മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.മഴക്കാലം വീടിനും വീട്ടുകാർക്കും പ്രത്യേക കരുതൽ ആവശ്യമുള്ള സമയമാണ്.

വീടിനും വീട്ടുകാർക്കും മാത്രമല്ല വീട്ടിൽ പരിപാലിച്ച് വളർത്തുന്ന ചെടികൾക്കും വേണം പ്രത്യേക കരുതൽ.

പൂന്തോട്ടത്തിലേക്ക് പുതിയ ചെടികൾ തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്.

അതുപോലെ നട്ടുപിടിപ്പിച്ച ചെടികൾ പോകാതിരിക്കാനും പ്രത്യേക പരിരക്ഷ ഉറപ്പു വരുത്തണം.

വീടിന് പുറത്തുള്ള ചെടികൾക്ക് മാത്രമല്ല ഇൻഡോർ പ്ലാന്റുകൾക്കും മഴക്കാലത്ത് ജലാംശത്തെ വലിച്ചെടുക്കാനും ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും സാധിക്കും.

മഴക്കാലത്ത് ചെടികൾക്ക് വെള്ളമൊഴിക്കുന്നതും വളമിട്ട് നൽകുന്നതും വളരെയധികം ശ്രദ്ധയോടു കൂടി വേണം ചെയ്യാൻ.

ഇത്തരത്തിൽ മഴക്കാലത്ത് പൂന്തോട്ടമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ, ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

മഴക്കാലത്ത് സ്വാഭാവികമായും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ഉള്ളതു കൊണ്ട് തന്നെ അധികം വെള്ളം ഒഴിച്ച് നൽകേണ്ട ആവശ്യം വരുന്നില്ല.

അന്തരീക്ഷത്തിലെ താപനില കുറവായതു കൊണ്ട് തന്നെ ചെടികൾ വെള്ളം വലിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കും.

ചട്ടിയിൽ ഒഴിച്ച വെള്ളം മുഴുവനായും വലിച്ചെടുക്കുന്നതിനു മുൻപ് വീണ്ടും വെള്ളമൊഴിച്ചു കൊടുത്താൽ അവ പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ആവശ്യത്തിൽ കൂടുതൽ വെള്ളമൊഴിച്ച് നൽകുന്നത് ചട്ടിയിൽ നിറച്ചിട്ടുള്ള മണ്ണിന്റെ ഫലപുഷ്ടി കുറയ്ക്കുന്നതിന് കാരണമാകും.

ചെടികൾ പെട്ടെന്ന് നശിച്ചു പോവുകയും ചെയ്യും. ചട്ടിയിലേക്ക് വെള്ളം ഒഴിച്ച് നൽകുമ്പോൾ കൂടുതൽ ഉള്ള വെള്ളം താഴേക്ക് ഒഴുകി പോകുന്നതിന് ഡ്രൈനേജ് സംവിധാനം നിർബന്ധമായും നൽകണം.

ചെടിച്ചട്ടി വയ്ക്കുന്ന സ്ഥലങ്ങളിൽ വെള്ളം ഒഴുകി മറ്റു ഭാഗങ്ങളിലേക്ക് പരന്ന് കറ പിടിക്കാതിരിക്കാൻ പ്ലേറ്റ് അറ്റാച്ച് ചെയ്ത് വരുന്ന രീതിയിലുള്ള ചട്ടികൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.

ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ചെടി നശിച്ചു പോകുന്നതിന് മാത്രമല്ല കാരണമാകുന്നത് മറിച്ച് ബാക്ടീരിയ,ഫംഗസ് എന്നിവ പെരുകുന്നതിനും കാരണമാകും. ഇത് പല രീതിയിലുള്ള പ്രശ്നങ്ങൾക്കും വഴി വെച്ചേക്കാം.

ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ

ശക്തമായ മഴ,കാറ്റ് ഉണ്ടാകുന്ന സമയങ്ങളിൽ ചെടികൾ വീണു പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കൂടുതൽ ഉയരത്തിൽ പോകുന്ന ചെടികൾക്ക് മഴ തുടങ്ങുന്നതിന് മുൻപായി തന്നെ അത്യാവശ്യം ബലമുള്ള ഒരു കമ്പും നാരും ഉപയോഗിച്ച് കെട്ടി നൽകാവുന്നതാണ്.

ശക്തമായ മഴയുള്ള സമയങ്ങളിൽ ചട്ടിയിൽ വച്ച ചെടികളെല്ലാം വരാന്ത പോലുള്ള ഭാഗങ്ങളിലേക്ക് കയറ്റി വെക്കാനായി ശ്രദ്ധിക്കുക.അതല്ലെങ്കിൽ ശക്തമായ മഴയിൽ അവയിലെ മണ്ണ് ഒലിച്ചു പോവുകയും ചെടിയുടെ വേര് ബലം നഷ്ടപ്പെട്ട് പോകാനും സാധ്യതയുണ്ട്.

തണ്ട് ചീയൽ പോലുള്ള വ്യത്യസ്ത രോഗങ്ങളും ചെടികൾക്ക് വരുന്നത് മഴക്കാലത്താണ്.ഇലകൾ ചുരുണ്ട് പോകുന്ന അവസ്ഥ, നിറ വ്യത്യാസം പോലുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം മഴക്കാലത്താണ് കൂടുതലായും കണ്ടു വരുന്നത്.ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻതന്നെ അതിന് ആവശ്യമായ മരുന്ന് സ്പ്രേ ചെയ്ത് നൽകുക.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇവ മറ്റു ചെടികളിലേക്ക് കൂടി വ്യാപിക്കുകയും അവ നശിച്ചു പോകുന്നതിന് കാരണമാവുകയും ചെയ്യും. ഇന്ന് മിക്ക വീടുകളിലും ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നുണ്ട്.അവ സെറ്റ് ചെയ്തിരിക്കുന്ന ഭാഗങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാനും, കൂടുതൽ ഈർപ്പം ഒഴിവാക്കാനും ശ്രദ്ധിക്കണം.

ചെടികൾ വച്ചിട്ടുള്ള മുറിയിലെ അന്തരീക്ഷ താപനില പരിശോധിച്ച് പോട്ട് ക്രമീകരിച്ച് നൽകുന്നതും സ്മാർട്ട്‌ പോട്ടുകൾ ഉപയോഗപ്പെടുത്തുന്നതും മഴക്കാലത്ത് വളരെയധികം ഗുണം ചെയ്യും.


സ്മാർട്ട്‌ പോട്ടുകൾ ചെടികൾ വയ്ക്കുന്നതിനായി തിരഞ്ഞെടുക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്.

ചെടിക്ക് ആവശ്യമായ കൃത്യമായ വെള്ളത്തിന്റെ അളവ് അനുസരിച്ച് മാത്രം വെള്ളം ഒഴിച്ച് നൽകാവുന്ന രീതിയിൽ ആണ് ഇവ വർക്ക് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഈർപ്പത്തിന്റെ അളവ് കൂടുതലുണ്ടെങ്കിൽ അത് അനുസരിച്ച് വെള്ളം ഒഴിച്ച് നൽകണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാൻ സാധിക്കും. ഇത് ചെടി ചീഞ്ഞു പോകുന്ന അവസ്ഥ ഇല്ലാതാക്കും.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ ഉപയോഗപ്പെടുത്താം ഈ ടിപ്പുകൾ കൂടി.