വീടിന്റെ പ്ലംബിങ് വർക്കുകളിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് പണം ചിലവഴിക്കേണ്ടി വരില്ല.

വീടുപണിയിൽ വളരെയധികം ശ്രദ്ധ നൽകേണ്ട ഒന്നാണ് പ്ലംബിംഗ് വർക്കുകൾ .എന്നാൽ കൃത്യമായ പ്ലാനിങ് ഇല്ലാതെ പ്ലംബിങ് വർക്കുകൾ ചെയ്തു ഭാവിയിൽ വലിയ പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടി വരുന്നു.

പ്ലംബിംഗ് വർക്കുകൾ ചെയ്യുമ്പോൾ ദീർഘ കാലത്തേക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായി വരാത്ത രീതിയിൽ ആയിരിക്കണം പ്ലാൻ ചെയ്യേണ്ടത്.

കൂടാതെ ഏതെങ്കിലും രീതിയിലുള്ള ചെറിയ പണികൾ വന്നാലും അവ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന രീതിയിൽ വേണം നൽകാൻ.

പ്രധാനമായും രണ്ട് രീതിയിലുള്ള പ്ലംബിംഗ് വർക്കുകൾ ആണ് എല്ലാ വീടുകളിലും ചെയ്യുന്നത്.

ശുദ്ധജലം വീട്ടിലേക്ക് വരുന്ന രീതിയിലും മലിനജലം വീട്ടിൽ നിന്ന് പുറത്തേക്ക് കളയുന്ന രീതിയിലും.

ഇവയിൽ സംഭവിക്കുന്ന ചെറിയ പാകപ്പിഴകൾ പോലും പിന്നീട് ഉണ്ടാക്കുക വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ്.

പ്ലംബിങ്ങിൽ ശ്രദ്ധ നൽകാവുന്ന കാര്യങ്ങൾ.

വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് വേണം വാട്ടർടാങ്ക് തിരഞ്ഞെടുക്കാൻ. അതായത് ഒരു വീട്ടിലെ ഒരംഗത്തിന് 200 ലിറ്റർ എന്ന കണക്കിൽ വെള്ളം ആവശ്യമായി വരും.

ഇങ്ങനെ നോക്കുമ്പോൾ നാല് അംഗങ്ങളുള്ള ഒരു വീട്ടിലേക്ക് 4*200=800 എന്ന കണക്കിലാണ് വെള്ളം ആവശ്യമായി വരുന്നത്.

അതോടൊപ്പം കുറച്ചുകൂടി വെള്ളം കരുതുന്ന രീതിയിൽ 1000 ലിറ്ററിന്റെ ടാങ്ക് തിരഞ്ഞെടുക്കാം.

അതല്ല 500 ലിറ്റർ ടാങ്ക് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ഒരു ദിവസം തന്നെ രണ്ട് പ്രാവശ്യം എന്ന കണക്കിൽ മോട്ടോർ പ്രവർത്തിപ്പിക്കേണ്ടതായി വരും. വൈദ്യുത ബില്ല് വർധിക്കുന്നതിന് ഇത് കാരണമായേക്കും.

  • ശുദ്ധജലം വീട്ടിലേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ പൈപ്പുകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് ഉണ്ടായിരിക്കണം. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അറ്റകുറ്റപ്പണികൾ മുന്നിൽകണ്ട് വ്യത്യസ്ത ഭാഗങ്ങളിലേക്ക് പൈപ്പുകൾ,വാൽവുകൾ എന്നിവ വേർതിരിച്ച് നൽകാവുന്നതാണ്.
  • വീട്ടിലേക്ക് ആവശ്യമായ വെള്ളം എടുക്കുന്ന പ്രധാന പൈപ്പുകളുടെ വലിപ്പം വളരെ ചെറുതാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • പൈപ്പുകളുടെ വലിപ്പം കുറഞ്ഞാൽ പലപ്പോഴും എല്ലാ ഭാഗത്തേക്കും നല്ലരീതിയിൽ വെള്ളം ലഭിക്കാത്ത അവസ്ഥ വരും.
  • പ്രധാന ഭാഗങ്ങളിലേക്ക് വെള്ളമെടുക്കുന്ന പൈപ്പിന് കുറഞ്ഞത് ഒന്നര ഇഞ്ച് എങ്കിലും വലിപ്പം ഉണ്ടായിരിക്കണം.
  • ചുമരിന്റെ ഉള്ളിലൂടെ പൈപ്പുകൾ നൽകുമ്പോൾ അവയ്ക്ക് കൺസീൽഡ് വയറിങ് രീതി ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ ഭംഗി.
  • എന്നാൽ ഭാവിയിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമ്പോൾ ഇത്തരം ഭാഗങ്ങളിൽ റീ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ഓപ്പൺ പ്ലംബിങ് രീതി ഉപയോഗപ്പെടുത്തുകയാണ് എങ്കിലും പൈപ്പുകൾ പുറത്തേക്ക് കാണാത്ത രീതിയിൽ സജ്ജീകരിച്ച നൽകാവുന്നതാണ്.
  • സെപ്റ്റിക് ടാങ്ക്, ഡ്രൈനേജ് ഭാഗങ്ങളിൽ പ്ലംബിംഗ് നൽകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം. ഡ്രൈനേജിൽ പ്രധാനമായും വരുന്ന ഭാഗങ്ങൾ സെപ്റ്റിക് ടാങ്ക് സോക്പിറ്റ് എന്നിവയാണ്.
  • അടുക്കളയുടെ ഭാഗത്തു നിന്നും പുറന്തള്ളുന്ന ജലവും,ബാത്‌റൂമിൽ നിന്നും പോകുന്ന മലിനജലവും ഒരു കാരണവശാലും സെപ്റ്റിക് ടാങ്കിലേക്കു ഒഴുകി പോകുന്ന രീതിയിൽ പാടുള്ളതല്ല.
  • ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് സെപ്റ്റിടാങ്ക് ഓവർ ഫ്ലോ ആകുന്നതിനു കാരണമായേക്കും. സോക്ക് പിറ്റിൽ പൈപ്പുകൾ നൽകുമ്പോൾ കുറച്ച് ചരിച്ച രീതിയിൽ വേണം നൽകാൻ. വായു പുറത്തേക്ക് പോകുന്ന രീതിയിൽ വേണം പൈപ്പുകൾ സജ്ജീകരിക്കാൻ.
  • ടാങ്ക് നിർമ്മിക്കുമ്പോൾ കിണറിന്റെ ഭാഗത്തു നിന്നും ഏഴര മീറ്റർ എങ്കിലും ഗ്യാപ്പ് നൽകിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. അതോടൊപ്പം തന്നെ അയൽപക്കത്തുള്ള വീടുകളുടെ കിണറുകളിൽ നിന്നും അത്രയും അകലം തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

പ്ലംബിങ് വർക്കിൽ സംഭവിക്കാറുള്ള അബദ്ധങ്ങൾ.

  • വരുംകാലത്ത് ആവശ്യമായ അറ്റകുറ്റപണികൾ മുൻകൂട്ടി കാണാതെ പൈപ്പുകളും, വാൾവുകളും നൽകുന്ന രീതി.
  • ക്വാളിറ്റി ഇല്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും.
  • പ്രധാന പൈപ്പും, മലിനജലം പോകുന്ന പൈപ്പും മിക്സ് ആകുന്ന അവസ്ഥ. പലപ്പോഴും രണ്ടു പൈപ്പുകളും അടുത്തടുത്ത് വന്നാൽ അത് ലീക്കേജ് ഉണ്ടാക്കുകയും വെള്ളം മിക്സ് ആകുന്നതിനു കാരണമാവുകയും ചെയ്യുന്നു.
  • അടുക്കള പോലുള്ള ഭാഗങ്ങളിൽ നിന്നും മലിനജലം സെപ്റ്റിക് ടാങ്കിലേക്ക് കണക്ട് ചെയ്യുന്ന രീതി.
  • ഡ്രൈനേജ് പൈപ്പുകൾക്ക് ആവശ്യത്തിന് വലിപ്പമില്ലാത്ത അവസ്ഥ പെട്ടെന്ന് ബ്ലോക്ക് ആകുന്നതിന് കാരണമാകുന്നു.

പ്ലംബിംഗ് വർക്കുകൾക്ക് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുണ്ട് എന്ന കാര്യം ഒരു കാരണവശാലും മറക്കരുത്.