വീടിന്‍റെ ഫ്ലോറിങ് ചെയ്യുന്നതിനു മുൻപായി തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഭംഗി നൽകുന്നതിൽ ഫ്ലോറിന്റെ സ്ഥാനം ഒരു പടി മുന്നിൽ തന്നെയാണ്. വ്യത്യസ്ത മെറ്റീരിയലുകൾ ഫ്ലോറിങ്ങിനായി ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

ടൈൽസ്, മാർബിൾ,ഗ്രാനൈറ്റ് എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട് എങ്കിലും അവ കൃത്യമായി അല്ല നൽകുന്നത് എങ്കിൽ അത് ഫ്ലോറിന്റെ മുഴുവൻ ഭംഗിയും ഇല്ലാതാക്കുന്നു.

ടൈലുകളിൽ തന്നെ സെറാമിക്,വിട്രിഫൈഡ്, ഡിജിറ്റൽ, ടെറാക്കോട്ട ടൈലുകൾ വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും വാങ്ങാൻ സാധിക്കും.

ഇതിൽ ഏത് രീതിയിൽ ഉള്ളവയാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും ആദ്യം ഫ്ലോറിങ്ങിനായി ഒരു പ്രത്യേക ഒരുക്കം തന്നെ നടത്തേണ്ടതുണ്ട്. എന്തെല്ലാമാണ് അത്തരം ഒരുക്കങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്ന് വിശദമായി മനസ്സിലാക്കാം.

ഫ്ലോറിങ്ങിന് മുൻപായി എടുക്കേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാമാണ്?

സാധാരണയായി പ്ലാസ്റ്ററിംഗ്,പുട്ടി പ്രൈമർ വർക്കുകൾ ചെയ്തതിനു ശേഷം മാത്രമാണ് ഫ്ലോറിങ് വർക്കുകൾ ആരംഭിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം സ്ലാബുകളിൽ നിന്നും മറ്റും ഉണ്ടാകുന്ന ഡസ്റ്റ് ആണ്.

കൂടാതെ പരുക്കൻ വർക്കുകളും മറ്റും ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടിയും ടൈലിൽ അടിഞ്ഞു കൂടുന്നു. ഇവ ഫ്ലോറിന് മുകളിൽ രണ്ടോ,മൂന്നോ കോട്ടിങ് ആയി തന്നെ അടിഞ്ഞു കൂടും.

അതുകൊണ്ടുതന്നെ ഫ്ലോറിങ്‌ ചെയ്യുന്നതിനു മുൻപായി ഇത് നല്ല രീതിയിൽ ക്ലീൻ ചെയ്ത് നൽകേണ്ടതുണ്ട്.

കോൺക്രീറ്റിൽ ഇത്തരത്തിൽ അഴുക്ക് അടിഞ് കൂടിയിട്ടുണ്ട് എങ്കിൽ ഒരു കമ്പിപ്പാരയോ മറ്റോ ഉപയോഗിച്ച് ശക്തമായി കുത്തി അവ പുറത്തു കളയണം.

യഥാർത്ഥ കോൺക്രീറ്റിൽ അല്ല ടൈൽ നൽകുന്നത് എങ്കിൽ കുറച്ചുകാലത്തെ ഉപയോഗം കൊണ്ട് തന്നെ അടർന്നു പൊന്തി വരാനുള്ള സാധ്യത കൂടുതലാണ്.

ഫ്ലോറിങ് ചെയ്യുന്നതിനു മുൻപായി ഗ്രൗട്ട് ചെയ്ത് പരുക്കൻ ഇട്ടതിനു ശേഷമാണ് ടൈൽ മെറ്റീരിയൽ ഒട്ടിച്ചു നൽകേണ്ടത്.

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ

ഓരോരുത്തർക്കും അവരവരുടെ ഇഷ്ടാനുസരണം വ്യത്യസ്ത കളറിലും പാറ്റേണിലുള്ള ടൈലുകൾ തിരഞ്ഞെടുക്കാം. എന്നാൽ അവ ജോയിൻ ഫ്രീ ആണോ എന്ന കാര്യം ശ്രദ്ധിക്കണം.

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ യാതൊരുവിധ ബെന്റുകളും ഇല്ല എന്ന കാര്യം ഉറപ്പുവരുത്തണം.ബെന്റുകൾ ഉള്ള ടൈലുകൾ തിരഞ്ഞെടുത്താൽ പിന്നീട് അവ കൃത്യമായി ജോയിൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരും.

ഗ്രാനൈറ്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അവ കട്ട് ചെയ്യുന്നതിനായി വെള്ളം ഉപയോഗിച്ച് കട്ട് ചെയ്യുന്ന ട്രോളി കട്ടർ ഉപയോഗിക്കുന്നുണ്ടോ എന്നകാര്യം ഉറപ്പുവരുത്തുക. ഗ്രാനൈറ്റ് മാത്രമല്ല മാർബിൾ,ടൈൽ എന്നിവ കട്ട് ചെയ്യുന്നതിനും ട്രോളി കട്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. അതേസമയം ഹാൻഡ് കട്ടറുകൾ ഉപയോഗിക്കാതിരിക്കാൻ പണിക്കാരോട് പ്രത്യേകം പറയുക. ഹാൻഡ് കട്ടിങ് ആണ് ചെയ്യുന്നത് എങ്കിൽ പലപ്പോഴും ടൈലുകളുടെ സൈഡ് ഭംഗിയിലും, കൃത്യമായ അളവിലും ലഭിക്കില്ല. മെഷീൻ ഉപയോഗിച്ച് കട്ട് ചെയ്യുമ്പോൾ സൈഡ് കട്ട് ആവാതെ സൂക്ഷിക്കാനും അവ കൃത്യമായ ഷേപ്പിൽ തന്നെ ഉപയോഗപ്പെടുത്താനും സാധിക്കും. ടൈലുകളുടെ എഡ്ജ് നല്ലരീതിയിൽ പോളിഷ് ചെയ്യാനായി ആവശ്യപ്പെടണം.

സ്പേസർ ഉപയോഗിക്കുക

സാധാരണ മിക്ക സ്ഥലങ്ങളിലും സ്പേസർ ഉപയോഗിക്കാതെയാണ് ഫ്ളോറിംഗ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് ടൈലുകളുടെ പൂർണ ഭംഗി ഇല്ലാതാകാൻ കാരണമാകുന്നു. സ്പേസർ നൽകി അതിന്റെ ഇടയിൽ കൃത്യമായി പോളിഷ് ചെയ്ത് നൽകണം. എന്നാൽ മാത്രമാണ് അവ കൂടുതൽ കാലം ഈടു നിൽക്കുകയുള്ളൂ.

ഫ്ലോറിങ് പണികൾ ചെയ്യുന്നതിന് മുൻപായി ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.