുകയും അലങ്കാര ലൈറ്റുകൾക്ക് പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു.
പുറം നാടുകളിൽ കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്ന അലങ്കാര ലൈറ്റുകൾ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നമ്മുടെ നാട്ടിലും ഇടം പിടിച്ചു എന്നതാണ് വസ്തുത.
അലങ്കാര ലൈറ്റുകളിൽ വലിയ രീതിയിലുള്ള രൂപമാറ്റങ്ങൾ സംഭവിക്കുകയും ഇന്ന് അവ വീടിന്റെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറുകയും ചെയ്തു എന്നതാണ് സത്യം.
നമ്മുടെ നാട്ടിലെ വീടുകളിൽ ഒരു അലങ്കാര വിളക്ക് എങ്കിലും ഉപയോഗിക്കാത്ത വീടുകൾ ഇന്ന് കുറവായിരിക്കും.
അലങ്കാരം എന്നതിലുപരി ഒരു ആവശ്യകതയായി ഇത്തരം വിളക്കുകൾ മാറുന്നുണ്ടോ എന്നതിനെപ്പറ്റി അറിഞ്ഞിരിക്കാം.
അലങ്കാര വെളിച്ചങ്ങൾ വീടിന് ആവശ്യകതയോ?
ടെക്നോളജിയുടെ വളർച്ചയും ദിനംപ്രതി മാറി വരുന്ന ഇന്റീരിയർ ട്രെൻഡുകളും അലങ്കാര വിളക്കുകളിലും പ്രതിഫലിച്ചു തുടങ്ങി.
ഫാനിനോടൊപ്പം നൽകാവുന്ന അലങ്കാര ലൈറ്റുകളും, ആമസോൺ അലക്സ പോലുള്ള വോയിസ് അസിസ്റ്റന്റ് ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന സ്മാർട്ട് ബൾബുകളും ഇന്ന് നമ്മുടെ വീടുകളിലെ സാധാരണ കാഴ്ചകളിൽ ഒന്നായി മാറിയിരിക്കുന്നു.
സ്മാർട്ട് ബൾബുകൾ ഉപയോഗപ്പെടുത്തുമ്പോൾ സ്വിച്ച് ഉപയോഗിക്കാതെ തന്നെ കൺട്രോൾ ചെയ്യാനും, ആവശ്യാനുസരണം പാട്ട് കേൾക്കാനുമെല്ലാം സാധിക്കുന്നു.
അലങ്കാര വിളക്കുകൾ തിരഞ്ഞെടുക്കുമ്പോഴും ഓരോരുത്തർക്കും ഓരോ താൽപര്യങ്ങളാണ് ഉള്ളത്. ചിലർക്ക് അലങ്കാരം കുറച്ചു കുറഞ്ഞാലും കൂടുതൽ കാലം ഈടു നിൽക്കണം എന്നതാണ് ആഗ്രഹം.
അതേ സമയം മറ്റ് ചിലർ വലിയ വില കൊടുത്ത് അലങ്കാരം നിലനിർത്തിക്കൊണ്ടു തന്നെ ലൈറ്റുകൾ തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്.
അതായത് അലങ്കാര ലൈറ്റുകളെ സംബന്ധിച്ച് ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് എന്ന കാര്യം ഇതിൽ നിന്നും ഉറപ്പിക്കാം.
ലൈറ്റ് അലങ്കാരമാകുമ്പോൾ
വീട്ടിനകത്തേക്ക് കൃത്രിമ വെളിച്ചം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി നൽകുന്ന ലൈറ്റുകൾ അലങ്കാരത്തിന്റെ പ്രതിഫലനമായി മാറിക്കൊണ്ടിരിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നാച്ചുറൽ ലൈറ്റ് നൽകുന്ന അത്രയും വെളിച്ചം ഇത്തരം അലങ്കാര ലൈറ്റുകൾ നൽകുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഫോൾ സീലിംഗ് ചെയ്ത് അവയ്ക്കിടയിൽ വ്യത്യസ്ത നിറങ്ങളിലുള്ള സ്പോട് ലൈറ്റുകൾ നൽകുന്നതാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്ന രീതി. ഇവയിൽ തന്നെ വാം ലൈറ്റ്, ഡിം ലൈറ്റ് എന്നിങ്ങിനെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത രീതികൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്.
പലപ്പോഴും വൈദ്യുത ബിൽ കൂടുമെന്ന പേടി കൊണ്ട് അലങ്കാര ലൈറ്റുകളെ വീട്ടിൽ നിന്നും ഒഴിവാക്കിയവർക്ക് എൽഇഡി ലൈറ്റുകൾ വിപണിയിൽ എത്തിയതോടെ ആ ഒരു പ്രശ്നത്തിനും പരിഹാരമായി.എൽഇഡി ലൈറ്റുകളിൽ വരുന്ന ഷോട്ട് ലൈറ്റുകൾ ആവശ്യമുള്ള രീതിയിൽ ഓരോ ഭാഗങ്ങളിലേക്കും വെളിച്ചം എത്തിച്ചു നൽകും. അതുകൊണ്ടുതന്നെ അനാവശ്യമായ വൈദ്യുത ഉപയോഗം ഇവിടെ വരുന്നില്ല. എൽഇഡി ലൈറ്റുകളിൽ തന്നെ ചിപ്പ് ഓൺ ബോർഡിന് വലിയ ഡിമാൻഡ് ആണ് ആളുകൾക്കിടയിൽ ഉള്ളത്. ഒരു ബോർഡിൽ തന്നെ വ്യത്യസ്ത രീതിയിൽ ലൈറ്റ് ഉപയോഗപ്പെടുത്താൻ ഈ ഒരു രീതി വഴി സാധിക്കും.
ഓരോ ഭാഗത്തും എത്രമാത്രം വെളിച്ചം നൽകണം എന്നതിനെ അടിസ്ഥാനമാക്കി ലൈറ്റുകൾ ബോർഡിൽ ഘടിപ്പിച്ച് നൽകാം.വാട്ടർ റസിസ്റ്റന്റ്, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്, പെട്ടെന്ന് പൊട്ടാത്ത ഗ്ലാസ് എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണ്.
എൽഇഡി ലൈറ്റിന്റെ ഗുണ ദോഷങ്ങൾ
വ്യത്യസ്ത രൂപത്തിലും ആകൃതിയിലുമുള്ള എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച് വീടിനകത്ത് അലങ്കാരവും വെളിച്ചവും നൽകാനാണ് മിക്ക ആളുകളും ഇപ്പോൾ ഇഷ്ടപ്പെടുന്നത്. അതേസമയം ചൈനയിൽ നിന്നും പുറത്തിറക്കുന്ന എൽഇഡി ലൈറ്റുകൾക്ക് ആയുസ് കുറവാണ് എന്ന ഒരു പരാതി കൂടുതലായി കേട്ടു വരുന്നുണ്ട്. ഇവ കേടായാൽ ശരിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇന്ത്യൻ നിർമ്മിത ബ്രാൻഡുകളിൽ തന്നെ നല്ല അടിപൊളി എൽഇഡി ലൈറ്റുകൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ലഭ്യമാണ്. പണ്ടു കാലത്തെ വീടുകളിൽ ഷാൻലിയറുകൾ സ്ഥാനം പിടിച്ചിരുന്നതിന് പകരം അതിലും കൂടുതൽ ഭംഗിയായി ഉപയോഗപ്പെടുത്താവുന്ന എൽഇഡി അലങ്കാര വിളക്കുകളാണ് ഇന്ന് കൂടുതലായും എല്ലാവരും തിരഞ്ഞെടുക്കുന്നത്.
ഇവ കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം മിനിമൽ ആയ ഡിസൈൻ ഫോളോ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എൽഇഡി അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുക മാത്രമല്ല അവ വൃത്തിയായി സൂക്ഷിക്കുന്നതിലുമുണ്ട് വളരെയധികം പ്രാധാന്യം. നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടു വരുന്ന മാറാല പോലുള്ള പ്രശ്നങ്ങൾ ലൈറ്റുകൾ ഭംഗിയായി സൂക്ഷിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും വലിയ വീടുകളിലും കൊട്ടാരങ്ങളിലും കാണുന്ന അലങ്കാര ലൈറ്റുകൾ അകത്തളങ്ങളിലേക്ക് കൊണ്ടു വരുമ്പോൾ ഈയൊരു പ്രശ്നം എങ്ങിനെ ഒഴിവാക്കാൻ സാധിക്കും എന്നത് കൂടി മുന്നിൽ കാണണം.
അലങ്കാര വെളിച്ചങ്ങൾ വീടിന് ആവശ്യകതയോ? അത് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം അവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ കൂടി മനസ്സിലാക്കിയിരുന്നാൽ.