വീട് പോലെ തന്നെയാണ് നമ്മുടെ ശരീരവും സൂക്ഷിച്ചില്ലെങ്കിൽ എളുപ്പം കേടാവും. അതുകൊണ്ടുതന്നെ ശരീര സംരക്ഷണവും, ആരോഗ്യ സംരക്ഷണവും കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്.

ആരോഗ്യസംരക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്‌ ഒരു ഫിറ്റ്നസ് സെന്ററിന്റെ ചിത്രം ആകും അല്ലെ? പക്ഷെ ഫിറ്റ്‌നസ്സ് സെന്ററില്‍ പോയി കഷ്ടപ്പെടാതെ ഫിറ്റ്‌നസ്സ് നിലനിര്‍ത്താന്‍ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഒരു കൊച്ചു ജിംനേഷ്യം തുടങ്ങാം.

ഹോം ജിം എന്ന ആശയത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ് നമ്മുടെ നാട്ടിലും. യുവാക്കളുള്ള പല വീടുകളിലും ഇന്ന് വര്‍ക്ക് ഔട്ട് ചെയ്യാന്‍ മാത്രമായി ഒരു മുറി ഒരുക്കുന്നത് ട്രെന്റായി വരുന്നുണ്ട്. ജിമ്മില്‍ പോയി കാശു കളയുകയോ ട്രെയിനറുടെ കഠിനമായ അധ്വാന മുറകള്‍ കേള്‍ക്കുകയോ വേണ്ട എന്നതാണ് ഈ ഹോം ജിമ്മിന്റെ പ്രത്യേകത തന്നെ.

നമ്മുടെ ശരീരത്തിനാവശ്യമായ വ്യായാമം നമുക്ക് തന്നെ അറിഞ്ഞു ചെയ്യാന്‍ ഹോം ജിമ്മുകള്‍ നിങ്ങളെ സഹായിക്കും. ചുരുങ്ങിയ ചെലവില്‍ തന്നെ ഇത്തരം ജിം ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ലഭ്യവുമാണ് . ഒരു വര്‍ക്ക് ഔട്ട് റൂം വീട്ടില്‍ തന്നെ ഒരുക്കിയാല്‍ അത് അവിടെയുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും. പുറത്തിറങ്ങി ജിമ്മില്‍ പോയി മറ്റുള്ളവരുടെ കൂട്ടത്തിനിടയില്‍ നിന്ന് വ്യായാമം ചെയ്യുന്ന മടി ഇതിലൂടെ ഒഴിവാകും. ജോലിത്തിരക്കുള്ളവരാണെങ്കില്‍ ഫിറ്റ്‌നസ്സ് സെന്ററിന്റെ പ്രവര്‍ത്തന സമയത്തിനു കാത്തുനില്‍ക്കാതെ ഇഷ്ടമുള്ള സമയത്ത് നമ്മുടെ ആവശ്യത്തിനനുസരിച്ച് ചെയ്യുകയും ചെയ്യാം.

Blue home gym with punching boxer, bicycle and other fitness equipment – 3d rendering Note: the room does not exist in reality, Property model is not necessary

വീട്ടില്‍ തന്നെ വര്‍ക്ക് ഔട്ട് തുടങ്ങും മുന്‍പ് ഒരു ജിമ്മില്‍ പോയി മികച്ചൊരു ട്രെയിനറില്‍നിന്ന് വ്യായാമ രീതികളും ഭക്ഷണ ക്രമവും പഠിക്കേണ്ടതായുണ്ട്. പല പല ഭാരങ്ങളിലുള്ള ഡംബലുകളും ബാറുകളും ഡിസ്‌കുകളുമുണ്ട്. ഇതൊക്കെ മനസിലാക്കാതെ കളിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്‌തേക്കാം. തുടക്കത്തില്‍ ഒരു ട്രെയിനറുടെ സഹായം തേടി പഠിച്ച് വ്യായാമമുറകള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ സ്വന്തമായി വീട്ടില്‍ പരിശീലനം തുടങ്ങാവുന്നതാണ്.

വര്‍ക്ക് ഔട്ട് ചെയ്യുന്നവരുടെ പ്രായം കണക്കിലെടുത്താകണം ഹോം ജിം ഉപകരണങ്ങള്‍ ഒരുക്കേണ്ടത്. 20-40 വയസ്സുള്ളവര്‍ക്ക് ചെയ്യുന്ന വ്യായാമമുറകള്‍ ആയിരിക്കില്ല പ്രായമായവര്‍ക്ക്. സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അതുപോലെ മാറി മാറിയിരിക്കും. വാം അപ്പ് വ്യായാമങ്ങളാണ് തുടക്കക്കാര്‍ക്ക് ഉത്തമം. സ്‌കിപ്പിങ് റോപ്പ്, ഡംബല്‍, ബാര്‍, പുഷ് അപ്പ് ബാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഹോം ജിം പാക്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 1000 രൂപ മുതല്‍ ലഭ്യമാണ്. ഡംബലിന്റെ തൂക്കത്തിനനുസരിച്ചും ഉപകരണത്തിന്റെ മാറ്റമനുസരിച്ചും വില മാറിവരും.

ജിം എവിടെ ഒരുക്കാം

വീട്ടിലെ സൗകര്യങ്ങൾ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങള്‍ എന്നിവയനുസരിച്ച്‌ വേണം ഹോം ജിമ്മിന്റെ സ്ഥലം നിശ്ചയിക്കാന്‍. സ്ഥലവും സൗകര്യവും അത്യാവിശം ഉണ്ടെങ്കിൽ ഒരു മുറി ജിമ്മിനായി മാറ്റിവയ്ക്കാം. അതല്ലെങ്കില്‍ ടെറസിന്റെ ഒരു ഭാഗമോ, ബാല്‍ക്കണിയോ ജിം ആയി ഒരുക്കാം. സ്ഥല കുറവ് ആണെങ്കിൽ കിടപ്പുമുറിയുടെയോ സ്റ്റഡി റൂമിന്റെയോ ഒരു ഭാഗം ജിം ആയി ക്രമീകരിക്കാം.

എവിടെയായാലും നല്ലതുപോലെ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തുവേണം ജിം ഒരുക്കാന്‍
എന്നതാണ്‌ പരമപ്രധാനം. പുതിയതായി ഒരു മുറി ജിമ്മിന് വേണ്ടി നിര്‍മിക്കുകയാണെങ്കില്‍ ഫ്ലോറിങ്‌, വയറിങ്‌ എന്നിവയൊക്കെ ജിമ്മില്‍ അനുയോജ്യമായ രീതിയില്‍ തന്നെ ചെയ്യുക. തടി, ലാമിനേറ്റഡ്‌ വുഡ്‌, പിവിസി പ്ലാങ്ക് : എന്നിവയൊക്കെ തറ ഒരുക്കാൻ മികച്ചതാണ് .വ്യായാമത്തിനുപയോഗിക്കുന്ന ഇരുമ്പ് ഡംബലുകളും മറ്റും വീണ്‌ തറയ്ക്ക്‌ കേടുപറ്റാന്‍ ഇടയുണ്ടെന്നതിനാല്‍ തറയില്‍ വിനൈല്‍ ഷീറ്റ്‌ ഒട്ടിക്കാം. .


ഒരു കൊച്ചു ഹോം ജിം മനോഹരമായി ഒരുക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

ഡംബല്‍സ്

ഡംബലുകള്‍ ഉപയോഗിച്ച് ധാരാളം വ്യായാമ രീതികളുണ്ട്. ആദ്യമായി ഒരു തുടക്കക്കാരന്‍ വ്യായാമം തുടങ്ങുന്നതു തന്നെ ഡംബലുകളിലാണ് . ഒരു കിലോ മുതല്‍ മുകളിലോട്ട് ഡംബലുകള്‍ ലഭ്യമാണ്. കറുത്ത റബര്‍ കോട്ടിങ്ങോടു ഷഡ്ഭുജ ആകൃതിയിലുള്ള ഡംബല്‍ ആയിരിക്കും ഇരുമ്പ് ഡംബലിനെക്കാളും ഈടു നില്‍ക്കുക.

ഒരു കിലോയുടെ സെറ്റ് തുടങ്ങി മുകളിലേക്ക് 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. വെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഡംബലുകളും ലഭ്യമാണ്. ഇവയ്ക്ക് സ്വല്‍പം പണം അധികം ചെലവാക്കേണ്ടി വരും.

കെറ്റില്‍ബെല്‍

മിക്കവരും കെറ്റില്‍ബെല്ലിനെക്കാളും പ്രാധാന്യം കൊടുക്കുന്നത് ഡംബലിനാണ്. എന്നാല്‍ കെറ്റില്‍ ബെല്ലിന് അതിന്റേതായ ഗുണമുണ്ട്. മിനുസമുള്ള പിടിയുള്ള കുറഞ്ഞ സൈസിലുള്ള കെറ്റില്‍ ബെല്‍ തുടക്കത്തില്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്.

അഡ്ജസ്റ്റബിള്‍ ബെഞ്ച്

ഇത് ഹോം ജിമ്മില്‍ അത്യാവശ്യമായി വേണ്ടുന്ന ഒരു ഉപകരണമാണ് അഡ്ജസ്റ്റബിള്‍ ബെഞ്ച് . ബെഞ്ച് പ്രസ്, സിംഗിള്‍ ആം റോ, പുള്‍ ഓവര്‍, ഷോള്‍ഡര്‍ പ്രസ്, റിവേഴ്‌സ് ഫ്ൈളസ് അങ്ങനെ വിവിധതരം വ്യായാമമുറകള്‍ക്ക് ഉപകാരപ്രദമാണ് അഡ്ജസ്റ്റബിള്‍ ബെഞ്ച്. ഓരോ ശരീരഭാഗത്തിനും വേണ്ടുന്ന വ്യായാമങ്ങള്‍ വിവധ പൊസിഷനുകളില്‍ അഡ്ജസ്റ്റബിള്‍ ബെഞ്ച് ഉപയോഗിച്ച് ചെയ്യാം. അവയൊക്കെ ട്രെയിനറുടെ സഹായത്തോടെ ചോദിച്ച് മനസിലാക്കുക.

ബാര്‍ ബെല്ലും ഡിസ്‌കും

Closeup of weightlifter clapping hands before barbell workout at the gym

ബാര്‍ ബെല്‍ പല രൂപത്തിലുള്ളത് വിപണിയില്‍ ലഭ്യമാണ്. കൈ, കാല്‍, നെഞ്ച്, വിംഗ്‌സ്, വയര്‍ അങ്ങനെ മാറി മാറി ഓരോ വ്യായാമമുറകള്‍ ബാര്‍ ബെല്‍ ഉപയോഗിച്ച് ചെയ്യാം. ഇതില്‍ ഇടുന്ന ഡിസ്‌കിന്റെ ഭാരം അനുസരിച്ച് നിങ്ങളിലെ ശരീരത്തിന്റെ മാറ്റം നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

ബെഞ്ച് പ്രസ്, ബെന്റ് ഓവര്‍ റോ, ബാക്ക് സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, ഓവര്‍ഹെഡ് പ്രസ് അങ്ങനെ പല രീതിയിലുള്ള വ്യായാമങ്ങളുണ്ട്. രണ്ടു കിലോയില്‍ തുടങ്ങി ഡിസ്‌കുകള്‍ സെറ്റായി വാങ്ങാന്‍ ലഭിക്കും. . ഭാരം കൂട്ടുന്നതിനനുസരിച്ച് നിങ്ങളുടെ സ്റ്റാമിനയും ശക്തിയും ഫിറ്റ്‌നസ് ലെവലും വര്‍ധിപ്പിക്കാന്‍ സാധിക്കും.

ചില അത്യാവശ്യ ഉപകരണങ്ങള്‍ കൂടി


മാറ്റ്, റോപ്, എയര്‍ റോവര്‍, പുഷ് അപ് സ്റ്റാന്റ്, എക്‌സര്‍സൈസ് ബോള്‍, പുള്‍ അപ്പ് ഫ്രെയിം തുടങ്ങിയവയും മുകളില്‍ പറഞ്ഞ ഉപകരണത്തിനു പുറമേ വാങ്ങി ഉപയോഗിക്കാവുന്നതാണ്. വലിയ ഉപകരണങ്ങളായ ട്രെഡ് മില്‍, പവര്‍ കേജ്, പവര്‍ ടവര്‍, ഹെവി ബാഗ് തുടങ്ങിയവ ആവശ്യമെങ്കില്‍ മാത്രം വാങ്ങി ഹോം ജിം ഒരുക്കാം.