വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ.

വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടമാണ് പ്രവേശന കവാടം അഥവാ പ്രവേശന വരാന്ത.

പണ്ട് കാലങ്ങളിൽ നീളത്തിലുള്ള വരാന്തകളാണ് വീടുകളിൽ സ്ഥാനം പിടിച്ചിരുന്നത് എങ്കിൽ പിന്നീട് അവ സിറ്റൗട്ടിന്റെ രൂപത്തിലേക്ക് മാറി.

പഴമയും പുതുമയും ഒത്തിണക്കിക്കൊണ്ട് സമകാലീന ശൈലിയിൽ നിർമ്മിക്കുന്ന വീടുകളിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം വീണ്ടും വർധിച്ചു തുടങ്ങിയിരിക്കുന്നു.

ഉപയോഗിക്കുന്ന മെറ്റീരിയൽ,ഡിസൈൻ, പെയിന്റ്,ഫർണിച്ചറുകൾ എന്നിവയിലെല്ലാം അതീവ കരുതൽ നൽകേണ്ട ഒരു ഇടമായി പ്രവേശന വരാന്തയെ കണക്കാക്കാം. വീടിന്റെ പ്രവേശനഭാഗം മനോഹരമാക്കാനായി പരീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ, ചെയ്യാവുന്ന കാര്യങ്ങൾ.

വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കുന്നതിനേക്കാൾ ഉപരി വീട്ടുകാർ ഇരുന്നു സംസാരിക്കുന്ന ഇടമായി പലപ്പോഴും പ്രവേശന വരാന്തകൾ സ്ഥാനം പിടിക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ഭാഗങ്ങളിലേക്ക് ഒരു ഡ്രോയർ ഉള്ള മേശ തിരഞ്ഞെടുക്കുന്നത് അനുയോജ്യമാണ്.

അവയ്ക്കകത്ത് പുസ്തകങ്ങൾ,ഫയലുകൾ എന്നിവ സൂക്ഷിക്കുകയും മുകളിൽ അലങ്കാരവസ്തുക്കൾ, മെഴുകുതിരി, വിളക്കുകൾ എന്നിവയെല്ലാം ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം.

പ്രധാനമായും പുസ്തകങ്ങൾ,ബില്ലുകൾ, വാഹനത്തിന്റെ താക്കോൽ എന്നിവയെല്ലാം സൂക്ഷിക്കുന്നതിന് ഡ്രോയർ മേശകൾ വളരെയധികം ഉപകാരപ്പെടും.

തടിയിൽ നിർമ്മിച്ചത് അതല്ലെങ്കിൽ മെറ്റൽ ആർട്ടിഫിഷ്യൽ വുഡ് എന്നിവയിൽ നിർമ്മിച്ചതോ ആയ ഡ്രോയർ മേശകൾ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

അതേസമയം പ്രവേശന വരാന്ത വലിപ്പം കുറഞ്ഞതാണ് എങ്കിൽ വലിപ്പം കൂടിയ ഫർണിച്ചറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

പ്രവേശന വരാന്തയുടെ ചുമരുകൾ മനോഹരമാക്കുന്നതിനായി ചിത്രങ്ങൾ, ഫോട്ടോകൾ,വാൾ ഡെക്കർ ഐറ്റംസ് എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

പരമ്പരാഗത കലാരൂപങ്ങൾ, പെയിന്റിംഗ്സ്,മ്യൂറൽ ചിത്രങ്ങൾ എന്നിവയെല്ലാം ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത് കൂടുതൽ ഭംഗി നൽകും.

പ്രവേശന വരാന്തയ്ക്ക് കൂടുതൽ വലിപ്പവും വിശാലതയും തോന്നിപ്പിക്കുന്നതിനായി അലങ്കാര മിററുകൾ ഉപയോഗപ്പെടുത്താം.

അലങ്കാരവസ്തുക്കളായി ഉപയോഗപ്പെടുത്താവുന്ന മിററുകൾ പല ആകൃതിയിലും നിറത്തിലുമെല്ലാം വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഇത്തരം ഭാഗങ്ങളിലേക്ക് പെയിന്റുകൾ തിരഞ്ഞെടുക്കുമ്പോൾ മെറ്റാലിക് പെയിന്റ് ഡിസൈനർ ടൈപ്പ് ടൈലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി കൂടുതൽ മനോഹരമാക്കാവുന്നതാണ്.

മാത്രമല്ല ക്ലാഡിങ് വർക്കുകൾ,ടെക്സ്ചർ വർക്കുകൾ, വാൾപേപ്പർ എന്നിവയെല്ലാം പരീക്ഷിക്കാനുള്ള ഇടമായും പ്രവേശന വരാന്ത മാറ്റിയെടുക്കാവുന്നതാണ്.

പച്ചപ്പിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി പ്രവേശന വരാന്തയോട് ചേർന്ന് ഒരു കോർട്ടിയാഡ് സെറ്റ് ചെയ്ത് നൽകാം. ഇവിടെ ഇൻഡോർ പ്ലാന്റുകൾ, ഉരുളൻ കല്ലുകൾ, വാട്ടർ ഫൗണ്ടൻ എന്നിവയെല്ലാം നൽകി കൂടുതൽ മനോഹരമാക്കാവുന്നതാണ്.

ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ

മിക്ക വീടുകളിലും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തോട് ചേർന്ന് ആയിരിക്കും ഷൂ റാക്ക് നൽകുന്നത്. ഇൻബിൽട്ട് രീതിയിൽ നിർമ്മിച്ചതോ റെഡിമെയ്ഡ് അല്ലെങ്കിൽ മെറ്റൽ ടൈപ്പ് ഷൂ റാക്കുകളും ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

ഷൂ റാക്കുകളിൽ തന്നെ മുകളിൽ സീറ്റിങ് അറേഞ്ച് മെന്റ് നൽകുകയാണെങ്കിൽ ഇരിക്കാനായി പ്രത്യേകം സീറ്റിംഗ് നൽകേണ്ട ആവശ്യം വരുന്നില്ല.

ചാരുപടികൾ നൽകുന്ന രീതി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ ചുറ്റും അവ നൽകി ഇരിക്കാവുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

പ്രവേശന വരാന്തയിൽ ഒരു ചാരുകസേര, ഊഞ്ഞാൽ സ്വിങ്‌ ചെയർ എന്നിവയെല്ലാം നൽകുന്നത് കാഴ്ചയിൽ അലങ്കാരവും അതേസമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

കൂടുതലായി ചൂടും തണുപ്പും തട്ടുന്ന ഇടമായതു കൊണ്ട് തന്നെ തടിയിൽ തീർത്ത ഫർണിച്ചറുകൾ ഉപയോഗപ്പെടുത്തുമ്പോൾ അവ നിറം മങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ ലെതർ, അല്ലെങ്കിൽ വെൽവെറ്റ് മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാലും അവയിൽ ഫംഗൽ ഇൻഫെക്ഷനുകളെല്ലാം വരാനുള്ള സാധ്യത കൂടുതലാണ്.

ചൂരൽ, മെറ്റൽ പോലുള്ള മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച ഫർണിച്ചറുകളാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

വീടിന്റെ ഡിസൈൻ അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും നീളത്തിലും ആകൃതിയിലുമെല്ലാം ആവശ്യാനുസരണം ഫർണിച്ചറുകൾ തിരഞ്ഞെടുത്തു പ്രവേശന വരാന്ത കൂടുതൽ ഭംഗിയാക്കാം.

വീടിന്റെ പ്രവേശന ഭാഗം മനോഹരമാക്കാൻ, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.