ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ.

ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ.ഓരോരുത്തർക്കും തങ്ങളുടെ വീട് എങ്ങിനെ ആയിരിക്കണം എന്നതിനെ പറ്റി ഒരു ധാരണ ഉണ്ടായിരിക്കും.

വീടിന്റെ എക്സ്റ്റീരിയർ വർക്കുകളിലും ഇന്റീരിയർ വർക്കുകളിലും ഏകദേശ ധാരണ ഉണ്ടാക്കി വക്കുന്നത് വീടു നിർമ്മാണത്തിൽ വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

ഇന്റീരിയറിൽ വീടിന്റെ ഭിത്തികൾ ഭംഗിയാക്കാൻ നിരവധി മാർഗങ്ങളുണ്ട്.

ടെക്സ്ചർ വർക്കുകൾ, വാൾപേപ്പറുകൾ, ഹൈലൈറ്റ് ചെയ്യുന്ന പെയിന്റിംഗ്സ് എന്നിവയെല്ലാം വോൾ ഡിസൈൻ ചെയ്യാനായി ഉപയോഗപ്പെടുത്താമെങ്കിലും ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ വളരെയധികം ഭംഗിയായി ചെയ്തെടുക്കാവുന്ന ഇന്റീരിയർ ഡിസൈനിങ് രീതിയാണ് ഫോട്ടോ വാൾ.

കേൾക്കുമ്പോൾ കാര്യം അത്ര പെട്ടെന്ന് പിടികിട്ടി ല്ലെങ്കിലും സംഗതി നിസാരമാണ്.

നല്ല ഫോട്ടോകൾ ഉപയോഗപ്പെടുത്തി ഫോട്ടോ വാൾ ഇന്റീരിയറിൽ ഡിസൈൻ ചെയ്യുമ്പോൾ തീർച്ചയായും നിങ്ങളുടെ വീടിന്റെ ഡിസൈൻ മറ്റൊരാൾക്ക് ഫോളോ ചെയ്യാനും സാധിക്കില്ല.

അതിനുള്ള പ്രധാന കാരണം നിങ്ങളുടെ ഫാമിലി ഫോട്ടോകൾ, ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ എന്നിവയെല്ലാം ഫോട്ടോ വാളിൽ പകർത്താൻ സാധിക്കും എന്നതു തന്നെയാണ്.

ഫോട്ടോ വാൾ ഡിസൈൻ ഐഡിയ യെ പറ്റി കൃത്യമായി മനസിലാക്കാം

ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ

ഇന്റീരിയർ അലങ്കരിക്കാൻ ഫോട്ടോ വാൾ രീതി തിരഞ്ഞെടുക്കുകയാണെങ്കിൽ അത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതിന് കാരണമാകും.

മാത്രമല്ല വീട്ടിൽ കുട്ടികളുണ്ടെങ്കിൽ അവരുടെ വളർച്ചാ ഘട്ടങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ഫോട്ടോ വാൾ തീർച്ചയായും അവർക്ക് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും.

ഫോട്ടോകൾ തയ്യാറാക്കുന്നതിനായി തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ പ്രാമുഖ്യം നൽകാവുന്നത് കുട്ടികളുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങൾ, വിവാഹം, ഫാമിലി ഫോട്ടോ എന്നിവക്കെല്ലാം തന്നെയാണ്.

വീടിന്റെ ഏത് ചുമരുകളിൽ വേണമെങ്കിലും ഫോട്ടോകൾ തയ്യാറാക്കി നൽകാം.

എന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫോട്ടോ വാൾ തയ്യാറാക്കാനായി തിരഞ്ഞെടുക്കാവുന്ന ഇടങ്ങൾ ലിവിങ് ഏരിയയിലെ വാൾ, സ്റ്റെയർ കേയ്സിനോട് ചേർന്നു വരുന്ന ചുമരുകൾ, പാസേജുകൾ, ലാൻഡിങ് ഭിത്തികൾ എന്നിവയെല്ലാമാണ്.

ഫോട്ടോകൾ തയ്യാറാക്കുമ്പോൾ അവയുടെ സൈസിന് വളരെയധികം പ്രാധാന്യമുണ്ട്. ഏകദേശം 6 മുതൽ 12 വരെ ഫോട്ടോകൾ ഉപയോഗപ്പെടുത്തി ഒരു ഫോട്ടോ വാൾ ചെയ്യുകയാണെങ്കിൽ അവ കാഴ്ചയിൽ വളരെയധികം ഭംഗി നൽകും.

കൂടാതെ ഫോട്ടോകളുടെ വലിപ്പത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഉപയോഗപ്പെടുത്തുന്ന ഫോട്ടോകൾ 40*30സെന്റി മീറ്റർ,40*40 സെന്റി മീറ്റർ അളവുകളിൽ ആണ് തിരഞ്ഞെടുക്കേണ്ടത്.

ഫോട്ടോ വാൾ സെറ്റ് ചെയ്യേണ്ട രീതി

പ്രത്യേക തീമിനെ അടിസ്ഥാനമാക്കി ഫോട്ടോ വാൾ ചെയ്യുകയാണെങ്കിൽ അവ മറ്റുള്ളവരുടെ ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.

ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ ഒരു തീം ആക്കി മാറ്റി ഫോട്ടോ വാൾ സെറ്റ് ചെയ്യാം.

അല്ലെങ്കിൽ യാത്രകൾ, കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിങ്ങനെ ഓരോരുത്തർക്കും ഏത് കാര്യത്തോടാണോ കൂടുതൽ താൽപര്യം അതനുസരിച്ച് ഒരു തീം തയ്യാറാക്കി വേണം ഫോട്ടോ സെറ്റ് ചെയ്യാൻ.

കാണുന്നവർക്ക് ഫോട്ടോകളെ തമ്മിൽ പരസ്പരം കണക്ട് ചെയ്തു ഒരു ഹിസ്റ്ററി ലഭിക്കുന്ന രീതിയിൽ ഫോട്ടോകൾ സെറ്റ് ചെയ്ത് നൽകുന്നതാണ് ഏറ്റവും നല്ല രീതി.

ഫോട്ടോകൾ തിരഞ്ഞെടുക്കുമ്പോൾ അവ നല്ല ക്ലാരിറ്റിയിൽ ഉള്ളതും,അതേ സമയം കാഴ്ചയിൽ കൗതുകമുണർത്തുന്നതും ആകാനായി പ്രത്യേകം ശ്രദ്ധിക്കുക.

ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടാത്തവർക്ക് ഇഷ്ടമുള്ള പെയിന്റിംഗ്സ് വാങ്ങി അവയും ഫോട്ടോ വാൾ രൂപത്തിൽ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

പ്രധാനമായും ഫൈൻ ആർട്ട് രൂപത്തിലുള്ള പേപ്പറുകൾ ഉപയോഗപ്പെടുത്തി പ്രിന്റ് എടുത്താണ് ഫോട്ടോകൾ ഫ്രെയിം ചെയ്യുന്നത്.

പ്രൊഫഷണലായി ഫോട്ടോ വാൾ തയ്യാറാക്കി തരുന്ന നിരവധി ഷോപ്പുകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്.അവരെ കണ്ടെത്തി നിങ്ങളുടെ ആശയങ്ങൾ കൃത്യമായി ബോധിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടതുള്ളൂ.

ഇഷ്ടമുള്ള ഫോട്ടോകൾ തിരഞ്ഞെടുത്ത് ഇമെയിൽ വഴിയോ മറ്റോ അയച്ചു കൊടുത്താൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫോട്ടോകൾ സെറ്റ് ചെയ്ത് തിരികെ അയച്ചു തരും.

നിലവിൽ മാർക്കറ്റ് വില നോക്കുകയാണെങ്കിൽ ഏകദേശം 5000 രൂപക്ക് മുകളിലാണ് ഫോട്ടോ വാളിനായി പണം ചിലവഴിക്കേണ്ടി വരുന്നത്.

പലർക്കും പറ്റുന്ന അബദ്ധങ്ങൾ

ഫോട്ടോ വോൾ സെറ്റ് ചെയ്യാൻ വളരെ എളുപ്പമാണ് എന്നു കരുതി ഒരു ബന്ധവുമില്ലാത്ത ഫോട്ടോകൾ അടുക്കി വച്ച് ഫോട്ടോ വാൾ നിർമ്മിക്കുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല. നല്ല ക്വാളിറ്റി യിലുള്ള ഇമേജുകൾ തിരഞ്ഞെടുത്ത് ഫോട്ടോ വാൾ ചെയ്താൽ മാത്രമാണ് അവയ്ക്ക് പൂർണ ഭംഗി ലഭിക്കുകയുള്ളൂ. കൃത്യമായ സൈസ് മനസിലാക്കി,തീം തിരഞ്ഞെടുത്ത് തന്നെ ഫോട്ടോ വാൾ ചെയ്യാനായി ശ്രദ്ധിക്കുക.

വാൾ നിറയെ ഫോട്ടോകൾ കൊണ്ട് നിറയ്ക്കുന്നത് ഭംഗിയെക്കാളും കൂടുതൽ അഭംഗിയാണ് നൽകുക. മാത്രമല്ല അങ്ങിനെ ചെയ്യുന്നതുവഴി കാഴ്ചക്കാർക്ക് ഫോട്ടോകളിലേക്ക് നോക്കാൻ പോലും താല്പര്യം ഉണ്ടാവുകയുമില്ല . നല്ല രീതിയിൽ ഫോട്ടോ വാൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ലിവിങ് ഏരിയ ബെഡ്റൂം എന്നിവിടങ്ങളിൽ ഭിത്തികൾ അലങ്കരിക്കാൻ മറ്റൊരു മാർഗം കണ്ടെത്തേണ്ടതില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഫോട്ടോ വാൾ ഇന്റീരിയർ അലങ്കാരമാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക.