വീടുപണിക്ക് ‘പാറമണൽ’ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും.

മിക്ക വീടുകളിലും ഇപ്പോൾ നിർമ്മാണത്തിനായി പാറമണൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും നിർമ്മാണ സമയത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല എങ്കിലും വ്യാജ പാറമണൽ ഉപയോഗിച്ച് വീട് നിർമ്മിക്കുമ്പോൾ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്.

പലപ്പോഴും വീടുപണിയിൽ തേപ്പ് പണി പൂർത്തിയായി പുട്ടി അടിച്ചു തുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഭിത്തിയിൽ പല ഭാഗത്തായി വിള്ളലുകളും, പൊട്ടലുകളും കാണാൻ തുടങ്ങും.

തൽക്കാലത്തേക്ക് അവ പുട്ടിയിട്ട് സെറ്റ് ആക്കിയാലും പിന്നീട് കൂടുതൽ ഭാഗത്തേക്ക് വിള്ളലുകൾ വരാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വീട് നിർമ്മാണത്തിനായി പാറമണൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

വ്യാജ പാറ മണലുകളെ തിരിച്ചറിയണം.

പ്രധാനമായും ആറ്റ് മണലിന് പകരമായാണ് വ്യാജ പാറമണൽ ഉപയോഗപ്പെടുത്തുന്നത്. ഇവ നിർമ്മിക്കുന്നത് മാനുഫാക്ചർ ചെയ്തെടുക്കുന്ന സാൻഡ്, ക്വാറിയിൽ നിന്നും ബാക്കി വരുന്ന പാറപ്പൊടി എന്നിവ ഉപയോഗിച്ചാണ്.

പലപ്പോഴും നനഞ്ഞ പാറപ്പൊടിയാണ് പാറ മണൽ എന്ന വ്യാജേനെ നിർമ്മാണ സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നത്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ച് കുറഞ്ഞ കാലയളവിൽ തന്നെ പൊട്ടലുകളും വിള്ളലുകളും കണ്ടു തുടങ്ങുന്നു.

നല്ല ക്വാളിറ്റിയിലുള്ള പാറമണൽ ഒരു ക്യുബിക് അടിക്ക് വിലയായി നൽകേണ്ടി വരുന്നത് 55 മുതൽ 65 രൂപ എന്ന നിരക്കിലാണ്.

അതേസമയം പ്ലാസ്റ്ററിങ്ങിനു ഉപയോഗിക്കുന്ന മണലിന് ഏകദേശം 60 രൂപയ്ക്കും 70 രൂപയ്ക്കും ഇടയിൽ വില നൽകണം. ഇവിടെയാണ് പലരെയും പാറപ്പൊടി തിരഞ്ഞെടുക്കുന്നതിലേക്ക് ആകർഷിക്കുന്ന കാര്യം. വെറും 28 രൂപ മുതൽ 35 രൂപ വരെ ചിലവാക്കിയാൽ പാറപ്പൊടി വീട്ടിലെത്തും.

ഏകദേശം 150 അടി ലോഡ് മണലിൽ അതിന്റെ പകുതി അളവിൽ പാറപ്പൊടി കലർത്തിയാൽ തന്നെ വ്യാജന്മാർക്ക് ലാഭം 2000 രൂപയ്ക്ക് മുകളിൽ ആണ്. എന്നുമാത്രമല്ല സാധാരണ ആളുകൾക്ക് ഈയൊരു തട്ടിപ്പ് പെട്ടെന്ന് മനസ്സിലാവുകയുമില്ല.

വ്യാജ പാറമണലിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകൾ.

പ്രധാനമായും മണൽ നിർമിച്ചുനൽകുന്ന ക്രഷർ യൂണിറ്റുകളിൽ നിന്നും മണൽ സംഭരിച്ചു വയ്ക്കുന്ന ആളുകളും ലോറി ഡ്രൈവർമാരും തമ്മിലാണ് ഇടപാടുകൾ നടത്തുന്നത്. അതോടൊപ്പം തന്നെ
അനധികൃതമായി പാറമണൽ നിർമ്മിച്ച് നൽകുന്ന നിരവധി ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മണലിലും ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പുകൾ നടക്കുന്നുണ്ട്.

പൊതുമരാമത്ത് നിയമം അനുസരിച്ച് അംഗീകാരം ലഭിച്ചിട്ടുള്ള ക്രഷർ യൂണിറ്റുകളുടെ മണലുകൾ മാത്രമാണ് നിർമ്മാണ പ്രവർത്തികൾക്ക് ഉപയോഗിക്കാൻ പാടുകയുള്ളൂ എന്ന് പറയുന്നുണ്ട്. എന്നാൽ ഇവയൊന്നും തന്നെ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

പലപ്പോഴും വ്യാജ പാറ മണലുകൾ സാധാരണക്കാരായ ആളുകൾക്ക് കണ്ടെത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽനിന്നും മാത്രം മണൽ വാങ്ങാനായി ശ്രദ്ധിക്കുക.

വാങ്ങുന്ന മണലിന് തീർച്ചയായും ബിൽ വാങ്ങി സൂക്ഷിക്കുക. ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനായി ഒരു എൻജിനീയറുടെ സഹായം തേടാവുന്നതാണ്.

പാറ മണലിന്റെ ഗുണനിലവാരം ചെക്ക് ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്ന ടെസ്റ്റ് ആണ് ‘സീവ് അനാലിസിസ് ‘.

നമ്മുടെ നാട്ടിലെ മിക്ക എൻജിനീയറിംഗ് കോളേജുകളിലും മണലിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുണ്ട്. ആവശ്യമെങ്കിൽ അവ ഉപയോഗപ്പെടു-ത്താവുന്നതാണ്.ഇതിനായി ഏകദേശം 600 രൂപയ്ക്ക് താഴെ മാത്രമാണ് ചിലവ് വരുന്നത്.

സ്വന്തം വീടിന് ഈടും ഉറപ്പും വേണമെന്ന് ആഗ്രഹിക്കുന്നവർ വീട് നിർമ്മാണത്തിനായി മണൽ തിരഞ്ഞെടുക്കുമ്പോൾ മുകളിൽ നിർദ്ദേശിച്ച കാര്യങ്ങൾ കൂടി പരിഗണിക്കുന്നത് നല്ലതായിരിക്കും.