LPG ഗ്യാസ് സിലിണ്ടർ പൈപ്പ് ലൈൻ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

എല്ലാ വീടുകളിലെയും ഒരു അവിഭാജ്യഘടകമാണ് എൽപിജി ഗ്യാസ് സിലിണ്ടറുകൾ. മുൻകാലങ്ങളിൽ വിറകടുപ്പ് ഉപയോഗിച്ചാണ് മിക്ക വീടുകളിലും പാചകം ചെയ്തിരുന്നത്.

എന്നാൽ ഇന്ന് മിക്ക വീടുകളിലെയും ആളുകളുടെ ജോലി തിരക്ക് വർദ്ധിച്ചു വരുന്നതിനനുസരിച്ച് കൂടുതൽ സമയം എടുത്ത് അടുപ്പിൽ പാചകം ചെയ്യുക എന്ന രീതി തന്നെ പാടെ മാറിയിരിക്കുന്നു.

ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുക എന്ന രീതിയാണ് 80 ശതമാനം വീടുകളിലും കണ്ടു വരുന്നത്. എന്നാൽ എൽപിജി ഗ്യാസ് സിലിണ്ടറുകൾ ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്തില്ല എങ്കിൽ അവ വലിയ രീതിയിലുള്ള അപകടങ്ങൾ വരുത്തി വയ്ക്കും. മിക്ക വീടുകളിലും അടുക്കളയിൽ പുറത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിലാണ് ഗ്യാസ് സിലിണ്ടറുകൾ ഫിക്സ് ചെയ്ത് നൽകുന്നത്.

അതുകൊണ്ടുതന്നെ ഒരു ചെറിയ സ്പാർക്ക് വീണാൽ പോലും അവ കത്തി പടരാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം വീടിനു പുറത്തേക്ക് ഒരു പൈപ്പ് ലൈൻ എടുത്ത് സിലിണ്ടർ ഫിക്സ് ചെയ്തു ഗ്യാസ് ഉപയോഗിക്കുകയാണെങ്കിൽ അവ ഗ്യാസ് സിലിണ്ടറിന്റെ കൂടുതൽ സുരക്ഷിതമായ ഉപയോഗം സാധ്യമാക്കുന്നു. പൈപ്പ് ലൈൻ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ ഫിക്സ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

പൈപ്പ് ലൈൻ വഴി ഗ്യാസ് ഉപയോഗപ്പെടുത്തുക യാണെങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?

വളരെ ചിലവുകുറഞ്ഞതും അതേസമയം വീടിന് സുരക്ഷ നൽകുന്ന രീതിയും പൈപ്പ് ലൈൻ വഴി ഗ്യാസ് ഉപയോഗപ്പെടുത്തുന്നതാണ്.

ഗ്യാസ് പൈപ്പുകൾ നൽകുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ജിൻഡൽ MLC ഗ്യാസ് പൈപ്പുകളാണ്.

പ്രധാനമായും അഞ്ച് രീതിയിലുള്ള ലെയറുകൾ കോട്ടിങ് ചെയ്തു കൊണ്ടാണ് ഇത്തരം പൈപ്പുകൾ നിർമ്മിച്ചെടുക്കുന്നത്.

ഏറ്റവും അകത്ത് ഫുഡ് ഗ്രെയിൻ പൈപ്പുകളും, തുടർന്ന് അഡ്ഹെസീവ് അലുമിനിയം പൈപ്പുകളും കോട്ടിംഗ് ആയി ഉപയോഗിക്കുന്നു.

അതുകൊണ്ടുതന്നെ പൈപ്പ് വളരെയധികം പ്രൊട്ടക്ടീവ് ആയ രീതിയിലാണ് ഗ്യാസ് വിതരണം നടത്തുന്നത്. വീടിന്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും ഗ്യാസ് പൈപ്പ് ലൈൻ വലിച്ച് എടുക്കാൻ സാധിക്കും.

ജോയിന്റ്സ് നൽകുമ്പോൾ

ഗ്യാസ് പൈപ്പ് ലൈനിൽ ജോയിന്റ്സുകളുടെ എണ്ണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതായത് എത്രമാത്രം ജോയിന്റുകൾ ഉണ്ടോ അത്രയും കൂടുതൽ ലീക്കിനുള്ള സാധ്യതയും കൂടുതലാണ്.

ഇവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ റോൾ രൂപത്തിലാണ് വരുന്നത്. അതുകൊണ്ടുതന്നെ എത്ര ദൂരേക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്നു.

ഉപയോഗിക്കുന്ന പൈപ്പിന്റെ ക്വാളിറ്റി അനുസരിച്ച് സുരക്ഷിതത്വവും വർദ്ധിക്കും. പൈപ്പുകൾക്ക് ഇടയിലുള്ള ജോയിന്റ്സ് നൽകുന്നതിന് ഒരു സ്ലീവ്, സോക്കറ്റ് എന്നിവ ഉപയോഗപ്പെടുത്തുന്നു.

അതേസമയം ജോയിന്റുകൾ ഒരു കാരണവശാലും സോൾഡറിങ് ചെയ്യേണ്ടതിന്റെയോ, മറ്റേതെങ്കിലും രീതിയിൽ ഫിക്സ് ചെയ്യേണ്ടതന്റിയോ ആവശ്യം വരുന്നില്ല.

അതായത് ഒരു സാധാരണ പ്ലംബിങ് വർക്ക് അറിയാവുന്ന ഏതൊരു വ്യക്തിക്കും പൈപ്പ് ലൈൻ വഴി ഗ്യാസ് വലിച്ചെടുക്കാൻ സാധിക്കും.

എവിടെയെല്ലാം ഗ്യാസ് ലൈനുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും?

ഒരു വീടിന്റെ ഏതു മുക്കിലും മൂലയിലും ഗ്യാസ് പൈപ്പ് ലൈനുകൾ എത്തിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ വർക്ക് ഏരിയ, രണ്ട് കിച്ചണുകൾ വരുന്ന വീടുകൾ എന്നിവിടങ്ങളിലേക്ക് എല്ലാം യാതൊരുവിധ പ്രയാസവുമില്ലാതെ പൈപ്പ് ലൈൻ വഴി ഗ്യാസ് വലിച്ചെടുക്കാവുന്നതാണ്. മിക്ക വീടുകളിലും നോൺവെജ് ഐറ്റംസ് ഗ്രിൽ ചെയ്തെടുക്കുന്ന ഒരു പതിവുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ സ്റ്റവ് പുറത്തേക്ക് കൊണ്ടു വന്ന് ഗ്രില്ല് ചെയ്തെടുക്കാൻ സാധിക്കും. മാത്രമല്ല ഗ്യാസ് സിലിണ്ടർ വീട്ടിലേക്ക് കൊണ്ടുവരുന്ന ആൾക്ക് വളരെ എളുപ്പത്തിൽ ഇവ കൈകാര്യം ചെയ്യാനും സാധിക്കും. ആവശ്യത്തിന് വലിപ്പത്തിൽ പൈപ്പ് ലൈനുകൾ എടുത്ത് ഭിത്തിയിൽ ഫിക്സ് ചെയ്ത്, ടൈറ്റ് ചെയ്തു പൈപ്പ് ലൈൻ വഴി ഗ്യാസ് ഉപയോഗപ്പെടുത്താൻ സാധിക്കും.

സിലിണ്ടറുകൾ മോഷ്ടിക്കപ്പെടുമോ?

ഇപ്പോൾ സ്വാഭാവികമായും പലർക്കും തോന്നുന്ന ഒരു സംശയം ഗ്യാസ് സിലിണ്ടർ വീടിനു പുറത്ത് വച്ചാൽ ക അവ മോഷ്ടിക്കപ്പെടുമോ എന്നതാണ്. ഇതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അവ ലോക്ക് ചെയ്തു വയ്ക്കുക എന്നത് തന്നെയാണ്. രണ്ട് സിലിണ്ടറുകൾ ഒരു വീട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ തമ്മിൽ ഒരു ലോക്ക് ഉപയോഗിച്ച് കണക്ട് ചെയ്ത് ഫിക്സ് ചെയ്യാവുന്നതാണ്. അതെ സമയം വീട്ടിനു പുറത്താണ് ഗ്യാസ് സിലിണ്ടറുകൾ നൽകുന്നത് എങ്കിൽ അവ ഒരു നിശ്ചിത പൊക്കത്തിൽ ആയി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇങ്ങനെ ചെയ്യുന്നത് വഴി മഴ, ചൂട് എന്നിവയിൽനിന്നും സിലിണ്ടറുകൾക്ക് സംരക്ഷണം ലഭിക്കും.ഒരു സിലിണ്ടർ പൂർണമായും തീരുമ്പോൾ അടുത്ത സിലണ്ടറിന്റെ വാൾവ് ഓപ്പൺ ചെയ്തു നൽകിയാൽ ഓട്ടോമാറ്റിക് ആയി തന്നെ അവ വർക്കായി തുടങ്ങും. ഒരു ഭാഗത്തുനിന്നും സിലിണ്ടർ എടുത്ത് കൊണ്ടു പോയി മാറ്റേണ്ട ആവശ്യം വരുന്നില്ല. എക്സ്പേർട്ട് ആയ ആളുകളെ ഉപയോഗിച്ചാണ് ഗ്യാസ് പൈപ്പ് ലൈൻ വർക്കുകൾ ചെയ്യിപ്പിക്കുന്നത് എങ്കിൽ പിന്നെ യാതൊരു പേടിയും വേണ്ട.

അടുക്കളയുടെയും അവിടെ പാചകം ചെയ്യുന്ന വ്യക്തിയുടെയും കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനായി ഗ്യാസ് പൈപ്പ് ലൈൻ രീതി ഉപയോഗപ്പെടുത്താവുന്നതാണ്.