ഗോവണി പടികളും ചില കണക്കുകളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഭാഗം തന്നെയാണ് സ്റ്റെയർകേസ് നിർമ്മാണം.

കൃത്യമായ അളവിലും, ആകൃതിയിലും അവ നിർമ്മിച്ചു നൽകിയില്ലെങ്കിൽ കണക്കുകൾ തെറ്റുമെന്ന് മാത്രമല്ല അടിതെറ്റി താഴെ വീഴാനും സാധ്യത കൂടുതലാണ്.

പണ്ട് കാലത്തെ ഓട് വീടുകളിൽ വീടിന്റെ ഏതെങ്കിലും ഇരുട്ടു പിടിച്ച മൂലയിൽ മരത്തിൽ തീർത്ത ഗോവണികളാണ് നൽകിയിരുന്നത്.

എന്നാൽ കാലം കുറെ കൂടി മുന്നോട്ട് സഞ്ചരിച്ചപ്പോൾ കൂടുതൽ പ്രകാശവും, വായു സഞ്ചാരവും ലഭിക്കുന്ന ഇടങ്ങളിലേക്ക് ഗോവണിപ്പടികൾക്ക് സ്ഥാനമാറ്റം ലഭിച്ചു.

അതോടൊപ്പം നിർമ്മാണ രീതി ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഡിസൈനുകൾ എന്നിവയിലും വലിയ വിപ്ലവമാണ് സ്റ്റെയർകേസുകൾ കൊണ്ടു വന്നത്.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ഗോവണി പടിയുടെ അളവുകൾ കൃത്യമായി പാലിച്ച് എങ്ങിനെ നിർമ്മിക്കണം എന്നതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഗോവണി പടികളും ചില കണക്കുകളും മനസിലാക്കാം.

രൂപത്തിലും കാഴ്ചയിലും മാത്രമല്ല അന്തവിശ്വാസങ്ങളുടെ കാര്യത്തിലും ഗോവണിപ്പടികൾ അത്ര പുറകിലല്ല എന്നതാണ് വാസ്തവം.

ഒറ്റ നമ്പർ,ഇരട്ട നമ്പർ എന്നിവ പടിക്കെട്ടുകളിൽ വേണമെന്ന് നിർബന്ധം പിടിക്കുന്നവർ മനസിലാക്കേണ്ട കാര്യം അവയ്ക്ക് പുറകിൽ ചില ശാസ്ത്രീയ സത്യങ്ങൾ ഉണ്ട് എന്നതാണ്.

ഭാഗ്യം കൊണ്ടു വരുന്ന കാര്യത്തിൽ പടികൾക്ക് പ്രാധാന്യം ഉണ്ടോ എന്ന കാര്യം പറയാൻ സാധിക്കില്ല എങ്കിലും സ്റ്റെയർർ കേയ്സിന്റെ ആകൃതി ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ കൃത്യമായ എണ്ണം പടിക്കെട്ടുകൾ നൽകേണ്ടതുണ്ട്.

പഴയ വീടുകളെ റിനോവേറ്റ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഇടങ്ങളും ഗോവണിപ്പടികൾ തന്നെയാണ്.

മുൻപ് നിർമ്മിച്ച ഭിത്തികൾ നിലനിർത്തി പുതിയ കമ്പിയും കോൺക്രീറ്റും തുളച്ച് കയറ്റുമ്പോൾ പടികൾക്ക് ആവശ്യത്തിന് ബലം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

അതുപോലെ വ്യത്യസ്ത ഡിസൈനുകളിലും മെറ്റീരിയലുകളിലും ഇന്ന് ഗോവണി പടികൾ നിർമ്മിച്ച് നൽകുന്നുണ്ട്.

ചെയിൻ ടൈപ്പ്,ഫ്ലോട്ടിങ് ടൈപ്പ് രീതിയിലെല്ലാം സ്റ്റെയർകേസുകൾ നിർമ്മിച്ചു നൽകുന്ന രീതിയാണ് കണ്ടു വരുന്നത്. ഇവയിലും അളവുകളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

കണക്കുകൾ കറക്റ്റ് ആക്കാൻ

ഗോവണി പടികളുടെ ഉയരം കൂട്ടി നൽകിയാലും കുറച്ച് നൽകിയാലും അത് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാറുണ്ട്.

വലിപ്പം കൂടിയ പടിക്കെട്ടുകൾ പ്രായമായവർക്കും മറ്റും കയറാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പടിക്ക് നൽകുന്ന ഉയരം 15 സെന്റീമീറ്റർ, വീതി 30 സെന്റീമീറ്റർ എന്നിങ്ങനെയുള്ള അളവുകളാണ് ഉപയോഗപ്പെടുത്തേണ്ടത്.

എല്ലാ പടികളിലും ഈയൊരു അനുപാതം തന്നെ പിന്തുടരാനായി ശ്രദ്ധിക്കേണ്ടതുണ്ട്.

പടിക്കെട്ടുകൾ കയറി പോകുമ്പോൾ അവയ്ക്കിടയിലായി ഒരു ലാൻഡിങ് സ്പേസ് സജ്ജീകരിച്ചു നൽകാൻ ശ്രദ്ധിക്കണം. പടിക്കെട്ടിനോട് ചേർന്ന് ഹാൻഡ് റെയിലുകൾ ഫിറ്റ് ചെയ്യുമ്പോൾ അവയ്ക്ക് 100 cm എങ്കിലും ഉയരം നിർബന്ധമായും നൽകണം.

അതേസമയം അപകടം വിളിച്ചു വരുത്തുന്ന രീതിയിലുള്ള ഹാൻഡ് റെയിൽ ഡിസൈനുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഹാൻഡ് റെയിലുകൾക്കിടയിൽ വിടവ് നൽകുന്നുണ്ടെങ്കിൽ അവയ്ക്കിടയിലെ ഗ്യാപ്പ് 10 സെന്റീമീറ്ററിൽ കൂടുതൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ

ഹാൻഡ് റെയിലുകൾ നൽകുമ്പോൾ ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്ന രീതി സ്റ്റീൽ, ഗ്ലാസ് കോമ്പിനേഷനാണ്.ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ടെമ്പേർഡ് ടൈപ്പ് തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും അവയുടെ തിക്ക്നസ് 12 സെന്റീമീറ്റർ എങ്കിലും ഉണ്ടെന്ന കാര്യവും ഉറപ്പു വരുത്തുക .

പടികൾക്ക് കൂടുതൽ ഭംഗി ലഭിക്കാനായി വുഡ്, ടൈലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തുമ്പോൾ വളരെയധികം സ്മൂത്തായ മെറ്റീരിയൽ തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

റഫ് ടൈപ്പ് മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ കുട്ടികൾക്കും പ്രായമായവർക്കും പടികളിൽ ചവിട്ടുമ്പോൾ ഗ്രിപ്പ് ലഭിക്കും.പടികൾ കയറിപ്പോകുന്ന ഭാഗങ്ങളിൽ ഫൂട്ട് ലാമ്പുകൾ നൽകുന്നതും കോർണർ ലൈറ്റുകൾ സജ്ജീകരിച്ച് നൽകുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

ഗോവണി പടികളും ചില കണക്കുകളും പാലിക്കപ്പെടേണ്ട കാര്യങ്ങൾ തന്നെയാണ്.