സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.നമ്മുടെ നാട്ടിൽ അത്ര കേട്ട് പരിചിതമല്ലാത്ത കാര്യമായിരിക്കും സ്റ്റുഡിയോ അപ്പാർട്ട്മെന്റ് എന്നത്.

കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നുന്നുണ്ടെങ്കിലും മുംബൈ, ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സർവ്വസാധാരണ കാഴ്ചയാണ്.

അതായത് ഒരു സിംഗിൾ റൂം എന്ന ആശയത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ഇത്തരം അപ്പാർട്ട്മെന്റുകൾ നമ്മുടെ നാട്ടിലെ നഗരപ്രദേശങ്ങളിലും ഇടംപിടിച്ച് തുടങ്ങിയിരിക്കുന്നു.

പ്രധാനമായും ബാച്ചിലേഴ്സ് ലൈഫ് ആസ്വദിക്കുന്നവർക്കെല്ലാം ഇത്തരം വീടുകൾ തിരഞ്ഞെടുക്കാനായിരിക്കും കൂടുതൽ താല്പര്യം.

ബെഡ്റൂം, കിച്ചൻ,ലിവിങ് ഏരിയ എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങളായി വേർ തിരിക്കുകയൊന്നും ചെയ്യാതെ ഒരു സിംഗിൾ ഏരിയയെ വ്യത്യസ്ത ഭാഗങ്ങളായി പാർട്ടീഷൻ ചെയ്യുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളെ പറ്റി വിശദമായി മനസിലാക്കാം.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും അറിഞ്ഞിരിക്കാം.

സ്റ്റുഡിയോ അപ്പാർട്ട്മെന്റ് അറിയപ്പെടുന്ന മറ്റൊരു പേരാണ് സ്റ്റുഡിയോ ഫ്ലാറ്റ് എന്നത്.

നേരത്തെ പറഞ്ഞതു പോലെ ബാച്ചിലർ ലൈഫ് ആസ്വദിക്കുന്നവരെ ഉദ്ദേശിച്ചു കൊണ്ടാണ് ഇത്തരം അപ്പാർട്ട്മെന്റുകൾ കൂടുതലായും നിർമ്മിക്കുന്നത്.

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി നൽകാൻ സാധിക്കും എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

പാർട്ടീഷനുകൾ ഒന്നും ഇല്ലാതെ പൂർണ്ണമായും ഓപ്പൺ രീതിയിൽ നിർമ്മിക്കുന്ന ഇത്തരം ഫ്ലാറ്റുകൾ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം മാറ്റിയെടുക്കാൻ സാധിക്കും.

സിംഗിൾ റൂം ഡ്വെലിങ് എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. ഇങ്ങിനെയൊക്കെ കേൾക്കുമ്പോൾ ഒരു ചെറിയ റൂമിനുള്ളിൽ എല്ലാവിധ സൗകര്യങ്ങളും എങ്ങിനെ നൽകുമെന്ന് ആശ്ചര്യപ്പെടേണ്ട.

സാധാരണ വീടുകളുടെ ലിവിങ് ഏരിയയ്ക്ക് നൽകുന്നതിനേക്കാൾ കൂടുതൽ വലിപ്പം നൽകി കൊണ്ടാണ് ഇത്തരം അപ്പാർട്ട്മെന്റുകൾ ഡിസൈൻ ചെയ്യുന്നത്.

അതുകൊണ്ടു തന്നെ ഒരു വീട്ടിലേക്ക് ആവശ്യമായ അത്യാവശ്യ സൗകര്യങ്ങളെല്ലാം തന്നെ ഇവിടെ സജ്ജീകരിച്ച് എടുക്കാൻ സാധിക്കും.

ഒരു സിംഗിൾ റൂം എന്ന കൺസെപ്റ്റ് ആണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത് എങ്കിലും ബാൽക്കണി, ബാത്റൂം എന്നിവ അവയോടൊപ്പം അറ്റാച്ച് ചെയ്തു നൽകിയിട്ടുണ്ടാകും.

ഓരോ രാജ്യങ്ങളിലും പ്രത്യേക രീതിയിലാണ് സ്റ്റുഡിയോ അപാർട്മെന്റ് നിർമ്മിച്ചിച്ചു നൽകുന്നത്.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വളരെയധികം പോപ്പുലർ ആയി കൊണ്ടിരിക്കുന്ന സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് ആവശ്യക്കാരും ഏറെയുണ്ട് എന്നതാണ് സത്യം.

ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ

സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെ സ്ഥല പരിമിതി മനസിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ.ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് തന്നെ ഒരു സോഫ കം ബെഡ് രീതി സജ്ജീകരിച്ചു നൽകാനാണ് പലരും താത്പര്യപ്പെടുന്നത്.

അതിഥികൾ വരുമ്പോൾ ഇരിക്കാനായി സോഫ നൽകാനും രാത്രി സമയങ്ങളിൽ കിടക്കയായി ഉപയോഗിക്കാനും ഇവ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

അടുക്കളയ്ക്ക് ഒരു പ്രത്യേക ഇടം നൽകാത്തതു കൊണ്ട് തന്നെ ഏതെങ്കിലും ഒരു കോർണർ സൈഡിലായി അടുക്കള സജ്ജീകരിച്ച് നൽകുകയും അവിടെ ഫോൾഡബിൾ ടൈപ്പ് ടേബിൾ, രണ്ട് ചെയറുകൾ എന്നിവ നൽകുന്ന രീതിയുമാണ് കൂടുതലായും കണ്ടു വരുന്നത്.

മാത്രമല്ല വീട്ടിലിരുന്ന് ജോലി ചെയ്യാനും മറ്റും ആഗ്രഹിക്കുന്നവർക്ക് ഭിത്തിയോട് ചേർന്ന് ഒരു ചെറിയ ബോർഡ് സെറ്റ് ചെയ്ത് നൽകി അത് മടക്കി വയ്ക്കാവുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാം.

കൂടുതൽ ഫർണിച്ചറുകൾ കുത്തി നിറച്ചു സ്ഥലം കളയാൻ താല്പര്യമില്ലാത്തവർക്ക് ഇരിക്കാനായി ഒരു ബീൻബാഗ് തിരഞ്ഞെടുത്താലും മതി.

എല്ലാസമയവും ഒരേ സ്ഥലത്ത് തന്നെ ഇരുന്ന് മടുപ്പ് തോന്നിത്തുടങ്ങിയാൽ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നുന്നവർക്ക് ബാൽക്കണിയിൽ ഒരു ചെറിയ കോഫി ടേബിൾ രണ്ട് ചെയറുകൾ എന്നിവ സജ്ജീകരിച്ചു നൽകി വിനോദ സമയങ്ങൾ ആനന്ദകരമാക്കാനും സാധിക്കും.

ബെഡ്റൂം എന്ന കൺസെപ്റ്റിന് ഇവിടെ പ്രാധാന്യം ഇല്ലാത്തതു കൊണ്ട് തന്നെ പ്രത്യേക ബെഡ് സജ്ജീകരിച്ചു നൽകേണ്ട ആവശ്യമില്ല. കുറഞ്ഞ ഫർണിച്ചറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾക്ക് യോജിച്ച രീതി.

ഗുണങ്ങളും,ദോഷങ്ങളും

തനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് അല്ലെങ്കിൽ സ്റ്റുഡിയോ ഫ്ലാറ്റ്.

അതേസമയം അടിക്കടി അതിഥികൾ വരുന്ന സാഹചര്യത്തിലോ, അത്യാവശ്യം വലിയ ഒരു കുടുംബം ആണെങ്കിലോ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളിലുള്ള താമസം അത് സുഗമമായിരിക്കില്ല.

ഒറ്റയ്ക്ക് ജീവിച്ച് റെന്റ് കൊടുത്ത് മടുത്തവർക്ക് തീർച്ചയായും ആ ഒരു എമൗണ്ട് ഇഎംഐ ആയി അടച്ച് സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം.

ഉയർന്ന വില കൊടുത്ത് ആഡംബര രീതിയിലുള്ള സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുന്നതിൽ യാതൊരു അർത്ഥവും ഉണ്ടെന്ന് തോന്നുന്നില്ല.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ആർട്ടിസ്റ്റിന് വർക്ക് ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ മാത്രം നിർമിക്കുന്ന ഇത്തരം സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ ജീവിതസാഹചര്യം, അവിടെ താമസിക്കാൻ താല്പര്യപ്പെടുന്നവരുടെ എണ്ണം എന്നിവയെല്ലാം അടിസ്ഥാനമാക്കി തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും അറിഞ്ഞിരുന്നാൽ എപ്പോഴെങ്കിലും നിങ്ങൾക്കത് ഉപകാരപ്പെട്ടേക്കാം.