സോഫക്കും കുഷ്യനും കരുതൽ നൽകാൻ.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.ഒരു വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നല്കികൊണ്ട് വാങ്ങേണ്ട ഒന്നാണ് സോഫ.

സോഫ മാത്രമല്ല അതിന് അനുയോജ്യമായ രീതിയിലുള്ള കുഷ്യനുകൾ തിരഞ്ഞെടുക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്.

ഇന്റീരിയർ നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ വേണം സോഫയും കുഷ്യനുകളും തിരഞ്ഞെടുക്കാൻ.

മാത്രമല്ല സോഫ വാങ്ങി കഴിഞ്ഞാൽ പിന്നീട് അവ വൃത്തിയാക്കുന്നത് പല വീടുകളിലും കാണാറില്ല എന്നതാണ് സത്യം.

ദിവസത്തിൽ കൂടുതൽ സമയവും ഉപയോഗപ്പെടുത്തുന്ന സോഫക്കും കുഷ്യനും പ്രത്യേക കരുതൽ നൽകേണ്ടതുണ്ട്.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും സോഫയും കുഷ്യനുകളും വൃത്തിയാക്കിയില്ലെങ്കിൽ അവ പെട്ടെന്ന് മുഷിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.

സോഫ, കുഷ്യൻ എന്നിവ ക്ലീൻ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ക്ലീൻ ചെയ്യേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ.

ഏതൊരു വീടിനെ സംബന്ധിച്ചും വൃത്തിയായും ഭംഗിയായും എല്ലാ സമയത്തും സൂക്ഷിക്കേണ്ട ഭാഗമാണ് ലിവിങ് ഏരിയ.

ഇത്തരം ഭാഗങ്ങളിലെ ഏറ്റവും പ്രധാന ഫർണീച്ചറായി കണക്കാക്കുന്നത് സോഫകളെയാണ്.

അതുകൊണ്ടു തന്നെ പൊടിപിടിച്ചു കിടക്കുന്ന സോഫകൾ പുതിയതായി വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് മാത്രമല്ല വീട്ടുകാർക്കും അരോചകമുണ്ടാക്കുന്ന കാര്യമായി മാറും.

സോഫ വാങ്ങിയതിനു ശേഷം പിന്നീട് കാലങ്ങളോളം അവ വൃത്തിയാക്കാതെ ഇടുമ്പോൾ പൊടിയും അഴുക്കും അടിഞ്ഞു കൂടി ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരും.

സോഫക്ക് മുകളിൽ പ്രത്യേക കവറുകൾ നൽകിയിട്ടുണ്ടെങ്കിൽ അവയിൽ നിന്നും മുഷിഞ്ഞ ഗന്ധം വരാനും സാധ്യത കൂടുതലാണ്.

വീട്ടിനകത്ത് വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ രോമം സോഫയിൽ അടിഞ്ഞു കൂടി അലർജി പോലുള്ള പ്രശ്നങ്ങൾക്ക് വരെ കാരണമായേക്കാം.

പ്രായ മായവരും ചെറിയ കുട്ടികളും ഉള്ള വീടുകളിലാണ് ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ടത്.

കൃത്യമായ ഇടവേളകളിൽ സോഫ വൃത്തിയാക്കി സൂക്ഷിക്കുകയാണെങ്കിൽ അവ എല്ലാ കാലത്തും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും സോഫയുടെ ഇടയിൽ വരുന്ന ചെറിയ മടുക്കുകൾ, കുഷ്യൻ എന്നിവ ഒരു വാക്വം ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.

മുകൾഭാഗം മാത്രമല്ല സോഫയുടെ അടിഭാഗം,പുറകു വശം എന്നിവിടങ്ങളിലും അഴുക്കും പൊടിയും അടിഞ്ഞു കൂടിയിട്ടുണ്ടാവും.

ആ ഭാഗങ്ങളും നല്ല രീതിയിൽ ക്ലീൻ ചെയ്യാനായി ശ്രദ്ധിക്കുക. സോഫയുടെ മുകളിൽ കവർ നൽകുന്നുണ്ട് എങ്കിൽ അവ ഓരോ ആഴ്ചയിലും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗപ്പെടുത്തുക.

കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

സോഫയും, കുഷ്യനും വൃത്തിയാക്കുന്നതിനു വേണ്ടി വാക്വം ക്ലീനർ ഉപയോഗപ്പെടുത്തുമ്പോൾ അതിന്റെ ബ്രഷ് ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുക. മൃദുവായ ബ്രഷ് ഉപയോഗിച്ചല്ല സോഫ ക്ലീൻ ചെയ്യുന്നത് എങ്കിൽ സോഫയിൽ നൽകിയിട്ടുള്ള അലങ്കാര ലേയ്സുകൾ,ബട്ടണുകൾ എന്നിവയെല്ലാം അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. ലെതർ സോഫകൾ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ അംശം നിൽക്കുന്നത് പൂപ്പൽ ഉണ്ടാകുന്നതിന് കാരണമാകുന്നു.

കുഷ്യന് പ്രത്യേക കവറുകൾ നൽകുകയാണെങ്കിൽ അവ കൃത്യമായ ഇടവേളകളിൽ അലക്കി ഉപയോഗിക്കാൻ സാധിക്കും.സോഫ്റ്റായ തുണി ഉപയോഗിച്ച് നിർമിച്ച കുഷ്യൻ കവറുകൾ നൽകുന്നതാണ് കൂടുതൽ നല്ലത്. തുണികൾക്ക് അനുസൃതമായി തന്നെ വേണം വാക്വം ക്ലീനറും ഉപയോഗപ്പെടുത്താൻ.അതേ സമയം സോഫ്റ്റായ തുണിയുടെ മുകളിൽ ശക്തമായി വാക്വം ക്ലീനർ അപ്ലൈ ചെയ്യുമ്പോൾ പെട്ടെന്ന് കീറി വരാനുള്ള സാധ്യതയുണ്ട്.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ ഉപയോഗിക്കേണ്ട രീതി

സോഫ വാങ്ങി കുറച്ച് ദിവസം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും താല്പര്യപ്പെടും. പിന്നീട് അതിനോടുള്ള ശ്രദ്ധ കുറയുകയും സോഫയുടെ കൈ ഭാഗങ്ങളിൽ കയറി ഇരിക്കുകയും ചെയ്യും. അങ്ങിനെ ചെയ്യുന്നത് വഴി അവ പെട്ടെന്ന് ഒടിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. സോഫ ഇരിക്കാനുള്ള ഒരിടമാണ് എന്നത് മറന്ന് പലരും മുഴുവൻ സമയവും കിടക്കാനായി ഉപയോഗപ്പെടുത്താറുണ്ട്.ഇത് സോഫ പെട്ടന്ന് കേടായി പോകുന്നതിന് കാരണമായേക്കാം.വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരോട് സോഫയുടെ മുകളിൽ കളിക്കുന്നത് ഒഴിവാക്കാൻ പറയുക.

എന്നാൽ പോറലുകൾ വീഴുന്നത് ഒഴിവാക്കാൻ സാധിക്കും. ചെറിയ രീതിയിലുള്ള ഒരു പോറൽ ആണ് വീഴുന്നത് എങ്കിൽപോലും തുണി, ലെതർ പോലുള്ള മെറ്റീരിയലുകളിൽ അവ വലുതായി മാറാൻ അധികം സമയം വേണ്ട . പിന്നീട് സോഫ മുഴുവനായും മാറ്റേണ്ട അവസ്ഥയിലേക്ക് വരെ എത്തിച്ചേക്കാം. കുഷ്യനുകൾ ശരിയായ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു വയ്ക്കാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ അവ കാഴ്ചയിൽ അഭംഗി നൽകും.സോഫയിലേക്ക് നേരിട്ട് സൂര്യപ്രകാശം തട്ടാത്ത രീതിയിൽ വേണം സജ്ജീകരിക്കാൻ. അല്ലെങ്കിൽ നിറം പെട്ടെന്ന് മങ്ങി പോകുന്നതിന് കാരണമായേക്കാം.

ക്ലീനിങ് എളുപ്പമാക്കാന്‍

ഫർണിച്ചറുകൾ ക്ലീൻ ചെയ്യുന്നതിനായി സിലിക്കേറ്റ് അടങ്ങിയ ഏതെങ്കിലും ഒരു പ്രോഡക്റ്റ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. നല്ല രീതിയിൽ സോഫ കൂടുതൽ കാലം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ഒരു സ്ലിപ്പ് കവർ ഉപയോഗപ്പെടുത്താവുന്നതാണ്. വീട്ടിൽ വലിയ ആഘോഷങ്ങൾ നടത്താൻ ഉദ്ദേശമുണ്ടെങ്കിൽ അതിന് മുൻപായി സോഫക്ക് മുകളിൽ പേപ്പർ ടവ്വൽ, ടെറി ടൗവ്വൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് വിരിച്ചു നൽകാം.

ഇങ്ങിനെ ചെയ്യുന്നതുവഴി ജ്യൂസ്, വെള്ളം എന്നിവ സോഫക്ക് മുകളിൽ വീണാലും അവ എളുപ്പത്തിൽ ക്ലീൻ ചെയ്യാനായി സാധിക്കും.സോഫ സജ്ജീകരിക്കുമ്പോൾ കൂടുതൽ സ്ഥലം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് L-ടൈപ്പ് വരുന്ന സോഫകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനായി ആദ്യം തിരഞ്ഞെടുക്കുന്നത് സോഫകൾ ആയിരിക്കും. അതു കൊണ്ട് തന്നെ അവ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

സോഫക്കും കുഷ്യനും കരുതൽ നൽകാൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.