മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും.പ്രൗഢ ഗംഭീരമായ ഒരു വീട് ഏതൊരാളുടെയും സ്വപ്നമാണ്.

അതിനായി വീടിന്റെ ഇന്റീരിയറിൽ ഏതെല്ലാം മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

പലപ്പോഴും കൂടുതൽ ഭംഗി ലഭിക്കുന്ന ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവ എങ്ങിനെ വൃത്തിയാക്കി സൂക്ഷിക്കും എന്നതാണ് പലരുടെയും പ്രധാന പ്രശ്നം.

വൃത്തിയാക്കാൻ എളുപ്പമുള്ളതും അതേസമയം കാഴ്ചയിൽ ഭംഗിയുള്ളതുമായ മെറ്റീരിയലുകൾ ഇന്റീരിയറിൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യൂസ് ചെയ്യാവുന്ന മെറ്റീരിയലുകളാണ് ഗ്ലാസും തടിയും ചേർന്ന കോമ്പിനേഷൻ.

കേൾക്കുമ്പോൾ അവ തമ്മിൽ യോജിച്ചു പോകുമോ എന്ന് ചിന്തിക്കുന്നവർക്ക് യാതൊരു സംശയവും വേണ്ട.

തടിയും ഗ്ലാസും ചേർന്നുകൊണ്ടുള്ള പാർട്ടീഷനുകൾ, ഷെൽഫുകൾ,ജനാലകൾ എന്നിവ വീടിന് സമ്മാനിക്കുക ഒരു പ്രത്യേക ലുക്ക് തന്നെയാണ്.

മാത്രമല്ല ഇവ വളരെ പെട്ടെന്ന് തുടച്ച് വൃത്തിയാക്കി വയ്ക്കാനും സാധിക്കും.

മരവും ഗ്ലാസും ചേർത്തു കൊണ്ട് ഒരു അത്യുജ്ജല ഇന്റീരിയർ കോമ്പിനേഷൻ എങ്ങിനെ ഒരുക്കാൻ സാധിക്കുമെന്ന് കൃത്യമായി മനസിലാക്കാം.

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും

പണ്ടു കാലങ്ങളിൽ വീടിന്റെ ഷെൽഫ്, അലമാര, ജനാലകൾ എന്നിവ നിർമിച്ചിരുന്ന ഗ്ലാസും തടിയും ചേർന്ന കോമ്പിനേഷൻ ഒരു പുതിയ കണ്ടുപിടുത്തമൊന്നും അല്ല. ഇടക്കാലത്ത് വെച്ച് അവയോടുള്ള പ്രിയം ആളുകൾക്ക് കുറഞ്ഞു എന്ന് മാത്രം. ഇന്റീരിയറിന്റെ തീം തന്നെ ഗ്ലാസും മരവും ചേർത്തു കൊണ്ടുള്ളതാകുമ്പോൾ വീടിന്റെ ഓരോ ഭാഗങ്ങളിലും ആ ഒരു തീമിനോട് നീതി പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

കിച്ചൻ, ബെഡ്റൂം എന്നിവക്കിടയിൽ ഇത്തരത്തിലുള്ള ഒരു കോമ്പിനേഷനിൽ ഡോറുകൾ നൽകുന്നത് പ്രൈവസി നൽകുമോ എന്ന കാര്യം പലർക്കും ഇപ്പോൾ സംശയം തോന്നുന്ന കാര്യമായിരിക്കും.

എന്നാൽ മനോഹരമായ കർട്ടനുകൾ ഉൾഭാഗത്ത് സജ്ജീകരിച്ച് നൽകുന്നതു വഴി റൂമിന് പ്രൈവസി ഉറപ്പിക്കാം.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ലിവിങ് ഏരിയയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ ഗ്ലാസും തടിയും ചേർത്തു കൊണ്ട് ഒരു മിറർ വർക്ക് ചെയ്യാവുന്നതാണ്.

ലിവിങ് ഏരിയയിൽ തിരഞ്ഞെടുക്കുന്ന കോഫി ടേബിളും തടിയും ഗ്ലാസും ഉപയോഗിച്ചു കൊണ്ട് തന്നെ നിർമ്മിക്കാം.

സോഫക്ക് തിരഞ്ഞെടുക്കുന്ന നിറങ്ങൾ കൂടി വുഡൻ ഫിനിഷിങ് ആണെങ്കിൽ ലിവിങ് ഏരിയയുടെ ലുക്ക് ഏകദേശം പൂർത്തിയായി.

പ്രധാന ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

ഡൈനിങ് ഏരിയയിൽ ഗ്ലാസും തടിയും കൊണ്ട് നിർമ്മിച്ച ഒരു ഡൈനിങ് ടേബിൾ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ഇന്റീരിയറിനോട് ചേർന്നു നിൽക്കുന്ന ഒരു ഷേപ്പിൽ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ഡൈനിങ് ഏരിയയോട് ചേർന്ന് നൽകുന്ന വാഷ് ഏരിയയിൽ വുഡൻ ഫിനിഷിംഗ് ഉള്ള സെറാമിക് വാഷ്ബേസിൻ അല്ലെങ്കിൽ വുഡൻ വാഷ് ബേസിൻ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. വാഷ് ഏരിയ യോട് ചേർന്ന് ഒരു മിറർ ഫിറ്റ് ചെയ്ത് നൽകാം. തടിയും ഗ്ലാസും ചേർന്ന കോമ്പിനേഷന്റെ ഒരു വ്യത്യസ്ത തലമായിരിക്കും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക.

ഡൈനിങ് ഏരിയ കിച്ചൻ എന്നിവയെ തമ്മിൽ വേർതിരിക്കുന്നതിന് ഒരു ഗ്ലാസ് പാർട്ടീഷൻ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി ഫ്ലൂട്ട് ഗ്ലാസ്, മരം എന്നിവ ചേർന്നു കൊണ്ടുള്ള ഫോൾഡിങ് ടൈപ്പ് പാർട്ടീഷൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.ഇങ്ങിനെ ചെയ്യുന്നതുവഴി ആവശ്യമുള്ള സമയത്ത് ഡൈനിങ് ഏരിയ, കിച്ചൻ എന്നിവ ഓപ്പൺ ചെയ്ത് ഇടാവുന്നതാണ്. ഡൈനിങ് ഏരിയയോട് ചേർന്ന് ഗ്ലാസിൽ മരത്തിന്റെ ഫ്രെയിം ഉപയോഗപ്പെടുത്തി ഒരു ക്രോക്കറി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. കിച്ചണിൽ ഷെൽഫുകൾ നൽകുമ്പോൾ വുഡൻ ഫിനിഷിങ് മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീടിന്റെ മറ്റ് ഭാഗങ്ങളോട് യോജിച്ചു പോകുന്ന ഒരു പ്രതീതി ഉണ്ടാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ ടോപ് കൗണ്ടർ ഷെൽഫുകൾ ഗ്ലാസ്,തടി എന്നിവ ചേർന്നു വരുന്ന രീതിയിൽ ഒരു കോമ്പിനേഷനിൽ പരീക്ഷിക്കാം.

സ്റ്റെയർകേയ്സ് ബെഡ്റൂം എന്നിവ ഒരുക്കുമ്പോൾ

തടിയും ഗ്ലാസും ചേർന്നു കൊണ്ടുള്ള ഫ്ലോട്ടിംഗ് ടൈപ്പ് സ്റ്റെയർകേയ്സ് കാഴ്ചയിൽ വളരെയധികം ഭംഗി നൽകും. മാത്രമല്ല വീടിന് ഒരു ക്ലാസിക് ലുക്ക് നൽകുന്നതിലും സ്റ്റെയർ കേസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്റ്റെയർകേസിൽ നിന്നും ഒരു ഫാമിലി ലിവിങ് ഏരിയ നൽകുന്നുണ്ടെങ്കിൽ ഇവിടെ തടിയിൽ തീർത്ത ഒരു ആട്ടു കട്ടിൽ നൽകുന്നതത് വീടിന്റെ പാരമ്പര്യം വിളിച്ചോതുന്നതിൽ പങ്കു വഹിക്കും. മുകൾ ഭാഗത്ത് നൽകുന്ന ഫാമിലി ലിവിങ്‌ ഏരിയയിൽ ആവശ്യമെങ്കിൽ ഒരു ബുക്ക് ഷെൽഫ് ഗ്ലാസും തടിയും ചേർന്നു കൊണ്ടുള്ള കോമ്പിനേഷനിൽ പരീക്ഷിക്കാവുന്നതാണ്. ആ ഭാഗത്തേക്ക് ആവശ്യമായ ഫർണിച്ചറുകളും വുഡൻ ഫിനിഷിങ്ങിൽ തന്നെ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. ബെഡ്റൂമുകൾ ഒരുക്കുമ്പോൾ മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് കൊണ്ട് ഹെഡ് ബോഡ് രീതിയിലുള്ള ബെഡുകൾ തിരഞ്ഞെടുക്കാം.

വാർഡ്രോബ് കളുടെ ഫിനിഷിംഗ് പ്ലൈവുഡ്, മൾട്ടിവുഡ് പോലുള്ള മെറ്റീരിയലുകളിൽ ചെയ്തെടുത്താൽ കൂടുതൽ ഭംഗി ലഭിക്കും.അതേസമയം ലാമിനേറ്റഡ് ഷീറ്റുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീടിന്റെ ഇന്റീരിയർ നിറത്തോട് സാമ്യം തോന്നിപ്പിക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ബെഡ്റൂമുകളിലും ഒരേ രീതി തന്നെ പിന്തുടർന്നാൽ അവ കാഴ്ചയിൽ സമ്മാനിക്കുന്നത് ഒരു പ്രത്യേക ലുക്ക് ആയിരിക്കും.കബോഡുകളിൽ ഗ്രിഡ് രീതി ഉപയോഗപ്പെടുത്തി വ്യത്യസ്തമാക്കാവുന്നതാണ്. ബെഡ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന രീതിയിൽ ഒരു ബാൽക്കണി സജ്ജീകരിച്ച് അവിടെ തടിയിൽ തീർത്ത രണ്ട് ചെയറുകൾ സജ്ജീകരിച്ച് നൽകാവുന്നതാണ്. ബാൽക്കണി, ഹാൻഡ് റെയിൽ എന്നിവ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ള ഗ്ലാസും തടിയും ഉപയോഗപ്പെടുത്തി വീടിന്റെ ഫിനിഷിംഗ് പൂർത്തിയാക്കാം. വീടിന്റെ ഇന്റീരിയറിനോട് കിടപിടിക്കുന്ന രീതിയിലുള്ള ഒരു ഡിസൈൻ ശൈലി തന്നെ പുറം ഭാഗത്തും നൽകുന്നത് കൂടുതൽ നല്ലതാണ്. വീടിന്റെ മുകൾഭാഗത്ത് ട്രസ് വർക്ക്, റൂഫിങ് ടൈലുകൾ എന്നിവ പാകി വുഡ് ഉപയോഗിച്ചുള്ള ഒരു മുഖപ്പ് നൽകാവുന്നതാണ്.

മരവും ഗ്ലാസും ക്ലാസിക്ക് ലുക്കും തരുമ്പോൾ പഴമയും പുതുമയും ഒത്തിണങ്ങിയ വ്യത്യസ്തമായ വീടെന്ന സ്വപനത്തിലേക്ക് നിങ്ങളുടെ വീടിനെയും മാറ്റിയെടുക്കാം