സ്റ്റെയർ കേസിൽ നിന്ന് അടി തെറ്റാതിരിക്കാൻ ശ്രദ്ധ നൽകാം അളവുകളിൽ.

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കുന്നതിനായി സ്റ്റെയർ കേസുകൾ നൽകാറുണ്ട്.

പലപ്പോഴും മരത്തിൽ തീർത്ത കോണികൾ നൽകി മുകളിലേക്ക് പ്രവേശിക്കുന്ന രീതിയാണ് പഴയ വീടുകളിൽ ഉപയോഗപ്പെടുത്തിയിരുന്നത്.

ഇന്ന് വ്യത്യസ്ത രീതിയിലും മോഡലിലും ഉള്ള കോണികൾ നമ്മുടെ വീടുകളിൽ ഇടം പിടിച്ചു. സ്റ്റെയർകേസിന്റെ രൂപത്തിന് തന്നെ വലിയ മാറ്റം വന്നു കോൺക്രീറ്റിൽ തീർത്ത സ്റ്റെപ്പുകളും, അവയിൽ വ്യത്യസ്ത മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച റെയിലുകളും നൽകിയതോടെ സ്റ്റെയർ കേസുകൾക്ക് പൂർണമായും രൂപമാറ്റം വന്നു.

എന്നിരുന്നാലും പലപ്പോഴും സ്റ്റെയർകേസിൽ സ്റ്റെപ്പുകൾ നൽകുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പിന്നീട് വലിപ്പ വ്യത്യാസം ഉണ്ടാകുന്നതിനും മറ്റു പല പ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്.

സ്റ്റെയർ കേസിന് വീതി നീളം വലിപ്പം എന്നിവ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി അറിഞ്ഞിരിക്കാം.

സ്റ്റെയർകേസിന്റെ നീളം, വീതി,വലിപ്പം

പലപ്പോഴും വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണുന്ന ഭാഗത്തായി ആഡംബരം നിറച്ചു കൊണ്ട് സ്റ്റെയർകേസ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ പലരും പിന്തുടരുന്നത്.

അടിതെറ്റിയാൽ ആനയും വീഴും എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് കൃത്യമായ വലിപ്പത്തിൽ അല്ലാതെ നിർമ്മിക്കുന്ന കോണിപ്പടിയിൽ നിന്ന് ആർക്കുവേണമെങ്കിലും അടി തെറ്റാം.

കുറച്ചുകാലം മുൻപുവരെ സാധാരണയായി സ്റ്റെപ്പുകൾക്ക് വീതിയായി നൽകിയിരുന്നത് 90 സെന്റീമീറ്റർ എന്ന കണക്കിൽ ആയിരുന്നു.

അതിനോടൊപ്പം ഹാൻഡ് റെയിലുകൾ കൂടെ അറ്റാച്ച് ചെയ്യുമ്പോൾ വീണ്ടും ഒരു 10 സെന്റീമീറ്റർ കൂടി കുറവ് വരുന്നു.

അങ്ങിനെ സ്റ്റെപ്പിന്റെ വീതി 80 സെന്റീമീറ്ററിലേക്ക് ചുരുക്ക പെടുന്നു. അത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മുകളിലേക്ക് കയറ്റാനും മറ്റും വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്.

ഹാൻഡ് റെയിലുകൾ സൈഡ് ഭാഗത്ത് കൂടുതൽ ശ്രദ്ധ നൽകി ചെയ്യുകയാണെങ്കിൽ 90 സെന്റീമീറ്റർ എന്ന അളവിൽ തന്നെ സ്റ്റെപ്പുകൾക്ക് വീതി നൽകാൻ സാധിക്കും.

എന്നിരുന്നാലും സ്റ്റെയർകേസ് സ്റ്റെപ്പിന്റെ വീതി എപ്പോഴും ഒരു മീറ്റർ എന്ന് അളവിലെങ്കിലും നൽകുന്നതാണ് കൂടുതൽ ഉചിതം.സ്റ്റെയർ കേസ് സ്റ്റെപ്പുകളുടെ വീതി കൂടുമ്പോൾ അത് സൗകര്യം മാത്രമല്ല വർധിപ്പിക്കുന്നത് കൂടുതൽ ഭംഗി നൽകുകയും ചെയ്യും.

ഹാൻഡ് റെയിൽ വലിപ്പം

മുൻകാലങ്ങളിൽ മിക്ക വീടുകളിലും ഹാൻഡ് റെയിലിന് വലിപ്പമായി നിശ്ചയിച്ചിരുന്നത് 75 മുതൽ 80 സെന്റീമീറ്റർ എന്ന അളവിൽ ആയിരുന്നു.

എന്നാൽ ഇന്ന് മിനിമം റെയിൽ ആള വായി 90 സെന്റീമീറ്റർ ആണ് നൽകുന്നത്. വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ചതും,ഡിസൈനിൽ ഉള്ളതുമായ ഹാൻഡ് റെയിലുകൾ സ്റ്റെയർകെയ്സിന് കൂടുതൽ ഭംഗി നൽകുന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.

സ്റ്റെയർകെയ്സിന് നീളം നൽകുമ്പോൾ

ഇരുനില വീടുകൾ നിർമ്മിച്ച് സ്റ്റെയർകേസ് നൽകുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് സ്റ്റെയർകേസ് സ്റ്റെപ്പുകൾക്ക്‌ നൽകുന്ന നീളം.

സ്റ്റെപ്പിന്റെ നീളം കൂടി പോകുന്നതും കുറഞ്ഞു പോകുന്നതും പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

നീളം കൂടിയ സ്റ്റെപ്പുകളിൽ പ്രായമായവർക്കും കുട്ടികൾക്കും കയറാൻ വളരെയധികം ബുദ്ധിമുട്ടാണ്.

അതേസമയം വലിപ്പം കുറഞ്ഞ സ്റ്റെപ്പുകൾ ആണ് നൽകുന്നത് എങ്കിൽ മിക്കപ്പോഴും കാൽമുട്ടിന് വേദന അനുഭവപ്പെടുകയും ചെയ്യും.

രണ്ടോ മൂന്നോ ആളുകൾ മാത്രം താമസിക്കുന്ന വീടുകളിൽ സ്റ്റെയർ റൂമുകളിലേക്ക് പ്രവേശിക്കുന്നത് തന്നെ വളരെ കുറവായിരിക്കും.

ഈ കാര്യങ്ങളെല്ലാം മനസ്സിൽ കണ്ടുകൊണ്ട് വേണം സ്റ്റെയർകേസ് നിർമ്മിക്കാൻ. സ്റ്റെപ്പുകൾ ക്ക് ഹൈറ്റ് നൽകുമ്പോൾ 3.1 എന്ന അളവിൽ ഹൈറ്റ് നൽകുന്ന സ്ലേബിൽ ഉപയോഗിക്കുന്നത് 17 സെന്റി മീറ്റർ മുതൽ 18 സെന്റീമീറ്റർ ഹൈറ്റ് എന്ന കണക്കിലാണ്.

ഇത് വീടിന്റെ മുകളിലേക്കുള്ള കയറ്റം കൂടുതൽ പ്രയാസം ഉള്ളതാക്കി മാറ്റുന്നു. അതേസമയം സ്റ്റെപ്പിന്റെ വലിപ്പം 15 സെന്റീമീറ്റർ ആക്കി ചുരുക്കി വലിപ്പം കുറയ്ക്കുകയാണെങ്കിൽ വളരെ എളുപ്പം മുകളിലോട്ട് കയറാനായി സാധിക്കും.

ഡിസൈനുകൾ തിരഞ്ഞെടുക്കുമ്പോൾ

മുൻകാലങ്ങളിൽ പ്രധാനമായും ഫ്ലാറ്റ് ടൈപ്പ് സ്റ്റെയറുകളാണ് കൂടുതലായും ഉപയോഗ-പ്പെടുത്തിയിരുന്നത്. ഇന്ന് അതിൽ നിന്നും മാറി ചെയിൻ ടൈപ്പ് സ്റ്റെയറുകളും, ട്രെഡ് റൈസ് സ്റ്റെയറുകളും നൽകി തുടങ്ങി.

കൂടാതെ സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ച് സ്റ്റെയർ നൽകുകയും, അതോടൊപ്പം വുഡ് കൂടി ഉപയോഗപ്പെടുത്തി കൂടുതൽ ഭംഗി നൽകിയും സ്റ്റെയർകേസ് ചെയ്യുന്നവരുണ്ട്. സ്റ്റെയർ കേസുകൾ നിർമിക്കാൻ പലപ്പോഴും ചിലവ് കൂടുതലാണ്.

എന്നാൽ കുറച്ച് ശ്രദ്ധ നൽകി സ്റ്റെയർ നിർമിക്കുകയാണെങ്കിൽ ചിലവ് ചുരുക്കാനും വഴികളുണ്ട്. അതായത് സ്റ്റെയർകെയ്സിന് താഴെ വരുന്ന ഭാഗം ഒരു ബാത്ത്റൂം എന്ന രീതിയിലോ, വാഷ് ഏരിയ എന്ന രീതിയിലോ സെറ്റ് ചെയ്ത് നൽകുകയാണെങ്കിൽ വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

കോൺക്രീറ്റ് ഉപയോഗിച്ച് സ്റ്റെയറുകൾ നിർമ്മിക്കുമ്പോൾ 8എംഎം സ്റ്റീൽ റെയിലുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. ഇവ ആയാസമില്ലാതെ മുകളിലോട്ടു പിടിച്ചു കയറാൻ സഹായിക്കുന്നു.

ഇത്തരത്തിൽ കൃത്യമായ അളവുകൾ പാലിച്ചുകൊണ്ട് സ്റ്റെയറുകൾക്ക് നീളവും വീതിയും വലിപ്പവും നൽകുകയാണെങ്കിൽ പിന്നീട് മുകളിലോട്ട് കയറിയിറങ്ങാൻ ബുദ്ധിമുട്ടേണ്ടി വരില്ല.