വീടിനുള്ളിൽ തണുപ്പ് കിട്ടാൻ ACയെക്കാൾ ബെസ്റ്റ് ആണ് ഈ പോറോതേം കട്ടകൾ.

വീട് പണിയുമ്പോൾ ഭിത്തി കെട്ടിപ്പൊക്കാനായി നാം വിവിധ തരം കട്ടകൾ ഉപയോഗിക്കാറുണ്ട് . കരിങ്കല്ല്, മൺകട്ട, വെട്ടുകല്ല്, ഇഷ്‌ടിക, സിമെന്റ് കട്ട തുടങ്ങിയവയൊക്കെ ഉപയോഗിച്ചാണ് നാം കുടുതലും കെട്ടിടങ്ങൾ കെട്ടിപ്പൊക്കാറുള്ളത് അല്ലെ ?
എന്നാൽ ഇതിൽ എത്ര മെറ്റീരിയലുകൾ പ്രകൃതിയോട് ഇണങ്ങിയതും നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായതും ഉണ്ട് എന്ന് തിരക്കിയിട്ടുണ്ടോ ?അങ്ങനെ പ്രകൃതിയോടും കാലാവസ്ഥയോടും ചേർന്ന് നിൽക്കുന്ന ഒന്നാണ് പോറോതേം കട്ടകൾ

നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചും, വളരെ കുറഞ്ഞ ചെലവിലും ഒരു വീട് ഒരുക്കാൻ പറ്റിയ മികച്ച ഒരു മെറ്റീരിയലാണ് പോറോതേം ബ്രിക്സുകൾ. കടുത്ത വേനൽക്കാലത്ത്‌ പോലും സുഖമായ കുളിർമ നൽകുവാൻ പോറോതേം ബ്രിക്സുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകൾക്ക് കഴിയാറുണ്ട്.

ഏറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന പോറോതേം ബ്രിക്സുകൾ ഗ്യാസ് ഉപയോഗിച്ചാണ് ചുട്ട് എടുക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ടെംപറേച്ചർ സംവിധാനത്തിലൂടെ കടന്ന് വരുന്ന ഈ കട്ടകൾ കൂടുതലായി വെന്ത് പോകുന്നു എന്ന പോരായ്മയും ഒഴിവാക്കുന്നു. ഈ ബ്രിക്സുകളിൽ ഹൊറിസോണ്ടൽ ബ്രിക്സ്, വെർട്ടിക്കൽ ബ്രിക്സ്, പശ ചേർത്ത് വെയ്ക്കുന്ന ബ്രിക്സ് തുടങ്ങിയ വ്യത്യസ്ത തരങ്ങൾ ഉണ്ട്. അതിന് പുറമെ  ചൂട് കുറയ്ക്കുന്നതിനായി ബ്രിക്സിൽ റോക്ക് വോൾ എന്ന പദാർത്ഥം നിറച്ച് വരുന്ന ബ്രിക്സുകൾ അടക്കം  നിരവധി വ്യത്യസ്തമായ ബ്രിക്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പേരുകളും ആവശ്യങ്ങളും പോലെ തന്നെ ഇവയുടെ വിലയിലും വലുപ്പത്തിലും വ്യത്യാസമുണ്ട്.

പോറോതേം ബ്രിക്സ് ഉപയോഗിച്ച പണിത വീടിനകത്ത് ഫാനും ഏസിയും ഇല്ലാതെതന്നെ പകൽ സമയങ്ങളിൽ താമസിക്കാൻ കഴിയും. പ്രകൃതിയോടും കാലാവസ്ഥയോടും ഏറ്റവും ഇണങ്ങിയ തരത്തിലാണ് ഈ കല്ലുകൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകൾ. ഭിത്തികൾ നിർമ്മിക്കാൻ മാത്രമല്ല ഈ കട്ടകൾ, സീലിങ്ങ് അലങ്കരിക്കാനും ഈ ബ്രിക്സുകൾ ഉപയോഗിക്കാം . ചൂടിനെ നേരിടാൻ ഏറ്റവും മികച്ച മാർഗം ഈ ബ്രിക്സുകൾ തന്നെ ആണെന്നാണ് നിർമ്മാതാക്കളുടെയും ഈ കട്ടകൾ ഉപയോഗിച്ച് വീട് നിർമ്മിച്ച് ഉടമസ്ഥരുടെയും അഭിപ്രായം

ഈ കട്ടകൾ ഉപയോഗിച്ച് ഭിത്തികൾ നിർമിച്ചാൽ പ്ലാസ്റ്ററിംഗ് എന്ന അധിക ചിലവ് കുറയുമെന്നു മാത്രമല്ല വീടിന്റെ പെയിന്റിങ്ങിലും ഇത് വളരെ ലാഭകരമാണ്. ഇത്തരം ബ്രിക്സുകളിൽ പണിത വീടുകൾക്ക് ആവശ്യമെങ്കിൽ മാത്രം പെയിന്റ് ചെയ്താൽ മതിയാകും ഈ ഘട്ടങ്ങളുടെ സ്വതവേയുള്ള നിറമായ് ചുവപ്പ് എല്ലാ വീടുകൾക്കും ഇണങ്ങിയ ഒരു നിറം തന്നെയാണ്. വൈറ്റ് സിമെന്റ് അടിക്കണമെങ്കിലും ഒരു കോട്ട് അടിച്ചാൽ മതിയാകും.

അതേസമയം ഇത്തരം ബ്രിക്സുകൾ ഉപയോഗിച്ച്  കെട്ടിടം പണിയുമ്പോൾ കൃത്യമായി ഇത് അറിയാവുന്ന ആളുകളെക്കൊണ്ട് പണി ചെയ്യിപ്പിക്കണം. കാരണം മറ്റ് വസ്തുക്കൾ ഉപയോഗിച്ച് വീട് പണിയുന്നതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. അതിനാൽ ഇതിൽ പ്രാവീണ്യം നേടിയ ആളുകളെക്കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതാണ്. എന്നാൽ  ഈ ബ്രിക്സ് ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുമ്പോൾ ഇലക്ട്രിക്, പ്ലംബിങ് പണികൾ ചെയ്യുമ്പോഴും ഏറെ കരുതൽ ആവശ്യമാണ്. സൂക്ഷിച്ച് ഈ വർക്കുകൾ നടത്തിയില്ലെങ്കിൽ ഈ ബ്രിക്സ് പൊട്ടാൻ സാധ്യതയുണ്ട്.

ചൂട് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ചിലവ് കുറയാനും അതിനോടൊപ്പം പ്രകൃതിയെ സംരക്ഷിക്കാനും ഈ ബ്രിക്സുകൾ ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് കഴിയും. 

പ്രകൃതിയെ ചൂഷണം ചെയ്യാതെ വീടുകൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഉദാഹരണമാണ് ഈ വീട്. പ്രകൃതിയോട് ഇണങ്ങിയ വീട് പണിയാൻ ആഗ്രഹിക്കുന്നവർ പരമാവധി കോൺക്രീറ്റ് ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. റിസോർട്ടുകളുടെയും മറ്റും നിർമ്മാണങ്ങൾക്ക് കൂടുതൽ അഭികാമ്യം ഇത്തരം വസ്തുക്കൾ കൊണ്ട് ഒരുക്കുന്ന വീടുകളാണ്. അതിനാൽ വീടൊരുക്കുമ്പോൾ ഇക്കാര്യങ്ങൾ മുഴുവൻ ശ്രദ്ധിക്കുക.