ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.ഒരു വീടിനെ സംബന്ധിച്ച് അതിന്റെ വലിപ്പം നിർണയിക്കേണ്ടത് ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചാ-യിരിക്കണം.

അതായത് ഒരു അണു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ വീടിന്റെ വലിപ്പമായിരിക്കില്ല കൂട്ടുകുടുംബമായി താമസിക്കുന്നവർക്ക് ആവശ്യമായി വരിക.

അതു കൊണ്ട് തന്നെ ആവശ്യത്തിന് അനുസരിച്ചാണ് വീടിന്റെ വലിപ്പം നിശ്ചയിക്കേണ്ടത് എന്ന് പറയാം.

ഉയർന്ന വില കൊടുത്ത് പ്ലോട്ടുകൾ വാങ്ങി വീട് നിർമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതിനാൽ പലരും ഫ്ലാറ്റ് ജീവിതവും, ചെറിയ വീടുകളും തിരഞ്ഞെടുത്ത് ചേക്കേറാൻ തുടങ്ങി. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ചെറിയ വീടുകൾ തന്നെ കൂടുതൽ ഭംഗിയിലും, വൃത്തിയിലും ഉപയോഗപ്പെടുത്താൻ സാധിക്കും.

അവിടെ സ്ഥലപരിമിതി ഒരു പ്രശ്നമേ ആകുന്നില്ല.

ഏതൊരു ചെറിയ വീടിനെയും വലിപ്പമുള്ളതാക്കി മാറ്റാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.

ഒരു വീടിനെ വലിപ്പമുള്ളതാക്കി മാറ്റുന്നതിൽ വലിയ പങ്കു വഹിക്കുന്നവയാണ് ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്ന നിറങ്ങൾ.

ഇളം നിറങ്ങളായ് വൈറ്റ്, ബീജ്,ഗ്രേ പോലുള്ള നിറങ്ങൾ വീടിന്റെ വലിപ്പം കൂട്ടി കാണിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

എന്നാൽ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റ് ഉപയോഗപ്പെടുത്താതെ ഒരേ നിറം തന്നെ വീടിന്റെ എല്ലാ ഭാഗത്തും നൽകാനായി ശ്രദ്ധിക്കണം.

വീടിന്റെ എല്ലാ ഭാഗങ്ങളിലും വ്യത്യസ്ത നിറങ്ങൾ നൽകുമ്പോൾ അവ മറ്റ് ഇടങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ഫീൽ ആണ് ഉണ്ടാക്കുക.

ഒരേ നിറത്തിലുള്ള പെയിന്റുകൾ വീട്ടിനകത്തേക്ക് കൂടുതൽ പ്രകാശം നൽകുന്നതായും അതേസമയം വായുസഞ്ചാരം നില നിർത്തുന്നതായും തോന്നിപ്പിക്കും.

ബെഡ്റൂ മുകളിലെ ആവശ്യമില്ലാത്ത സാധനങ്ങൾ, പഴയ കാർഡ് ബോർഡ്‌ ബോക്സുകൾ എന്നിവ ഉപയോഗമില്ലെങ്കിൽ എടുത്തു കളയുക.

പലപ്പോഴും ബെഡ്റൂമുകളിൽ സ്ഥലം മുടക്കികൾ ആയി തുടരുന്നത് ഇത്തരം കാർഡ്ബോർഡ് പെട്ടികൾ ആയിരിക്കും.

ലിവിങ് ഏരിയയിലും ആവശ്യമില്ലാതെ കിടക്കുന്ന ഫർണിച്ചറുകൾ, ടോയ്‌സ് പുസ്തകങ്ങൾ എന്നിവ ഒഴിവാക്കാനായി ശ്രമിക്കുക.

ഫ്ലോറിങ് നൽകുമ്പോൾ

ഏതൊരു ചെറിയ സ്ഥലവും കൂടുതൽ വിശാലമായി തോന്നിപ്പിക്കുന്നതിൽ ഫ്ലോറിങ് മെറ്റീരിയലുകൾ ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. എല്ലാ ഭാഗങ്ങളിലേക്കും ഒരേ ഡിസൈനിലുള്ള ടൈലുകൾ തന്നെ തിരഞ്ഞെടുത്തു നൽകിയാൽ അത് വീടിന്റെ വലിപ്പം കൂട്ടി തോന്നിപ്പിക്കുന്നതിന് സഹായിക്കും. വ്യത്യസ്ത നിറങ്ങളിലുള്ള ടൈലുകൾ, മാർബിൾ എന്നിവ മിക്സ് ചെയ്ത് ഉപയോഗിക്കുന്ന രീതി പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ലൈറ്റ് നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ ലിവിങ് ഏരിയ, ബെഡ്റൂം എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യം ഉള്ളതായി തോന്നിപ്പിക്കും.

മാത്രമല്ല ഒരേ നിറത്തിലുള്ള ടൈൽ ഉപയോഗിക്കുന്നതു വഴി എല്ലാ ഭാഗങ്ങളും തമ്മിൽ ഒരു പരസ്പര ബന്ധമുള്ള ഫീൽ ഉണ്ടാക്കാനും സാധിക്കും. ഫ്ലോറിങ്ങിന് അനുയോജ്യമായ രീതിയിൽ തന്നെ കർട്ടനുകൾ തിരഞ്ഞെടുക്കാം. ലളിതമായ രീതിയിൽ ഇളം നിറങ്ങളിലുള്ള കർട്ടനുകൾ ആണ് കൂടുതൽ പ്രകാശം വീട്ടിലേക്ക് എത്തിക്കുന്നതിന് സഹായിക്കുക. മാത്രമല്ല ഇവ വീടിന് ഒരു പ്രത്യേക ലുക്ക് തരികയും ചെയ്യും. വീടുകൾക്ക് വലിപ്പം തോന്നിപ്പിക്കുന്നതിൽ വളരെയധികം പ്രാധാന്യമേറിയ ഒരു വസ്തുവാണ് കണ്ണാടികൾ. പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള ഇവയുടെ കഴിവ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇടങ്ങളാണ് ലിവിങ് ഏരിയ, ഇടനാഴികൾ, ബെഡ്റൂം എന്നിവിടങ്ങളെല്ലാം.പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല ഇവിടെ സംഭവിക്കുന്നത് മറിച്ച് പ്രകാശം അടിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ വിസ്താരമുള്ള ഒരു ഫീലും ലഭിക്കും.

ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോള്‍

ഫോൾഡബിൾ ടൈപ്പ് ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ അത് സ്ഥലം ലാഭിക്കാൻ കൂടുതൽ ഗുണം ചെയ്യും.ലിവിങ് ഏരിയയിലേക്ക് L- ഷേപ്പ് സോഫകൾ ആണ് നൽകുന്നത് എങ്കിൽ കൂടുതൽ സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ലിവിങ് ഏരിയയിലെ കോഫി ടേബിൾ, ഡൈനിങ് ഏരിയ യിൽ നൽകുന്ന ഡൈനിങ് ടേബിൾ എന്നിവയെല്ലാം ആവശ്യമുള്ളപ്പോൾ മാത്രം തുറന്നു ഉപയോഗിക്കാവുന്ന രീതിയിൽ ഉള്ളവ തിരഞ്ഞെടുക്കാം.

ഡൈനിംഗ് ഏരിയക്ക് ഒരു പ്രത്യേക ഇടം നൽകിയിട്ടില്ല എങ്കിൽ കിച്ചണിനോട് ചേർന്ന് ഒരു സ്ലാബ് നൽകി ഇൻബിൽട്ട് രീതിയിൽ ചെയറും ഡൈനിങ് ഏരിയയും സെറ്റ് ചെയ്ത് നൽകാം. ബെഡ്റൂമുകളിൽ ഇൻബിൽട്ട് സ്റ്റോറേജ് ടൈപ്പ് ബെഡുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ. വാർഡ്രോബുകളുടെ എണ്ണം കൂട്ടി നൽകുകയാണെങ്കിൽ അവ നല്ല രീതിയിൽ സ്ഥലം ലഭിക്കാനുള്ള ഒരു വഴിയാണ്. കിച്ചൺ ശരിയായ രീതിയിൽ ഓർഗനൈസ് ചെയ്ത് പാത്രങ്ങൾ,ഉപകരണങ്ങൾ എന്നിവയ്ക്കായി പ്രത്യേക ഇടം ഒരുക്കി നൽകുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഒരു പരിധിവരെ വീട്ടിനകത്ത് സ്ഥലം കൂടുതൽ ഉള്ള ഒരു ഫീൽ ലഭിക്കും.

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ ഈ വഴികൾ കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.