സ്റ്റെയർ റൂം നിർമ്മിക്കുമ്പോൾ പലരും ചെയ്യുന്ന അബദ്ധങ്ങൾ ഇവയെല്ലാമാണ്.

നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഒരു നില കെട്ടി സ്റ്റെയർ നൽകി സ്റ്റെയർ റൂം നൽകുകയാണ് പതിവ്. ഭാവിയിൽ വീടിന് മുകളിലത്തെ നില ആവശ്യമെങ്കിൽ എടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. വീടിന് അകത്തു നിന്നും മുകളിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് മിക്ക വീടുകളിലും സ്റ്റെയർ റൂം നൽകുന്നത് .

എന്നാൽ ഇത്തരത്തിൽ സ്റ്റെയർ റൂമുകൾ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അകത്തേക്ക് വെള്ളം കയറുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എന്നാൽ തുടക്കത്തിൽ തന്നെ ഇരുനില എന്ന രീതിയിലാണ് വീട് കെട്ടുന്നത് എങ്കിൽ സ്റ്റെയർ റൂം മാത്രമായി വരുന്നില്ല. ആവശ്യമുള്ള അത്രയും അപ്പർ ലിവിങ് ഏരിയ, റൂമുകൾ എന്ന രീതിയിൽ ആണ് ഉണ്ടാവുക.

സ്റ്റെയർ റൂമുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു സ്റ്റെയർ റൂം നിർമ്മിക്കുന്നതിനു മുൻപായി ആദ്യം ചിന്തിക്കേണ്ടത് അത്‌ ആവശ്യമുണ്ടോ എന്നത് തന്നെയാണ്.

അതായത് ഒരു ഒറ്റ നില വീടാണ് പണിയുന്നത് എങ്കിൽ അവിടെ ഒരു സ്റ്റെയർ റൂം നൽകുന്നതിനായി 200 മുതൽ 300 സ്ക്വയർഫീറ്റ് ആവശ്യമായി വരുന്നുണ്ട്.

അതേസമയം സ്റ്റെയർകേസ് പുറം വഴിയാണ് നൽകുന്നത് എങ്കിൽ സ്റ്റെയർ റൂം ഒഴിവാക്കാൻ സാധിക്കും. ഇത് സ്ഥലം ലഭിക്കുന്നതിനും സഹായകരമാണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സ്ക്വയർഫീറ്റിന് 2000 രൂപയുടെ അടുത്താണ് കൺസ്ട്രക്ഷൻ ചാർജ്ജ് വരുന്നത്. ഇത്തരത്തിൽ 300 സ്ക്വയർ ഫീറ്റ് വരുമ്പോൾ തന്നെ ഏകദേശം ആറു ലക്ഷം രൂപയുടെ അടുത്ത് ചിലവ് അധികമായി പ്രതീക്ഷിക്കേണ്ടി വരും.

കൂടാതെ വീടിന് അകത്തു കൂടെ സ്റ്റെയർകെയ്സ് നൽകുമ്പോൾ അവയിൽ പതിക്കുന്നതിനായി ടൈൽ, അല്ലെങ്കിൽ മാർബിൾ ചിലവ് വരുന്നുണ്ട്.

കൂടാതെ സ്റ്റെയർ റൂമിലേക്ക് പോകുന്ന വഴിയിൽ ഒരു വിൻഡോ നൽകുന്നുണ്ടെങ്കിൽ അതിനുള്ള ചിലവ് അധികമായി നൽകേണ്ടതുണ്ട്. സ്റ്റെയർകെയ്സിന് നൽകുന്ന റെയിൽ നിർമ്മിക്കുന്നതിനുള്ള ചിലവും പ്രത്യേകം കണക്കാക്കണം.

വീടിന്റെ ആദ്യ നില പൂർത്തിയായി ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ രണ്ടാമത്തെ നില കൂടി നിർമ്മിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ സ്റ്റെയർ റൂമുകൾ നൽകുന്നതിൽ തെറ്റില്ല.

സ്റ്റെയർ റൂമുകളിൽ വെള്ളം അകത്തേക്ക് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

റൂമിന്റെ അകത്തേക്ക് വെള്ളം കയറാതിരിക്കാൻ സ്റ്റെപ്പിന്റെ ഭാഗത്ത് ഒരു കെർബ് നൽകേണ്ടതുണ്ട്.

കെർബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കട്ടിളയുടെ വീതി അനുസരിച്ച് 10 സെന്റീമീറ്റർ എങ്കിലും വലുപ്പത്തിൽ കോൺക്രീറ്റ് നൽകുന്നതാണ്. അല്ലായെങ്കിൽ ശക്തമായ മഴയിൽ വെള്ളം അകത്തേക്ക് അടിച്ചു കയറാൻ സാധ്യതയുണ്ട്.

കട്ടിള ഉയർന്ന് നിൽക്കാത്ത സാഹചര്യത്തിൽ വെള്ളം ഡോറിലേക്ക് തട്ടി ഡാമേജ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതല്ല എങ്കിൽ ടോയ്ലറ്റിൽ എല്ലാം ചെയ്യുന്നതുപോലെ കുറച്ച് താഴ്ത്തി സ്ലാബ് നൽകാവുന്നതുമാണ്.

കൂടാതെ ഡോറിനോട്‌ ചേർന്ന് ടൈൽ ഉണ്ടെങ്കിൽ അതിൽ വെള്ളം കെട്ടിനിന്ന് താഴെയുള്ള മുറികളിലേക്ക് വെള്ളം ലീക്ക് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം.

പെർമനന്റ് ആയി ടെറസ് എന്ന രീതിയിലാണ് സ്റ്റെയർ റൂമിൽ നിന്നും ടെറസിലേക്ക് ഇറങ്ങുന്ന ഭാഗം നൽകുന്നത് എങ്കിൽ നിരപ്പായ കോൺക്രീറ്റ് ചെയ്യാം.

എന്നാൽ കൃത്യമായ ജോയിന്റ് നൽകാത്ത പക്ഷം ചുമരുകളിൽ ലീക്ക് വരാനുള്ള സാധ്യതയുണ്ട്.

സ്റ്റെയർ റൂമുകൾ ചെയ്യുമ്പോൾ 9 അടിയെങ്കിലും ഉയരത്തിൽ സ്ലാബ് നൽകുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി പിന്നീട് അതിനു മുകളിലേക്ക് വരുന്ന രീതിയിൽ റൂം കോൺക്രീറ്റ് ചെയ്യാൻ സാധിക്കും.

കൃത്യമായ പ്ലാനിങ് ഇല്ലാതെ സ്റ്റെയർ റൂം നൽകുമ്പോൾ പിന്നീട് പാരപ്പറ്റ് പോലുള്ളവ കട്ട് ചെയ്തു തുടർ നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടതായി വരും.

സ്റ്റെയറിനായി റൂം നൽകുമ്പോൾ അതോടൊപ്പം തന്നെ പറ്റുമെങ്കിൽ ആവശ്യമുള്ള മറ്റ് മുറികൾ നൽകുന്നതാണ് എന്തുകൊണ്ടും നല്ലത്.

കൃത്യമായ പ്ലാനോടു കൂടിയാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ മെറ്റീരിയൽ, ലേബർ കോസ്റ്റ് എന്നിവ കുറയ്ക്കാൻ ഒറ്റത്തവണയായി വീടുപണി മുഴുവൻ പൂർത്തിയാക്കുന്നത് തന്നെയാണ് നല്ലത്.

സ്റ്റെയർ റൂമുകൾ നൽകി അതിനു മുകളിൽ ഗ്ലാസ് റൂഫ്,പർഗോള എന്നിവ നൽകുമ്പോൾ അവ മെയിൻറ്റൈൻ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. ഗ്ലാസ് റൂഫുകൾ ഉപയോഗപ്പെടുത്തുമ്പോൾകേട് വരികയാണെങ്കിൽ റീപ്ലേസ് ചെയ്യാൻ നല്ല ഒരു തുക ചിലവഴിക്കേണ്ടി വരാറുണ്ട്.

സ്റ്റെയർ റൂമിന് ഡോർ നൽകുമ്പോൾ നല്ല ക്വാളിറ്റിയിൽ തന്നെ നൽകാൻ ശ്രദ്ധിക്കണം. അതല്ല എങ്കിൽ വളരെ പെട്ടെന്ന് കള്ളന്മാർക്ക് അത് പൊളിച്ച് വീട്ടിനകത്തേക്ക് പ്രവേശിക്കാൻ സാധിക്കും.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു സ്റ്റെയർ റൂം നൽകുമ്പോൾ അത് ആവശ്യമാണോ എന്നകാര്യം രണ്ടുതവണ ചിന്തിക്കുക. പലപ്പോഴും വർഷങ്ങൾ കഴിഞ്ഞ് വീടിന്റെ മുകൾഭാഗം എടുക്കുന്നതിനെ പറ്റി ചിന്തിക്കുന്നവർ ഇത്തരത്തിൽ ഒരു റൂം നൽകാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം.