ലാൻഡ്സ്കേപ്പിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ചിലവ് കുറച്ച് കൂടുതൽ ഭംഗിയാക്കാം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ഭാഗമായി ലാൻഡ്സ്കേപ്പിങ് മാറിയിരിക്കുന്നു.

സാധാരണയായി വീട് നിർമ്മിച്ച് കഴിഞ്ഞ് ബാലൻസ് ആയി പണം കൈവശം ഉണ്ടെങ്കിൽ മാത്രം ലാൻഡ്സ്കേപ്പിങ്ങിനെ പറ്റി ചിന്തിക്കുന്ന രീതിയിൽ നിന്നും മാറി വീടിന്റെ മുറ്റവും ചുറ്റുപാടും എങ്ങിനെ കൂടുതൽ ഭംഗിയാക്കാം എന്ന് ചിന്തിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി കഴിഞ്ഞു.

എന്നിരുന്നാലും കൂടുതൽ പണം ചിലവഴിച്ച് ലാൻഡ്സ്കേപ്പിങ് ചെയ്യുന്നതിൽ വലിയ അർത്ഥമില്ല. പലപ്പോഴും ഇത്തരത്തിൽ നിർമ്മിക്കുന്ന ലാൻഡ്സ്കേപ്പ് കൃത്യമായി മെയിന്റനൻസ് ഇല്ലാത്തതു കൊണ്ട് കളകളും മറ്റും കയറി നശിച്ചു പോകുന്ന അവസ്ഥ കാണാറുണ്ട്.

അതുകൊണ്ടുതന്നെ ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം ശ്രദ്ധ നൽകി ചെയ്യേണ്ട ഒന്നായി ലാൻഡ്സ്കേപ്പിനെ കണക്കാക്കാം. ലാൻഡ്സ്കേപ്പിനെ പറ്റി വിശദമായി മനസ്സിലാക്കാം.

എന്താണ് ലാൻഡ്സ്കേപ്പിങ്?

വീടിന്റെ പുറംഭാഗം, മുറ്റം, ചുറ്റുവട്ടം എന്നിവയെല്ലാം ഭംഗിയായി സൂക്ഷിക്കുന്നതിൽ ലാൻഡ്സ്കേപ്പിങ്ങിന് വളരെയധികം പ്രാധാന്യമുണ്ട്.

അതു കൊണ്ട് വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ തന്നെ ഒരു പ്രത്യേക സ്ഥാനം ലാൻഡ്സ്കേപ്പിങ്ങിന് കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.

വീടിന്റെ അതിരു മുതൽ പ്ലിന്ത് ഏരിയ വരെയുള്ള ഭാഗമാണ് ലാൻഡ്സ്കേപ്പിങ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്.ഇവയിൽ തന്നെ വ്യത്യസ്ത ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.

ലോൺ ഏരിയ, റാംപ് ഏരിയ എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലാൻഡ് ഏരിയ കണക്കാക്കുന്നത്. കൃത്യമായ പ്ലാനിങ്ങോട് കൂടി ലാൻഡ്സ്കേപ്പ് സെറ്റ് ചെയ്യുകയാണെങ്കിൽ ബഡ്ജറ്റിന് അനുസരിച്ചു തന്നെ ചെയ്തെടുക്കാൻ സാധിക്കും.

ലാൻഡ് സ്കേപ്പും ബഡ്ജറ്റും

ഒരു വീടിന് കൂടുതൽ ഭംഗി നൽകുന്നതിൽ ലാൻഡ്സ്കേപ്പ് കൾക്കുള്ള പ്രാധാന്യം ചെറുതല്ല. എന്നാൽ നേരത്തെ പറഞ്ഞതുപോലെ കൃത്യമായ പ്ലാനിങ്ങിൽ ചെയ്താൽ മാത്രമാണ് ബഡ്ജറ്റിന് അനുസരിച്ച് ലാൻഡ്സ്കേപ്പ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ.

വ്യത്യസ്ത രീതികൾ മിക്സ് ചെയ്ത് ലാൻഡ്സ്കേപ്പിങ് നൽകാം. അതായത് പകുതി ഭാഗം വിലകൂടിയ മെറ്റീരിയലുകൾ നൽകിയും, ബാക്കി ഭാഗം ഇന്റർലോക്ക് പോലുള്ള കട്ടകൾ പാകിയും ലാൻഡ്സ്കേപ്പിങ് ചെയ്യാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന മെറ്റീരിയലിന് അനുസരിച്ചാണ് ബഡ്ജറ്റ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ലോൺ ഏരിയ സെറ്റ് ചെയ്യുന്നതിനുള്ള കാര്യങ്ങൾ കൂടി പരിഗണിക്കണം.

മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

ലാൻഡ്സ്കേപ്പ് ചെയ്യുന്നതിന് ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇന്റർലോക്ക് കട്ടകൾ, ബാംഗ്ലൂർ സ്റ്റോൺ, കടപ്പ സ്റ്റോൺ എന്നിങ്ങിനെ വ്യത്യസ്ത മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ക്വാളിറ്റി അനുസരിച്ച് വിലയിലും വ്യത്യാസം വരുന്നു.

കർണാടകയിൽ ഉള്ള കടപ്പ എന്ന സ്ഥലത്താണ് കടപ്പ സ്റ്റോണുകൾ ഉൽപാദിപ്പിക്കുന്നത്.

അതായത് എഴുതാൻ ഉപയോഗിക്കുന്ന സ്ലേറ്റിൽ നൽകുന്ന അതേ മെറ്റീരിയൽ തന്നെയാണ് കടപ്പ സ്റ്റോണുകളും നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്നത്.

ലാൻഡ്സ്കേപ്പിങ്ങിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഇന്റർലോക്ക് ബ്രിക്കുകൾ തന്നെയാണ്. ഇതിനുള്ള പ്രധാന കാരണം അവയുടെ ചിലവ് കുറവ് തന്നെയാണ്.

ബേബി മെറ്റൽ ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ ചിലവിൽ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ലാൻഡ്സ്കേപ്പിങ് ചെയ്യാനാകും.ഇന്റർ ലോക്ക് കട്ടകൾ വിരിക്കുമ്പോൾ അതിന് മുകളിലായി ടാർപോളിൻ നൽകിയശേഷമാണ് ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുന്നതിനുള്ള ഒരു പ്രധാന കാരണം കട്ടകൾ വിരിച്ചു കഴിഞ്ഞാൽ അതിനിടയിൽ കളകൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ്.

അതേസമയം കടപ്പ, ബാംഗ്ലൂർ സ്റ്റോണുകൾ ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ കൂടുതൽ ഭംഗി ലഭിക്കുകയും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യും.

എന്നാൽ ഇവയ്ക്ക് സാധാരണ കട്ടകളെ അപേക്ഷിച്ച് വില കൂടുതലാണ്. ഇത്തരം കട്ടകൾ ഉപയോഗപ്പെടുത്തി ലാൻഡ്സ്കേപ്പിങ് ചെയ്താലും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങി പോകാനുള്ള സാധ്യത കുറവാണ്.

അതുപോലെ ഭൂമിയിൽ നിന്നും ചൂട് ആഗിരണം ചെയ്ത് വീടിനകത്ത് ചൂട് വർദ്ധിപ്പിക്കുന്നതിനും കാരണമാകാറുണ്ട്. ഇവയിൽ താരതമ്യേനെ ഭേദം ബാംഗ്ലൂർ സ്റ്റോണുകൾ ആണ്.

ആർട്ടിഫിഷൽ ഗ്രാസ് ഉപയോഗപ്പെടുത്തുമ്പോൾ

ലാൻഡ്സ്കേപ്പിന് പൂർണ്ണത ലഭിക്കുന്നതിനു വേണ്ടി കല്ലുകൾക്കിടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നൽകാറുണ്ട്. ഇവയിൽ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ ഉള്ളതും ഇംപോർട്ട് ചെയ്യപ്പെടുന്നതുമായ ഗ്രാസുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.

എന്നാൽ ആർട്ടിഫിഷൽ ഗ്രാസിന് പകരമായി നാച്ചുറൽ ഗ്രാസ് തന്നെ ഉപയോഗപ്പെടുത്തുമ്പോൾ അവ കൂടുതൽ ഭംഗിയിൽ നിലനിർത്താൻ സാധിക്കും.

ആർട്ടിഫിഷ്യൽ ഗ്രാസ് ഉപയോഗിക്കുമ്പോൾ പലപ്പോഴും വണ്ടി കയറിയിറങ്ങുന്ന സാഹചര്യങ്ങളിൽ അവ പെട്ടെന്ന് കേടാകുന്നതിന് കാരണമാകാറുണ്ട്.

ആർട്ടിഫിഷ്യൽ ഗ്രാസ് സെറ്റ് ചെയ്യാൻ കല്ലിന്റെ ഗ്യാപ്പുകൾ ക്കിടയിൽ നാല് ഹോളുകൾ നൽകി ഗ്രാസ് കൃത്യമായ സൈസിൽ കട്ട് ചെയ്ത് വെച്ചശേഷം ആണികൾ ഉപയോഗപ്പെടുത്തി അടിച്ചു ഇറക്കുകയാണ് ചെയ്യുന്നത്.

ബാംഗ്ലൂർ സ്റ്റോണിന് ഒപ്പം തന്നെ ഇന്റർലോക്ക് ബ്രിക്കുകൾ കൂടി തിരഞ്ഞെടുക്കുന്നു എങ്കിൽ അവയുടെ സൈസ് കൃത്യമായി നോക്കി വേണം തിരഞ്ഞെടുക്കാൻ. അതല്ല എങ്കിൽ പിന്നീട് അവ കൂടുതൽ അഭംഗി നൽകുന്നതിന് കാരണമാകുന്നു.

അത്യാവശ്യം ബഡ്ജറ്റ് നൽകികൊണ്ടാണ് ലാൻഡ്സ്കേപ്പിംഗ് ചെയ്യുന്നത് എങ്കിൽ പ്രത്യേക ഏരിയക്കായി കോബിൾ സ്റ്റോണുകൾ തിരഞ്ഞെടുക്കാം.

ഇത് പ്രത്യേക ഭംഗിയും ക്വാളിറ്റിയും ലാൻഡ് സ്കേപ്പിൽ നൽകുന്നതാണ്.

അതായത് കൂടുതൽ തുക ചിലവഴിച്ച് ഒരു വലിയ വീട് നിർമ്മിച്ച് അതിന്റെ ഔട്ട്ഡോറിൽ ലാൻഡ്സ്കേപ്പിങ് നല്ല രീതിയിൽ ചെയ്തില്ല എങ്കിൽ അത് വീടിന്റെ ഭംഗിക്ക് പൂർണ്ണത നൽകില്ല. കാരണം ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗം ഭംഗിയാക്കി വയ്ക്കുക എന്നതിൽ വളരെയധികം പ്രാധാന്യമുണ്ട്.