മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും.

മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും.ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വേണം നിർമ്മിക്കാൻ.

അതല്ല എങ്കിൽ പിന്നീട് കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വീടിന് ഉണ്ടായിക്കൊള്ളണമെന്നില്ല.

കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് ചൂടിനും തണുപ്പിനും മഴയ്ക്കുമെല്ലാം ഒരേ രീതിയിൽ പ്രാധാന്യം നൽകേണ്ടതുണ്ട്.

അതിനനുസരിച്ചുള്ള ഒരു പ്ലോട്ട് തിരഞ്ഞെടുത്ത് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ വീട് പണിയിലെ പകുതി തലവേദന ഒഴിഞ്ഞു എന്ന് വിശ്വസിക്കാം.

വ്യത്യസ്ത കാലാവസ്ഥയും വീടിന് നൽകേണ്ട കരുതലും വിശദമായി മനസിലാക്കാം.

മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് വേനൽക്കാലമാണ്. അതുകൊണ്ടുതന്നെ വീടിനെ ചൂടിൽ നിന്നും പ്രതിരോധിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും AC ഒരു സ്ഥിര സാന്നിധ്യമായി മാറിയിരിക്കുന്നു. എന്നാൽ അതിന് പകരമായി വീട് നിർമാണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ വീടിനകത്ത് തണുപ്പ് നിറയ്ക്കാൻ സാധിക്കും എന്നത് പലരും ചിന്തിക്കുന്നില്ല.

മുറ്റം മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകിയും, ടെറസിന് കോൺക്രീറ്റിംഗ് രീതി ഉപയോഗപ്പെടുത്തുന്നതും മാറ്റിയാൽ തന്നെ ചൂടിനെ ഒരു പരിധിവരെ നിയന്ത്രിക്കാനായി സാധിക്കും.

വീടിന്റെ ചുറ്റുപാടും കുറച്ച് മരങ്ങൾ, ചെടി എന്നിങ്ങനെ പച്ചപ്പ് നിറക്കാൻ ഇന്ന് പലരും താല്പര്യപ്പെടുന്നില്ല.

അതിന് കാരണമായി പറയുന്നത് മഴക്കാലത്ത് ഇലകളും മറ്റും വീണ് ടെറസിന് മുകളിൽ വെള്ളം കെട്ടിനിന്ന് പ്രശ്നങ്ങൾ വരും എന്നതാണ്.

ഈർപ്പം നിന്ന് ഭിത്തികളിൽ ക്രാക്ക് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നിരവധി വാട്ടർ പ്രൂഫിങ് എജന്റ്സ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

വീടിന് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വെള്ള പോലുള്ള ഇളം നിറങ്ങളാണ് എക്സ്റ്റീരിയറിൽ നൽകുന്നത് എങ്കിൽ ചൂടു കുറയ്ക്കാനായി സാധിക്കും.

ട്രസ്സ് വർക്ക് ചെയ്ത വീടുകളിൽ മുകൾഭാഗത്ത് ചൂടു കൂടുതലുള്ള സമയങ്ങളിൽ ഓല കൊണ്ടു പോയി വയ്ക്കുന്നതും ചൂടു കുറയ്ക്കാനുള്ള ഒരു മാർഗമാണ്.

ചൂട് കൂടുതലുള്ള സമയങ്ങളിൽ കാറ്റിന്റെ അളവും കൂടുതലായി അനുഭവപ്പെടാറുണ്ട്.

അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ വീട്ടിനകത്ത് നൽകിയിട്ടുള്ള കർട്ടൻ, കാർപെറ്റ്,റഗ് എന്നിവ ക്ലീൻ ചെയ്ത് നൽകാനായി ശ്രദ്ധിക്കണം.

മഴക്കാലത്തെ പ്രതിരോധിക്കേണ്ട രീതി.

മൺസൂൺ സീസൺ എല്ലാ അർത്ഥത്തിലും വീടിന് സുരക്ഷ ഉറപ്പു വരുത്തേണ്ട കാലാവസ്ഥയാണ്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ ടെറസിനു മുകളിൽ കെട്ടി നിൽക്കുന്ന ചപ്പുചവറുകൾ ക്ലീൻ ചെയ്യാനായി ശ്രദ്ധിക്കണം. വീട്ടിൽ മഴവെള്ള സംഭരണികൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിൽ അതിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് വാൽവുകൾ ഓപ്പൺ ചെയ്തു നൽകണം. പൈപ്പ് നല്ല രീതിയിൽ ക്ലീൻ ചെയ്ത് വേണം വാൽവ് തുറന്നു വിടാൻ. അതല്ല എങ്കിൽ മഴ പെയ്താൽ ഉണ്ടാകുന്ന ചളി വെള്ളമായിരിക്കും ടാങ്കിൽ നിറയുക.

ഓട് മേഞ്ഞ വീടുകൾ ആണ് എങ്കിൽ മഴ തുടങ്ങുന്നതിനു മുൻപായി തന്നെ പൊട്ടിയ ഓടുകൾ എടുത്തു മാറ്റി പുതിയത് നൽകാനായി ശ്രദ്ധിക്കുക. ദ്രവിച്ച പട്ടികകൾ ഉണ്ടെങ്കിൽ അവയും മാറ്റി പുതിയത് ഫിറ്റ് ചെയ്ത് നൽകണം. വീട്ടിനകത്ത് ഉപയോഗിക്കുന്ന കട്ടികൂടിയ കാർപെറ്റ്,റഗ് കുഷ്യനുകൾ എന്നിവയെല്ലാം ഈർപ്പം നില നിൽക്കാത്ത രീതിയിലുള്ളവ നോക്കി തിരഞ്ഞെടുത്ത് നൽകാനായി ശ്രദ്ധിക്കുക.ഇവയിൽ ഈർപ്പം നില നിൽക്കുന്നത് ഫംഗസ്,ബാക്ടീരിയ എന്നിവ ഉണ്ടാക്കുന്നതിനും അത് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കും. അതിശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ പെയിന്റിങ്,വാർണിഷിങ് പണികൾ ഒരു കാരണവശാലും ചെയ്യരുത്. പെയിന്റ് ശരിയായ രീതിയിൽ ഉണങ്ങാനുള്ള സമയം ലഭിക്കാത്തതു കൊണ്ട് തന്നെ അവ ഈർപ്പം നില നിന്ന് പെട്ടെന്ന് അടർന്നു പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു കാരണവശാലും നനവുള്ള വസ്ത്രങ്ങൾ വീട്ടിനകത്ത് ഉണക്കാനായി ഇടരുത്. മാത്രമല്ല ഈർപ്പം നില നിൽക്കുന്ന പൂർണ്ണമായും ഉണങ്ങാത്ത തുണികൾ അലമാരയിൽ മടക്കി വക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മഞ്ഞുകാലത്തെ വരവേൽക്കാൻ

കേരളത്തെ സംബന്ധിച്ച് തണുപ്പുകാലം കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങൾ കുറവാണ് എങ്കിലും പല ജില്ലകളിലും തണുപ്പിന്റെ സാന്നിധ്യം ചില മാസങ്ങളിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ തണുപ്പുകാലം എത്തുന്നതിനു മുൻപ് വീട്ടിനകത്ത് നൽകിയിട്ടുള്ള റൂം ഹീറ്ററുകൾ ഉണ്ടെങ്കിൽ അവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക. വീട്ടിനകത്തേക്ക് തണുപ്പ് കയറാതിരിക്കാനായി ജനാലകൾക്ക് കട്ടി കൂടിയ കർട്ടനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. നിലത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത് കൊണ്ട് തന്നെ അതിനെ പ്രതിരോധിക്കാനായി കാർപെറ്റ്, കട്ടികൂടിയ റഗുകൾ എന്നിവ നിലത്ത് വിരിക്കാവുന്നതാണ്. സ്വെറ്റർ പോലെയുള്ള തണുപ്പുകാല വസ്ത്രങ്ങൾ തണുപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ വെയിലത്തിട്ട് ഉണക്കി എടുത്തു വയ്ക്കാനായി ശ്രദ്ധിക്കുക. കാലങ്ങളായി ഉപയോഗിക്കാതെ വയ്ക്കുന്ന ഇത്തരം തുണികൾ മടക്കി വച്ചാൽ അവയിൽ പൂപ്പൽ നിറഞ്ഞ് പ്രത്യേക സ്മെൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അലർജി, ആസ്ത്മ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് കൂടാൻ ഇതൊരു കാരണമായേക്കും.

വസ്ത്രങ്ങളിൽ നിന്നും ഉണ്ടാകുന്ന ദുർഗന്ധം വീട്ടിനകത്ത് എപ്പോഴും ജനാലകളും വാതിലുകളും അടച്ചിട്ടാൽ ഉണ്ടാകുന്ന ഗന്ധം എന്നിവ ഒഴിവാക്കുന്നതിനായി കർപ്പൂരം, വേപ്പില എന്നിവ വീട്ടിനകത്തും അലമാരകൾക്ക് ഉള്ളിലും വെക്കാവുന്നതാണ്. അടുക്കളയിൽ സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ, മസാലക്കൂട്ടുകൾ എന്നിവ പെട്ടെന്ന് പൂപ്പൽ വരാനുള്ള സാധ്യത തണുപ്പുകാലത്ത് കൂടുതലാണ്. അതുകൊണ്ടുതന്നെ ഒട്ടും ജലാംശം ഇല്ലാത്ത വായു അകത്തേക്ക് എത്താത്ത രീതിയിലുള്ള പാത്രങ്ങൾ നോക്കി സൂക്ഷിക്കാനായി ശ്രദ്ധിക്കുക. വീട്ടിലെ റഫ്രിജറേറ്ററിന്റെ തണുപ്പ് ക്രമീകരിച്ച് വിന്റർ മോഡ് ആക്കി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.അതല്ല എങ്കിൽ ഫ്രിഡ്ജിനകത്ത് സൂക്ഷിച്ച് വസ്തുക്കൾ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

മാറുന്ന കാലാവസ്ഥയും വീടിനാവശ്യമായ കരുതലും മനസിലാക്കിക്കൊണ്ട് സീസൺ മാറുന്നതനുസരിച്ച് വീടിനും അനിവാര്യമായ മാറ്റങ്ങൾ നൽകാവുന്നതാണ്.