കോൺക്രീറ്റ് വർക്കുകൾക്ക് പകരം കുറഞ്ഞ ചിലവിൽ ട്രസ്സ് വർക്കുകൾ ചെയ്ത് റൂഫ് കൂടുതൽ ഭംഗിയാക്കാം.

സാധാരണയായി ഒരു ഇരുനിലയുള്ള വീട് കെട്ടുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ വീട് പണിയുന്ന സമയത്ത് ആവശ്യത്തിന് പണം തികയാത്ത സാഹചര്യങ്ങളിൽ പലരും പിന്നീട് വീടിന്റെ മുകൾ ഭാഗത്തേക്ക് എടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയാണ് പതിവ്.

എന്നാൽ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ മുകൾഭാഗം ട്രസ് വർക്കുകൾ ചെയ്ത് കൂടുതൽ ഭംഗിയാക്കാൻ നിരവധി ഓപ്ഷനുകൾ ഇപ്പോൾ ലഭ്യമാണ്.

അതുകൊണ്ടുതന്നെ ചെങ്കല്ല് അല്ലെങ്കിൽ ഇഷ്ടിക ഉപയോഗിച്ച് മുകളിലേക്ക് കെട്ടി കോൺക്രീറ്റ് ചെയ്ത് വലിയ രീതിയിൽ ചിലവ് വരുത്തി വെക്കേണ്ടി വരുന്നില്ല.

ട്രസ്സ് വർക്കുകൾ വ്യത്യസ്തരീതിയിൽ ചെയ്തെടുക്കാമെങ്കിലും അവ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി നല്ല രീതിയിൽ ചെയ്യാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

മോഡേൺ ടെക്നോളജി ഉപയോഗപ്പെടുത്തി ട്രസ്സ് വർക്കുകൾ ചെയ്യുന്ന രീതി.

വീടിന്റെ മുകൾഭാഗം കൂടുതൽ ഭംഗിയായി നിർമ്മിച്ചെടുക്കുന്നതിൽ ട്രസ് വർക്കുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.GP സ്ക്വയർ പൈപ്പുകൾ ഉപയോഗപ്പെടുത്തി മോഡേൺ രീതിയിൽ വീടിന്റെ മേൽക്കൂര ട്രസ് വർക്കുകൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

തുടർന്ന് അതിനു മുകളിൽ ഗ്ലാസ് വർക്കുകൾ നൽകുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കുകയും ചെയ്യും.

അങ്ങിനെ ചെയ്യുന്നത് വഴി വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിനും അതേസമയം ഒരു മോഡേൺ ലുക്ക് ലഭിക്കുന്നതിനും സഹായിക്കുന്നു.

GI പൈപ്പുകൾ ഉപയോഗിച്ച് ട്രസ്സ് വർക്ക് ചെയ്ത ശേഷം ഭിത്തികൾക്ക് AAC ബ്ലോക്കുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഭിത്തികളിലേക്ക് ഉള്ള ലോഡ് കുറക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് AAC ബ്ലോക്കുകൾ തിരഞ്ഞെടുക്കുന്നത്.

ട്രസ്സ് വർക്കിനെ സാധാരണ ബിൽഡിംഗ് നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ

വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി ഇന്ന് മിക്ക ആളുകളും വീടിന്റെ മുകൾ ഭാഗം ട്രസ്സ് വർക്ക് ചെയ്ത്ഷീറ്റ് കവറേജ് നൽകുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി മഴ,കാറ്റ്, ചൂട് എന്നിവയിൽ നിന്നെല്ലാം വീടിന് കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കുന്നു.

അതേസമയം വീട്ടാവശ്യങ്ങൾക്കും, തുണി അലക്കി ഇടാനുള്ള ഒരിടമായി ട്രസ് വർക്ക്‌ ഉപയോഗിച്ച് മേൽക്കൂരകൾ മാത്രം നിർമിച്ചു നൽകുന്ന രീതികളും പലരും ഉപയോഗപ്പെടുത്തുന്നുണ്ട്.

യാതൊരു രീതിയിലും ബെൻഡ് ആവാത്ത രീതിയിൽ ഉള്ള കമ്പികൾ ഉപയോഗപ്പെടുത്തിയാണ് ട്രസ്സ് വർക്ക്‌ ചെയ്യുന്നത്.

കൂടാതെ എല്ലാ ഭാഗത്തേക്കും നൽകിയിട്ടുള്ള വെയിറ്റ്, ലോഡ് എന്നിവയെ ബാലൻസ് ചെയ്യാനുള്ള കപ്പാസിറ്റി നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പികൾക്ക് ആവശ്യമാണ്. കാലത്തിന് അനുസരിച്ച് വീടിന്റെ രൂപ ഘടനയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷൻ ആണ് ട്രസ്സ് വർക്ക്‌.

ഇതിനുള്ള പ്രധാന കാരണം കമ്പികൾ എളുപ്പത്തിൽ എടുത്ത് മാറ്റി മറ്റൊരു രൂപത്തിലേക്ക് കൺവെർട്ട് ചെയ്യാൻ സാധിക്കുന്നു എന്നത് തന്നെയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാവുകയും ചെയ്യുന്നു.

പ്രധാനമായും ഓഫീസ് പോലുള്ള കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തികൾക്കാണ് ഇപ്പോൾ കൂടുതലായും ട്രസ് റൂഫിംഗ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഇന്ന് വീടുകളുടെ നിർമ്മാണത്തിലേക്ക് ഇവ കൂടുതലായി വ്യാപിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ഒറ്റ നില കെട്ടിടങ്ങളിൽ ലീക്കേജ് പ്രശ്നങ്ങൾ വരുന്ന സന്ദർഭങ്ങളിൽ മിക്ക ആളുകളും ഉപയോഗപ്പെടുത്തുന്ന ഒരു രീതിയായി ട്രസ് വർക്ക് മാറിക്കൊണ്ടിരിക്കുന്നു.

വീടിന്റെ ബാൽക്കണിയോട് ചേർന്നുള്ള ഭാഗങ്ങളെല്ലാം ട്രസ് വർക്ക്‌ ചെയ്ത് കൂടുതൽ ഭംഗിയാക്കി എടുക്കാൻ സാധിക്കും.

ഈ ഒരു വർക്ക്‌ ചെയ്യുമ്പോൾ അതിനോടൊപ്പം തന്നെ യോജിപ്പിച്ച് ഉപയോഗിക്കാവുന്ന ഒരു മെറ്റീരിയലാണ് V ബോർഡുകൾ. കാഴ്ചയിൽ ഒരു കോൺക്രീറ്റ് ചുമരിനോട് സാദൃശ്യം തോന്നുമെങ്കിലും V ബോർഡുകൾ സെപ്പറേറ്റ് ബോർഡ്‌ രീതിയിലാണ് നൽകുന്നത്.

ട്രസ് വർക്ക് ചെയ്യുമ്പോൾ വരുന്ന ചിലവ്

ഓരോ വീടിന്റെയും ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കേണ്ട പൈപ്പിന്റെ അളവ് വ്യത്യസ്തമാകും. കൂടാതെ ട്രസ് വർക്ക് ചെയ്തതിനു മുകളിൽ റൂഫിംഗ് നൽകുന്നതിന് തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ അനുസരിച്ച് വിലവ്യത്യാസം പ്രതീക്ഷിക്കാം.

ഭിത്തികൾ നിർമ്മിക്കുന്നതിന് ആവശ്യമായ AAC ബ്ലോക്കുകളുടെ വില കൂട്ടിയാൽ തന്നെ കോൺക്രീറ്റിൽ നിർമ്മിച്ചെടുക്കുന്ന ഒരു മേൽക്കൂരയുടെ അത്രയും ചിലവ് വരുന്നില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

റൂഫ് വർക്കുകൾക്ക് ഓരോരുത്തർക്കും ആവശ്യാനുസരണം നാടൻ ഓട്, സെറാമിക് ടൈലുകൾ എന്നിവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

വീട് നിർമാണത്തിൽ ചിലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനായി ട്രസ് വർക്കുകളെ കണക്കാക്കാം.