മാറുന്ന ട്രെൻഡും കർട്ടനുകളും.ഒരു വീടിനെ സംബന്ധിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്.

വീടിന്റെ സ്വകാര്യത ഉറപ്പു വരുത്തുക മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ വായു,വെളിച്ചം എന്നിവ എത്തിക്കുന്നതിലും കർട്ടനുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

അതേസമയം മാറുന്ന ട്രെൻഡുകൾക്കനുസരിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കേണ്ടത് വളരെയധികം ചാലഞ്ച് ഏറിയ കാര്യമാണ്.

കർട്ടൻ എന്ന ഒരൊറ്റ പേരിലാണ് ഇവ അറിയപ്പെടുന്നത് എങ്കിലും വ്യത്യസ്ത മെറ്റീരിയലുകൾ, ക്വാളിറ്റി, ഉപയോഗരീതി എന്നിവ അനുസരിച്ച് വ്യത്യസ്ത രീതികളിൽ കർട്ടനുകൾ തരം തിരിക്കാം.

കർട്ടനുകളിൽ ട്രെൻഡ് മാറിക്കൊണ്ടിരിക്കുന്നത് പലരും തിരിച്ചറിയുന്നില്ല.

പലപ്പോഴെങ്കിലും മോഡേൺ ആയി ഇന്റീരിയർ ചെയ്ത വീടിനെ അലങ്കോലമാക്കുന്നതിൽ വില്ലനാകുന്നത് കർട്ടനുകളാണ്.

മാറുന്ന ട്രെൻഡ് അനുസരിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മാറുന്ന ട്രെൻഡും കർട്ടനുകളും.

ഇടക്കാലത്ത് വിപണി അടക്കി വാണിരുന്ന ഐലറ്റ് കർട്ടനുകൾ വളരെ പെട്ടെന്നുതന്നെ ഔട്ട് ഓഫ് ട്രെൻഡ് ആയി മാറി .

ഇപ്പോൾ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ത്രീ പ്ലീറ്റ് ടൈപ്പ് കർട്ടനുകൾ ആണ്. അതേസമയം റിപ്പിൾ ടൈപ്പ് കർട്ടനുകളോടും ആളുകൾക്ക് പ്രിയം കൂടുതലാണ്.

കൂടുതൽ പ്ലീറ്റുകൾ ഉള്ളതിനാൽ അവ കാഴ്ചയിൽ ഭംഗി തരും എന്നു മാത്രമല്ല ‘U’ ഷേപ്പ് രീതിയിലാണ് ഇവയുടെ ആകൃതി.

ഐലറ്റ് കർട്ടനുകളിൽ നിന്നും വ്യത്യസ്തമായി റിങ്ങുകൾ ഇവയിൽ ഉപയോഗപ്പെടുത്തേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ കാഴ്ചയിൽ വളരെയധികം ഭംഗി ലഭിക്കും.

വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കും എന്നതും ഇത്തരം കർട്ടനുകളുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

റിപ്പിൾ കർട്ടനുകൾക്ക് പ്ലീറ്റഡ് കർട്ടനുകളെക്കാൾ വില കൂടുതലാണ്.

വീടിന്റെ ഇന്റീരിയറിൽ വളരെ സിമ്പിളും മിനിമലും ആയി ഡിസൈൻ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി റിപ്പിൾ ടൈപ്പ് കർട്ടനുകൾ ആണ്.

അതേസമയം ബ്ലൈൻഡ്സിൽ കർട്ടനുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ ക്കിടയിൽ ഇപ്പോഴും ട്രെൻഡിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.

കൂടുതൽ പേരും റോമൻ ബ്ലൈൻഡ് കർട്ടനുകൾ തിരഞ്ഞെടുക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഒരു ഭാഗത്തുനിന്നും വലിക്കുമ്പോൾ വ്യത്യസ്ത രീതിയിൽ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ് റോമൻ ബ്ലൈൻഡ് കർട്ടനുകൾ. റോമൻ ബ്ലൈൻഡ് തന്നെ കനം കുറഞ്ഞ ടൈപ്പ് ഷിയർ കർട്ടനുകളും തിരഞ്ഞെടുക്കാം.

എക്സ്‌റ്റീരിയർ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ.

വീടിന്റെ എക്സ്റ്റീരിയറിൽ ഉപയോഗപ്പെടുത്താൻ കൂടുതൽ പേരും ഉപയോഗിക്കുന്നത് പിവിസി ടൈപ്പ് കർട്ടനുകളാണ്. അതോടൊപ്പം ബാംബൂ ഉപയോഗിച്ച് നിർമ്മിക്കുന്ന കർട്ടനുകളും, വിനൈൽ ബ്ലൈൻഡ് കർട്ടനുകളും എല്ലാകാലത്തും ട്രെൻഡ് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് കർട്ടനുകൾ നിർമ്മിക്കുമ്പോൾ നാച്ചുറൽ ബാംബു മെറ്റീരിയൽ വേണമെങ്കിലും തിരഞ്ഞെടുക്കാം.

ഓപ്പൺ കോർട്ട്‌യാർഡ്,സിറ്റ് ഔട്ട് പോലുള്ള ഭാഗങ്ങളിലാണ് കൂടുതലായും ബാംബൂ കർട്ടനുകൾ ഉപയോഗപ്പെടുത്തുന്നത്. വീടിന്റെ പുറത്ത് ഉപയോഗപ്പെടുത്തുന്ന കർട്ടനുകൾ പെട്ടെന്ന് നിറംമങ്ങി പോകാനുള്ള സാധ്യത മനസിൽ കണ്ടുകൊണ്ട് വേണം മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ബാത്റൂം, അടുക്കള പോലുള്ള സ്ഥലങ്ങളിലേക്ക് കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം വെള്ളം തട്ടിയാൽ പെട്ടെന്ന് കേടാകാത്ത മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ. വെനീഷ്യൻ ബ്ലൈൻഡ് ടൈപ്പ് കർട്ടനുകൾ ആണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇവ ആവശ്യത്തിന് വായുവും വെളിച്ചവും നൽകുമെന്ന് മാത്രമല്ല വൃത്തിയാക്കാനും വളരെ എളുപ്പമാണ്.

കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ചെറിയ സ്പേസിലേക്ക് കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വലിപ്പം ലഭിക്കുന്നതിന് ബ്ലൈൻഡ്സ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. പലപ്പോഴും കർട്ടനുകൾ ഉപയോഗപ്പെടുത്തുമ്പോൾ സ്പേസ് കുറവുള്ള പ്രതീതിയാണ് റൂമിന് ഉണ്ടാക്കുക. അതേസമയം ബ്ലൈൻഡ് ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ അവ ഒരു കൃത്യമായ ആകൃതിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് കൊണ്ട് കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തുന്നില്ല. വീടിന്റെ ഏത് ഭാഗത്തേക്കാണോ കർട്ടൻ തിരഞ്ഞെടുക്കുന്നത് ആ ഭാഗത്തിന്റെ കൃത്യമായ അളവ് എടുത്ത ശേഷം മാത്രം മെറ്റീരിയൽ പർച്ചേസ് ചെയ്യുക.മെറ്റീരിയൽ ക്വാളിറ്റി, വില എന്നിവ ചോദിച്ച് മനസിലാക്കി മാത്രം കർട്ടൻ തിരഞ്ഞെടുക്കാം.

കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ മിക്കവർക്കും ഉണ്ടാകുന്ന ആശയക്കുഴപ്പം അവയുടെ അളവിന്റെ കാര്യത്തിലാണ്. മെറ്റീരിയൽ അളക്കുന്നത് സെന്റീമീറ്ററിൽ ആണോ അതോ അടി, ഇഞ്ച് അളവിലാണോ എന്ന കാര്യം ശ്രദ്ധിക്കുക. സിംപിൾ ടൈപ്പ് കർട്ടനുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ലൈറ്റ് നിറങ്ങളായ ബീജ്, പിങ്ക് പോലുള്ള നിറങ്ങൾ തിരഞ്ഞെടുക്കാം. അവയുടെ താഴെ ഭാഗം മാത്രം പ്രിന്റഡ് ബോർഡർ നൽകിയാൽ കൂടുതൽ ഭംഗി ലഭിക്കും. കർട്ടനുകൾ ക്ക് തിരഞ്ഞെടുക്കുന്ന അതെ നിറങ്ങൾ തന്നെ ഉപയോഗിച്ച് പില്ലോ കവർ,കുഷ്യൻ എന്നിവ നൽകിയാൽ ബെഡ്‌റൂമിന് ട്രെൻഡി ലുക് തോന്നിപ്പിക്കാൻ സാധിക്കും.സാധാരണ രീതിയിൽ ഉള്ള കർട്ടനുകൾ മാത്രമല്ല റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന കർട്ടനുകളും ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവയുടെ ഗുണദോഷങ്ങൾ മനസിലാക്കി തിരഞ്ഞെടുക്കുക എന്നതിലാണ് പ്രാധാന്യം.

മാറുന്ന ട്രെൻഡും കർട്ടനുകളും മനസിലാക്കി കൊണ്ട് തന്നെ വീട്ടിലേക്കുള്ള കർട്ടനുകളും തിരഞ്ഞെടുക്കാം.