അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.മിക്ക വീടുകളിലും അടുക്കള ജോലി ചെയ്യുന്നവർക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് പാത്രം കഴുകൽ.

നിറഞ്ഞിരിക്കുന്ന സിങ്ക് മിക്കവർക്കും കാണാൻ ഇഷ്ടമുള്ള കാഴ്ചയല്ല എങ്കിലും തങ്ങൾ കഴിച്ച പാത്രങ്ങളാണ് സിങ്കിൽ കുമിഞ് കൂടിയിരിക്കുന്നത് എന്നത് പലരും അംഗീകരിക്കാൻ തയ്യാറല്ല.

കിച്ചണിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് കിച്ചൻ സിങ്ക്. എന്നാൽ പല വീടുകളിലും ഏതെങ്കിലും ഒരു സിങ്ക് വാങ്ങി വയ്ക്കുക എന്ന രീതിയാണ് കണ്ടു വരുന്നത്.

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു വേണം ആ വീട്ടിലെ അടുക്കളയിലെ സിങ്ക് തിരഞ്ഞെടുക്കാൻ.

കാരണം അത്രയും പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും, ഭക്ഷണം കഴിച്ച പാത്രങ്ങളും കഴുകേണ്ട ഇടം കിച്ചൻ സിങ്കാണ്.

സിങ്കിന്റെ വലിപ്പ പ്രശ്നം പരിഹരിക്കണമെന്ന് തോന്നുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഡബിൾ സിങ്കുകൾ. അവയുടെ ഉപയോഗം , തിരഞ്ഞെടുക്കേണ്ട രീതി എന്നിവ മനസിലാക്കാം.

അടുക്കളയിലെ ജോലിഭാരവും ഡബിൾ സിങ്കും.

പലരും അടുക്കളയുടെ ആഡംബരം കാണിക്കുന്നതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടാറുണ്ടെങ്കിലും അവയെക്കാൾ എല്ലാം കൂടുതൽ പണം ചിലവഴിക്കേണ്ട ഇടം കിച്ചൻ സിങ്കാണ്.

ശരിയായ രീതിയിൽ ഫിക്സ് ചെയ്തില്ല എങ്കിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങളും, ദുർഗന്ധവും സൃഷ്ടിക്കുന്ന ഇടം.

പലരും ഡബിൾ സിങ്ക് എന്ന ആശയത്തെ പറ്റി ചിന്തിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

രണ്ട് സിങ്കുകളിൽ ആയി പാത്രങ്ങൾ നിക്ഷേപിക്കുന്നത് കൊണ്ട് എന്താണ് വലിയ വ്യത്യാസം എന്ന് ചിന്തിക്കേണ്ട.

പാത്രങ്ങൾ വൃത്തിയായി കഴുകി എടുക്കാനും വെള്ളം പൂർണമായും പോയ ശേഷം ഷെൽഫിൽ അടുക്കാനും ഡബിൾ സിങ്കുകൾ വളരെയധികം ഉപകാര പ്രദമാണ്.

വ്യത്യസ്ത ഡിസൈനിലും മോഡലിലും ഉള്ള ഡബിൾ സിങ്കുകൾ പ്രമുഖ ബ്രാൻഡുകൾ വിപണിയിൽ ഇറക്കുന്നുണ്ട്.

എന്നാൽ സിംഗിൾ സിങ്കിനേക്കാൾ ഇവയ്ക്ക് വില കൂടുതലാണ് എന്നത് പലർക്കും അവ തിരഞ്ഞെടുക്കാനുള്ള താല്പര്യം കുറയ്ക്കുന്ന കാര്യങ്ങളാണ്.

ഡബിൾ സിങ്ക് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

പാത്രം കഴുകൽ വളരെ പെട്ടെന്ന് തീർക്കാൻ ഡബിൾ സിങ്കുകൾ വളരെയധികം ഗുണം ചെയ്യും. രണ്ട് സിങ്കിനോടും അറ്റാച്ച് ചെയ്ത് പൈപ്പുകൾ നൽകിയിട്ടുണ്ടെങ്കിൽ ഒരേസമയം രണ്ടു പേർക്ക് പാത്രം കഴുകി എടുക്കാവുന്നതാണ്.സിങ്കിൾ സിങ്ക് ഉപയോഗിക്കുമ്പോൾ ഫ്ലോറിലേക്ക് കൂടുതലായി വെള്ളം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കൂടുതൽ പാത്രങ്ങൾ അടിഞ്ഞു കിടക്കുമ്പോൾ കിച്ചൻ സിങ്ക് എളുപ്പത്തിൽ വൃത്തികേട് ആകാനുള്ള സാധ്യതയുമുണ്ട്. അതേസമയം രണ്ട് സിങ്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും.

ലാഭം പ്രതീക്ഷിച്ച് ഡബിൾ സിങ്ക് രീതി ഒഴിവാക്കുമ്പോഴും ആവശ്യമില്ലാത്ത ആഡംബരങ്ങൾ വീട്ടിൽ കാണിക്കുന്നതിന് പലരും ശ്രദ്ധ നൽകാറുണ്ട്.അതിന്റെ പകുതി പണം ചിലവാക്കിയാൽ അടുക്കളയിലെ വലിയ പ്രശ്നത്തിന് പരിഹാരമായി എന്ന് പലരും ചിന്തിക്കുന്നില്ല. കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിൽ രണ്ട് സിങ്കുകൾ നൽകുമ്പോൾ ചൂടു വെള്ളം വരുന്ന രീതിയിൽ ഒരെണ്ണം സജ്ജീകരിച്ച് നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് പാത്രങ്ങൾ അണു വിമുക്തമാക്കാനും സാധിക്കും. അതേസമയം ഒരു പൈപ്പ് മാത്രം നൽകി വ്യത്യസ്ത രീതിയിൽ അഡ്ജസ്റ്റ് ചെയ്ത് ചൂടും തണുപ്പും ഉപയോഗിക്കുന്ന രീതിയിലും നൽകുന്നതിൽ തെറ്റില്ല.

രണ്ട് കിച്ചണുകൾ ഉള്ള വീടുകളിൽ

ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും രണ്ട് കിച്ചണുകൾ ഒരു ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുകയാണ്. ഒരെണ്ണം ഷോ കിച്ചൺ എന്ന രീതിയിലും, മറ്റൊരെണ്ണം ഭക്ഷണം പാകം ചെയ്യാനുള്ള ഇടം എന്ന രീതിയിലുമാണ് കണക്കാക്കുന്നത്. അങ്ങിനെയാണെങ്കിൽ ഷോ കിച്ചണിൽ ഡബിൾ സിങ്ക് നൽകേണ്ട ആവശ്യമില്ല.

ആവശ്യമെങ്കിൽ സെക്കൻഡറി കിച്ചണിൽ ഡബിൾ സിങ്ക് നൽകാം. അല്ലെങ്കിൽ രണ്ട് കിച്ചനിലും ഓരോ സിങ്ക് നൽകി പെട്ടെന്ന് വൃത്തിയാക്കുന്ന പാത്രങ്ങൾ ഷോ കിച്ചണിലും, സമയമെടുത്ത് ക്ലീൻ ചെയ്യേണ്ട പാത്രങ്ങൾ രണ്ടാമത്തെ കിച്ചനിലെ സിങ്കിലും ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. അടുക്കളയിലെ ഏറ്റവും ഭാര പെടുന്ന ജോലികളിൽ ഒന്നായ പാത്രം കഴുകൽ എളുപ്പമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഡബിൾ സിങ്കുകൾ.

അടുക്കളയിലെ ജോലി ഭാരം കുറയ്ക്കാൻ ഡബിൾ സിങ്കുകൾ തീർച്ചയായും ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.