വീട് നിർമ്മാണത്തിനായി പ്ലോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ പണി കിട്ടും.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ വീടുപണി പൂർണ്ണമായും പൂർത്തിയാകുന്നത് വരെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പലപ്പോഴും കുടുംബ സ്വത്ത് ഭാഗിക്കുമ്പോൾ ലഭിക്കുന്ന സ്ഥലത്ത് വീട് പണിയുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം.

അതല്ല എങ്കിൽ ഇഷ്ടമുള്ള സ്ഥലത്ത് ഒരു പ്ലോട്ട് വാങ്ങി വീടു വയ്ക്കുന്നവരും ഉണ്ട്. എന്നാൽ ജോലി ആവശ്യങ്ങൾക്കും മറ്റുമായി പരിചയമില്ലാത്ത സ്ഥലത്ത് പോയി പ്ലോട്ട് വാങ്ങി വീട് വെക്കുമ്പോൾ പറ്റുന്ന അബദ്ധങ്ങൾ നിരവധിയാണ്. വീട് നിർമ്മാണം പൂർത്തിയാകുമ്പോളായിരിക്കും അത് വീട് വയ്ക്കാൻ അനുവാദമില്ലാത്ത പ്ലോട്ട് ആണ് എന്ന കാര്യം തിരിച്ചറിയുക. അതുകൊണ്ടുതന്നെ വീടു നിർമാണത്തിനായി പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഏത് പ്ലോട്ടിൽ വേണമെങ്കിലും വീട് നിർമിക്കാൻ സാധിക്കുമോ?

വീട് നിർമ്മിക്കുന്നതിനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ആ സ്ഥലത്തേക്ക് കൃത്യമായ വഴി ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം. അതല്ല എങ്കിൽ ഭാവിയിൽ വഴി തർക്കങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

വീട് നിർമ്മിക്കുന്ന സ്ഥലം നിലം ഇനത്തിൽ ഉൾപ്പെടുന്നതാണ് എങ്കിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി എന്നിവയിൽനിന്നും പെർമിഷൻ ലഭിക്കുകയില്ല. ഇത്തരം സ്ഥലത്ത് വീട് നിർമ്മിച്ചാലും പിന്നീട് പെർമിറ്റ് കിട്ടാത്ത അവസ്ഥ വരും.

ഒരു പ്ലോട്ട് വാങ്ങുന്നതിന് മുൻപായി തന്നെ അതിന്റെ എല്ലാ രേഖകളും കൃത്യമാണോ എന്ന് പരിശോധിക്കണം.

സ്ഥലത്തിന്റെ ആധാരം, മുൻ ആധാരം, കുടിക്കിട സർട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള രേഖകളെല്ലാം പരിശോധിച്ച് സ്ഥലത്തിന്റെ പേരിൽ സാമ്പത്തിക ബാധ്യതകൾ ഇല്ല എന്ന് ഉറപ്പുവരുത്തുക

. പലപ്പോഴും ബാങ്ക് ലോണിനായി ചെല്ലുമ്പോൾ 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ് ആവശ്യമായി വരാറുണ്ട്.

മിക്കവര്‍ക്കും സംഭവിക്കുന്ന അബദ്ധങ്ങൾ.

പ്ലോട്ട് വാങ്ങുന്നതിനു മുമ്പായി എല്ലാ രേഖകളും ഒരു വക്കീലിനെ കാണിച്ച് കൃത്യമാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതല്ല എങ്കിൽ രേഖകളെ പറ്റി കൃത്യമായി അറിവുള്ള ഒരാളെ കാണിച്ചാലും മതി.

വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലം ആണോ പുരയിടം ആണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് വീട് വയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്.

മുൻസിപ്പാലിറ്റിയിൽ 5 സെന്റ്, പഞ്ചായത്തിൽ 10 സെന്റ് എന്ന കണക്കിൽ വീടുവയ്ക്കാൻ നിലം വിഭാഗത്തിൽ ഉൾപ്പെടുന്ന

ഭൂമിയിൽ അനുവദിക്കുന്നുണ്ട്. എന്നാൽ സ്ഥലം വാങ്ങുന്ന വ്യക്തിയുടെ പേരിൽ മറ്റു വസ്തുക്കൾ ഉണ്ടാകാൻ പാടില്ല എന്ന് നിയമമുണ്ട്.

വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കുറഞ്ഞത് 10 അടി വീതിയിൽ ഉള്ള വഴി എങ്കിലും ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

എന്നാൽ മാത്രമാണ് വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനും നിർമാണപ്രവൃത്തികൾ എളുപ്പമാക്കുന്നതിനും സാധിക്കുകയുള്ളൂ.

വഴിയിലേക്കുള്ള ഇലക്ട്രിക് പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ നൽകണം. ഉൾ പ്രദേശത്തോട് ചേർന്നാണ് വീട് വയ്ക്കുന്നത് എങ്കിൽ ചിലപ്പോൾ രണ്ടോ മൂന്നോ ഇലക്ട്രിക് പോസ്റ്റുകൾ ആവശ്യമായി വരും.

ഒരു പോസ്റ്റിനു തന്നെ ഏകദേശം 15000 രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടതായി വരും. പോസ്റ്റിട്ട 30 മീറ്റർ ദൂരത്തേക്ക് മാത്രമാണ് സർവീസ് വയർ ലഭിക്കുകയുള്ളൂ. ബാക്കി ദൂരത്തേക്ക് വയർ എടുക്കുന്നതിന് ചിലവ് കൂടുതലാണ്.

വീട് വയ്ക്കുന്നതിന് നിരപ്പായ സ്ഥലം തന്നെ തിരഞ്ഞെടുക്കണം. ഒരുപാട് താഴ്ന്നതോ, ഉയർന്നതോ ആയ പ്രദേശങ്ങൾ വീടുവയ്ക്കാൻ തിരഞ്ഞെടുക്കുന്നത് നല്ലതല്ല.

എന്നാൽ ഇത്തരം പ്രദേശങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വീട് നിർമ്മിക്കാൻ ഉചിതമായ രീതിയിൽ നിരപ്പാക്കണം.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ ഉള്ള സ്ഥലം ഒരുകാരണവശാലും വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.

തുടർച്ചയായി വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളിൽ വീട് നിർമിച്ചാൽ അത് വീടിന്റെ സ്ട്രക്ചർ തന്നെ നശിക്കുന്നതിന് കാരണമായേക്കാം.

വീട്ടിലേക്ക് ജലസ്രോതസ്സ് ലഭിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തണം. പല പ്രദേശങ്ങളിലും കൃത്യമായ ജലലഭ്യത ഉണ്ടായിരിക്കുകയില്ല. പ്രത്യേകിച്ച് ഉയർന്ന സ്ഥലങ്ങളിൽ പാറക്കെട്ടുകൾ ഉള്ളത് ജലലഭ്യത കുറയ്ക്കുന്നതിന് കാരണമാകുന്നു.

വസ്തു വാങ്ങുമ്പോൾ തന്നെ അടുത്തുള്ള വീടുകളിലോ മറ്റോ അന്വേഷിച്ച് ജലലഭ്യത ഉള്ള സ്ഥലം ആണ് എന്ന് ഉറപ്പ് വരുത്താവുന്നതാണ്.

ഒരു വീട് നിർമ്മിക്കുന്നതിന് പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.