ചരിത്രമുറങ്ങുന്ന കേരളത്തിലെ നാലുകെട്ടുകളും അവയുടെ പ്രത്യേകതകളും.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഓരോ വീടുകൾക്കും ഓരോ കഥകൾ പറയാനുണ്ടാകും. പാരമ്പര്യത്തിന്റെ പ്രൗഢി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ നാലുകെട്ടുകൾ അറിയപ്പെടുന്നു. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉള്ള ഓരോ വീടിനും ഓരോ പ്രത്യേകതകളാണ് ഉണ്ടായിരിക്കുക.

ഇത്തരത്തിൽ നിർമ്മാണത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും വ്യത്യസ്തത പുലർത്തുന്നവയാണ് നാലുകെട്ടുകൾ. പലപ്പോഴും പഴയകാല സ്മരണകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുന്നതിൽ നാലുകെട്ടുകൾ ക്കുള്ള പ്രാധാന്യം ചെറുതല്ല.

കൂട്ടുകുടുംബവും വലിയ തറവാടുകളും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ നാലുകെട്ട് മാതൃകയിൽ പണിയുന്ന വീടുകൾ നമുക്ക് നൽകുന്നത് നൊസ്റ്റാൾജിയ തന്നെയാണ്. ക്ലാസിക്കൽ ആർക്കിടെക്ചർ ഡിസൈനുകൾ പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്ന വീടുകൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നുണ്ട്.

നാലുകെട്ടിൽ ഉപയോഗപ്പെടുത്തുന്ന ഡിസൈൻ.

നാലുകെട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നാല് ദിശകളിലേക്കും ഓരോ ബ്ലോക്കുകൾ എന്ന രീതിയിലാണ്. അതായത് കിഴക്ക്,പടിഞ്ഞാറ്,തെക്ക് വടക്ക് എന്നീ നാല് ദിശ കൾക്കും നാലുകെട്ട് നിർമ്മാണത്തിൽ ഒരേ രീതിയിൽ പ്രാധാന്യമുണ്ട്.

മുൻകാലങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥിതിക്ക് പ്രാധാന്യമുണ്ടായിരുന്ന കാലഘട്ടങ്ങളിൽ വലിയ കുടുംബത്തിന് താമസിക്കാൻ തറവാടുകൾ ആവശ്യമായിരുന്നു. പാരമ്പര്യം കൈമാറ്റം ചെയ്തു വരുന്ന രീതിയിലാണ് തറവാടുകളുടെ പ്രവർത്തന മാതൃക.

അതുകൊണ്ടുതന്നെ ഒരു വലിയ കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും വീടുകളിൽ ആവശ്യമായിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് നാലുകെട്ട് രൂപത്തിൽ തറവാടുകൾ നിർമ്മിച്ചത്.

നാലുകെട്ട് തറവാടുകളുടെ നടുഭാഗം നടുമുറ്റം എന്ന പേരിൽ അറിയപ്പെടുന്നു. വീടിന്റെ നടുഭാഗത്ത് തുറന്നു കിടക്കുന്ന ഈയൊരു ഭാഗം കുടുംബാംഗങ്ങൾക്ക് ആശയവിനിമയം നടത്തുന്നതിനും, വിശേഷദിവസങ്ങൾ ആഘോഷിക്കുന്നതിനും വേണ്ടി തയ്യാറാക്കിയതാണ്.

എന്നാൽ വലിയ കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി എട്ടു കെട്ടുകളും പതിനാറു കെട്ടുകളും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.

പ്രധാനമായും നാലുകെട്ടുകളും, എട്ടു കെട്ടുകളുമെല്ലാം നിർമ്മിച്ചിരുന്നത് പതിനെട്ടാം സെഞ്ച്വറി യിലും, പത്തൊമ്പതാം സെഞ്ച്വറിയിലും ഉണ്ടായിരുന്ന തച്ചുശാസ്ത്ര നിയമങ്ങൾ, ആശാരി കണക്കുകൾ എന്നിവയെ അടിസ്ഥാനമാക്കി ആയിരുന്നു.

പലപ്പോഴും നായർ, നമ്പൂതിരി സമുദായങ്ങൾ അവർക്ക് നാട്ടിൽ ഉള്ള സ്ഥാനം എടുത്ത് കാണിക്കുന്നതിനായി ഇത്തരം തറവാടുകളെ ഭാഗമാക്കിയിരുന്നു എന്നതാണ് സത്യം.

നാലുകെട്ടിനോട്‌ ചേർന്ന് അനുഷ്ഠാനങ്ങളുടെ ഭാഗമായി സർപ്പക്കാവ്, ഒരു കുളം എന്നിവയും പണിയുമായിരുന്നു. മൂന്ന് നിലകൾ വരെ ഉയരത്തിൽ ആയിരുന്നു നാലുകെട്ടുകളുടെ നിർമ്മാണം നടത്തിയിരുന്നത്.

നാലുകെട്ട് നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന മെറ്റീരിയലുകൾ.

പ്രധാനമായും തേക്ക്, പ്ലാവ് എന്നിവയാണ് നാലുകെട്ട് നിർമ്മാണത്തിന്റെ തടി ക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇതോടൊപ്പം മണ്ണ്, ചെങ്കല്ല് എന്നിവയും ഭീത്തികളുടെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തി.

മേൽക്കൂരകൾ മേഞ്ഞിരുന്നത് ഓട് ഉപയോഗിച്ചായിരുന്നു. വീട്ടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ വീടിനകത്ത് നൽകിയിരുന്നു.

ഒരു ഗോപുരത്തിനോട് സാദൃശ്യം തോന്നുന്ന വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകുന്ന പടിപ്പുരകൾ നാലുകെട്ടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. നടു മുറ്റത്തിന് ചുറ്റുഭാഗത്തും മുറികൾ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ഉള്ള ചെറിയ അറകൾ എന്നിവ നൽകിയിരുന്നു.

പ്രധാനമായും പൂജാമുറി, ബെഡ്റൂമുകൾ , ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടം, ബാത്ത്റൂമുകൾ എന്നിവയെല്ലാം ഓരോ മൂലകളിൽ ആയാണ് നല്കിയിരുന്നത്.

മഴയെയും കാറ്റിനെയും വെയിലിനെയും അതിജീവിക്കാൻ തക്ക രീതിയിൽ കരുത്തുറ്റ രീതിയിലാണ് നാലുകെട്ടുകളുടെ നിർമ്മാണരീതി. വീടിനകത്ത് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പിക്കുന്നതിനായി ചെറിയ വെന്റിലേഷൻ ഇടയിലായി നൽകിയിരുന്നു.

നാലുകെട്ടുകൾ പൂർണ്ണമായും നാമാവശേഷമായോ?

ചരിത്രമുറങ്ങുന്ന നാലുകെട്ടുകൾ പലതും ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ചില വീടുകൾ പാരമ്പര്യ ത്തിന്റെ ഭാഗമായി പുതിയ രീതിയിലുള്ള റെനോവേഷൻ നടത്തി മെയിൻറ്റൈൻ ചെയ്യുന്നുണ്ട്.

നാലുകെട്ടിന്റെ മാതൃക മിക്ക ആളുകൾക്കും ഇഷ്ടമായതു കൊണ്ട് തന്നെ ഡിസൈനിൽ പുതിയ രീതികൾ കൂടി ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. വീടുകളിൽ മാത്രമല്ല ആയുർവേദ കേന്ദ്രങ്ങൾ ,സ്പാ സെന്ററുകൾ, റിസോർട്ടുകൾ എന്നിവ നാലുകെട്ടിന്റെ മാതൃക പിന്തുടരുന്നത് കേരളത്തിന്റെ പാരമ്പര്യത്തിൽ നാലുകെട്ടുകൾക്കുള്ള പ്രാധാന്യം എടുത്തു കാണിക്കുന്നു.