ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ് .

ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ്. പേരുപോലെ തന്നെ ആഡംബര ജീവിതം ആഗ്രഹിക്കുന്ന ആളുകളെ മാത്രം കണ്ടു കൊണ്ട് നിർമ്മിച്ചിട്ടുള്ള നൈജീരിയയിലെ ബനാന ദ്വീപിന് സവിശേഷതകൾ നിരവധിയാണ്.

പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ബനാനയുടെ ആകൃതിയിലാണ് ദ്വീപ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

കൃത്രിമമായി നിർമ്മിച്ചിട്ടുള്ള ലാഗോസിലെ ബനാന ഐലൻഡ് കെട്ടിടങ്ങളിൽ താമസിക്കണമെങ്കിൽ ലക്ഷങ്ങളും കോടികളും ചിലവാക്കേണ്ടി വരുമെന്ന് മാത്രം.

അത്യാഡംബരങ്ങൾ നിറച്ച ബനാന ഐലൻഡിൽ ഒരു ചെറിയ വീട് സ്വന്തമാക്കണമെങ്കിൽ പോലും കോടികൾ നൽകേണ്ടി വരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബനാന ഐലൻഡ് വിശേഷങ്ങൾ കൂടുതൽ മനസിലാക്കാം.

ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ് അറിയാ രഹസ്യങ്ങൾ.

ഐലൻഡിലെ ഒരു ചെറിയ കെട്ടിടത്തിനു പോലും കോടികൾ നൽകേണ്ടി വരുന്നതു കൊണ്ട് തന്നെ സാധാരണക്കാരായ ആളുകൾക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത ജീവിത രീതിയാണ് ബനാന ഐലൻഡിൽ ഉള്ളത് എന്ന് പറയപ്പെടുന്നു.

നൈജീരിയയിലെ തന്നെ ഏറ്റവും വില കൂടിയ സ്ഥലം എന്ന പേരിലാണ് ബനാന ഐലൻഡ് അറിയപ്പെടുന്നത്.

നൈജീരിയയിലെ മറ്റ് ചെറിയ ഭാഗങ്ങളെ എല്ലാം വെച്ച് താരതമ്യം ചെയ്യുമ്പോൾ യാതൊരു വിധ സാമ്യവും ഈയൊരു ദ്വീപിന് ഇല്ല എന്ന് മാത്രമല്ല ഇവിടത്തെ ജീവിത രീതി തന്നെ വളരെയധികം വ്യത്യസ്തമാണ്.

ആഡംബര ജീവിതം കൊണ്ടും പ്രൗഢി കൊണ്ടും രാജ്യത്തിന്റെ പേരിനെ തന്നെ മാറ്റി മറിക്കാൻ ശേഷിയുള്ള രീതിയിലാണ് ബനാന ഐലൻഡ് നിർമിച്ചിട്ടുള്ളത്.

ഐലൻഡിന്റെ പ്രധാന പ്രത്യേകതകളായി പറയുന്നത് മാലിന്യ നിർമ്മാർജ്ജനത്തിനായി നിർമ്മിച്ചിട്ടുള്ള പ്രത്യേക പ്ലാന്റുകൾ, ഭൂഗർഭ സംവിധാനം വഴി നടത്തുന്ന ജലവിതരണം, വലിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള റോഡുകൾ എന്നിവയെല്ലാമാണ്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാണ് നൈജീരിയയിലെ മറ്റ് സിറ്റികളിൽ നിന്നും ബനാന ഐലൻഡ് മാറി നിൽക്കുന്നതും.

നിലവിലെ അവസ്ഥ വെച്ച് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി ലഭ്യതയുടെ കാര്യത്തിൽ പോലും വളരെയധികം പുറകിൽ നിൽക്കുന്ന രാജ്യമാണ് നൈജീരിയ.

അതേസമയം അത്യാഡംബരം നിറഞ്ഞ ബനാന ഐലൻഡിൽ 24 മണിക്കൂറും വൈദ്യുതിക്ക് യാതൊരു ക്ഷാമവും ഇല്ല എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

എല്ലാ മേഖലകളിലും വളരെയധികം പുറകിൽ നിൽക്കുന്ന രാജ്യം എന്ന രീതിയിൽ ഇത്തരം സൗകര്യങ്ങളെല്ലാം കുറച്ചെങ്കിലും ഉള്ളത് നൈജീരിയൻ പ്രസിഡന്റ് താമസിക്കുന്ന വീട്ടിൽ മാത്രമാണ് എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്.

നിർമ്മാണ രീതി

ബനാന ഐലൻഡിന്റെ ആകെ വിസ്തൃതി 1.6 മില്യൻ ചതുരശ്ര മീറ്റർ ആണ്.ഈ ഒരു വിസ്തൃതിയെ 535 പ്ലോട്ടുകൾ ആയി തരം തിരിച്ചിരിക്കുന്നു.

ഓരോ പ്ലോട്ടിനും നൽകിയിരിക്കുന്ന വിസ്തീർണ്ണം 1000 ചതുരശ്ര മീറ്ററിനും, 3000 ചതുരശ്ര മീറ്ററിനും ഇടയിലാണ്. അതായത് 1000 ചതുരശ്ര അടിയുള്ള ഒരു കെട്ടിടം സ്വന്തമാക്കണമെങ്കിൽ പോലും നൽകേണ്ടി വരുന്നത് ഇന്ത്യൻ വില 31 കോടി രൂപ മുതൽ 41 കോടി രൂപ വരെയാണ്.

അതേസമയം ഒരു കെട്ടിടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നൽകേണ്ടി വരുന്നത് 62 കോടി രൂപയുടെ അടുത്താണ്.

വീടുകൾ മാത്രമല്ല, പ്ളോട്ടുകൾ, വില്ലകൾ,മറ്റ് കെട്ടിടങ്ങൾ എന്നിവയെല്ലാം ദ്വീപിൽ ഉൾപ്പെടുന്നു. ദ്വീപിൽ വസിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഷോപ്പുകൾ,മാളുകൾ, അത്യാഡംബര സംവിധാനങ്ങൾ എന്നിങ്ങനെ ഇവിടെ ലഭിക്കാത്തതായി ഒന്നുമില്ല.

ഇനി സ്വന്തമായി ഒരു കെട്ടിടം വാങ്ങി സ്ഥിര താമസമാക്കാൻ താല്പര്യമില്ലാത്തവർക്ക് ആവശ്യമെങ്കിൽ കുറച്ചുനാളത്തേക്ക് വീടുകൾ റെന്റ് എടുത്തും താമസമാക്കാം.

വാടകയ്ക്കാണ് അപ്പാർട്ട്മെന്റ് അല്ലെങ്കിൽ വീടുകൾ നോക്കുന്നത് എങ്കിൽ ഒരു വർഷത്തേക്ക് വാടകയിനത്തിൽ നൽകേണ്ടി വരിക ഏകദേശം 1 കോടി 18 ലക്ഷം രൂപയാണ്.

കുറച്ചു ദിവസം അവിടെ പോയി വാടകയ്ക്ക് എങ്കിലും ജീവിക്കാം എന്നു കരുതി ഓടിച്ചെന്ന് ആരും ബനാന ഐലൻഡിലേക്ക് ടിക്കറ്റ് എടുക്കേണ്ട.

ഒരു വർഷത്തെ വാടക കൂടാതെ അഡ്വാൻസായി രണ്ടുവർഷത്തെ വാടക മുൻകൂട്ടി അടയ്ക്കണം.

അതായത് ഏകദേശം രണ്ടുകോടി രൂപയ്ക്ക് മുകളിൽ അഡ്വാൻസ് ഇനത്തിൽ തന്നെ നൽകേണ്ടി വരും. ഇനി എഗ്രിമെന്റ് തീരുന്നതിനു മുൻപ് മടങ്ങി വരാൻ തോന്നുകയാണെങ്കിൽ ആ രണ്ടു കോടി പോയി എന്ന് കരുതിയാൽ മതി.

ഇതിനെല്ലാം പുറമേ റെന്റ് എടുത്ത വീടിന് ആവശ്യമായ മറ്റ് ചിലവുകൾക്ക് വേണ്ടി ഒരു വർഷം 13 ലക്ഷം രൂപയാണ് നൽകേണ്ടി വരുന്നത്.

ഒരുപാട് സവിശേഷതകൾ കൊണ്ട് പേരു കേട്ട ബനാന ഐലൻഡിൽ ആരും അധികം പോയി താമസിക്കാൻ താല്പര്യപ്പെടുന്നില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ദ്വീപിലെ അടഞ്ഞു കിടക്കുന്ന 60 ശതമാനത്തോളം വീടുകൾ.

ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ് പ്രത്യേകതകൾ കേട്ടാൽ ആരും തലയിൽ ഒന്ന് കൈവച്ചു പോകുമെന്നത് പരമാർത്ഥം.