ഒറ്റ നില വീടും മനോഹരമാക്കാം.വീട് നിർമ്മാണത്തെ പറ്റി ആലോചിക്കുമ്പോൾ പലരും ചിന്തിക്കുന്നത് എല്ലാവിധ സൗകര്യങ്ങളും വീട്ടിനകത്ത് ലഭിക്കാനായി ഇരുനില വീട് തന്നെ നിർമ്മിക്കണം എന്നതാണ്.

എന്നാൽ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനും ആവശ്യങ്ങൾക്കും അനുസൃതമായാണ് വീട് ഒരു നില വേണോ ഇരു നില വേണോ എന്ന കാര്യം തീരുമാനിക്കേണ്ടത്.

മാത്രമല്ല പലപ്പോഴും ഇരുനിലകളിലായി നിർമിക്കുന്ന വീടുകളിൽ കൂടുതൽ സ്ഥലം ലഭിക്കുമെങ്കിലും ശരിയായ രീതിയിൽ അവ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയും കുറവല്ല.

വീട്ടിൽ കൂടുതൽ ആഡംബരം കാണിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിൽ ഇരുനില വീടുകൾ കെട്ടി റൂമുകൾ ഒഴിച്ചിടുന്നത് ഒരു വലിയ പ്രശ്നമായി തോന്നില്ല എങ്കിലും ഇപ്പോഴത്തെ നിർമ്മാണ ചിലവ് നോക്കുമ്പോൾ ഒരു സ്ക്വയർഫീറ്റ് അധികം നൽകുമ്പോഴും രണ്ട് തവണയെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഒറ്റ നില വീടുകൾ തന്നെ കൂടുതൽ ഭംഗിയിലും സൗകര്യപ്രദമായും ഒരുക്കാൻ സാധിക്കും.

ഒറ്റ നിലയിൽ വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഒറ്റ നില വീടും മനോഹരമാക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഒറ്റ നില വീട് എന്ന സങ്കല്പം പൂർത്തീകരിക്കാൻ ഏകദേശം 2500 സ്ക്വയർഫീറ്റ് സ്ഥലം മാത്രമാണ് ആവശ്യമായി വരുന്നുള്ളൂ.

നാലുപേർ അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് താമസിക്കാൻ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഈ ഒരു സ്ഥലത്ത് ഒരുക്കാനായി സാധിക്കും.

മാത്രമല്ല ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം ട്രഡീഷണൽ,മോഡേൺ നിർമ്മാണ ശൈലികളും ഇത്തരം വീടുകളിൽ പരീക്ഷിക്കാൻ എളുപ്പമാണ്.

പൂർണ്ണമായും കോൺക്രീറ്റിൽ തീർത്ത വീടുകളോട് വലിയ പ്രിയം ഇല്ലാത്തവർക്ക് മേൽക്കൂര നിർമ്മാണത്തിനായി ഓട് തന്നെ തിരഞ്ഞെടുക്കാം. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ട്രസ് വർക്ക് ചെയ്ത് ഓട് പാകുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്.

ചിതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി മെറ്റൽ ഉപയോഗപ്പെടുത്തിയുള്ള ഫ്രെയിമുകൾ ആണ് ഓടിട്ട വീടുകളിൽ ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത്. കഴുക്കോലുകൾ ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ ബലം ലഭിക്കുന്നതിനും ഓടുകൾക്കിടയിൽ ഗ്യാപ്പ് വരാതിരിക്കാനും ഈയൊരു രീതി വളരെയധികം ഗുണം ചെയ്യും.

ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകൾ, അകത്തളങ്ങളിലെ ഓപ്പൺ സ്പേസുകളിൽ ജാളി ബ്രിക്കുകൾ എന്നിവ പരീക്ഷിക്കാം.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും ടീക് ഫിനിഷിംഗ് ഉള്ള മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ അവ വീടിന്റെ മറ്റ് ഭാഗങ്ങളോട് യോജിച്ച് വരുന്ന രീതിയിൽ ക്രമീകരിച്ചു നൽകാൻ സാധിക്കും.

സൗകര്യങ്ങൾ

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മുറ്റം ആർട്ടിഫിഷ്യൽ ഗ്രാസ്, സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തി ലാൻഡ്സ്കേപ്പ് ചെയ്ത് എടുക്കാവുന്നതാണ്.

ലാൻഡ്സ്കേപ്പിന്റെ ഒരു സൈഡിലായി കാർപോർച്ച് നൽകാം.ഒറ്റ നില വീട് ആയതു കൊണ്ട് തന്നെ പഴയ ടച്ച് കൊണ്ടുവന്ന് വിശാലമായ ഒരു സിറ്റൗട്ട് രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്.

അകത്തളങ്ങൾക്ക് സെമി ഓപ്പൺ രീതി പരീക്ഷിക്കുകയാണെങ്കിൽ കൂടുതൽ വിശാലതയും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കും.

ഡൈനിങ് ഏരിയ കിച്ചൻ എന്നിവ തമ്മിൽ ആവശ്യമുള്ള ഭാഗങ്ങളിൽ വച്ച് പാർട്ടീഷൻ ചെയ്തു നൽകുന്ന രീതിയും സെമി ഓപ്പണ്‍ രീതിയിൽ ചെയ്യാൻ സാധിക്കും.

ലിവിങ് ഏരിയ ഡൈനിങ് എന്നിവ തമ്മിൽ ഒരു വുഡൻ പാർട്ടീഷൻ നൽകുകയാണെങ്കിൽ ആവശ്യമുള്ള സമയങ്ങളിൽ ഓപ്പൺ ചെയ്തിടാനും ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ മാത്രം പാർട്ടീഷൻ ഉപയോഗപ്പെടുത്താനും സാധിക്കും.

ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു കോർടിയാഡ് സജ്ജീകരിച്ചു നൽകി അവിടെ കുറച്ച് പച്ചപ്പ് നിറയ്ക്കാം.

ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചവാഷ് ഏരിയ സെറ്റ് ചെയ്ത് നൽകാം.ഡൈനിങ് ഏരിയയിൽ നിന്നും നാല് ഭാഗത്തേക്കും വരുന്ന രീതിയിൽ വിശാലമായ കിടപ്പുമുറികൾ സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഇത് കൂടുതൽ സ്വകാര്യതയും ഉറപ്പ് വരുത്തും.ഡൈനിങ്ങിൽ നിന്നും കിച്ചണിലേക്ക് ആക്സസ് ലഭിക്കുന്ന രീതിയിൽ ഒരു ചെറിയ കിച്ചൻ കൗണ്ടർ കൂടി സെറ്റ് ചെയ്ത് നൽകിയാൽ പാകം ചെയ്ത ഭക്ഷണം ഡൈനിങ് ഏരിയയിലേക്ക് പെട്ടെന്ന് നൽകാനായി സാധിക്കും.

മൂന്ന് ബെഡ്റൂമുകളിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഒരു കോമൺ ബാത്റൂം വാഷ് ഏരിയയോട് ചേർന്നും സെറ്റ് ചെയ്ത് നൽകിയാൽ സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നീട് ടെൻഷൻ അടിക്കേണ്ട ആവശ്യം വരുന്നില്ല.

വീടിന്റെ സിറ്റൗട്ടിൽ നൽകിയ അതേ രീതിയിൽ അടുക്കളയോട് ചേർന്ന് ഒരു വർക്കിംഗ് ഏരിയ എന്ന രീതിയിൽ വിശാലമായ ഇടം സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

പകൽ സമയങ്ങളിൽ അടുക്കള ജോലികൾക്കിടയിൽ ഒരു ഇടവേള ആവശ്യമെന്ന് തോന്നുമ്പോൾ ഇത്തരം സ്ഥലങ്ങൾ വളരെയധികം ഉപകാരപ്രദമാണ്.

ഒറ്റ നില വീടുകൾ നിർമ്മിക്കുമ്പോൾ പല ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കുമെങ്കിലും പഴമയുടെ രീതികൾ ഇഷ്ടപ്പെടുന്നവർക്ക് അത് നല്ല രീതിയിൽ പ്രാവർത്തികമാക്കാൻ ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നത് ഉപകാരപ്പെടും.

ഒറ്റ നില വീടും മനോഹരമാക്കാം ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് വഴി.