ഏതൊരു വീടും പുതുക്കി പണിയാം പരമ്പരാഗത ശൈലി നില നിർത്തിക്കൊണ്ടുതന്നെ – കേരള തനിമയിലൊരു വീട്.

പലപ്പോഴും പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ പലരും ആദ്യം ചിന്തിക്കുന്ന കാര്യം പഴയ വീട് ഉണ്ടെങ്കിൽ അതിനെ തന്നെ ഒന്ന് പുതുക്കി പണിതാലോ എന്നതായിരിക്കും. ഇതിനുള്ള പ്രധാന കാരണം വീടിനെ സമകാലീന രീതിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എങ്കിലും തങ്ങളുടെ പഴയകാല സ്മരണകൾക്ക് പ്രാധാന്യം നൽകുന്നുണ്ട് എന്നതാണ്.

എന്നാൽ പഴയ വീട് പുതുക്കിപ്പണിയുമ്പോൾ ചിലവ് കൂടുതലാകും എന്നതും, എത്രകാലം നിലനിർത്താൻ സാധിക്കുമോ എന്നതുമാണ് പലരും ചിന്തിക്കുന്ന കാര്യം.

വലിയ കേടുപാടുകൾ ഇല്ലാത്ത ഒരു വീടിനെ കേരള തനിമ നിലനിർത്തിക്കൊണ്ട് തന്നെ മോഡേൺ രീതിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. പഴമയും പുതുമയും ഒത്തിണങ്ങി നിൽക്കുന്ന ഗൃഹാതുരത്വം നൽകുന്ന ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഒരു പഴയ വീടിനെ പുതുക്കിപ്പണിയുമ്പോൾ ഗൃഹാതുരസ്മരണകൾ നിലനിർത്താനായി ചെയ്യാവുന്ന കാര്യങ്ങൾ.

മുഴുവനായും വീട് പൊളിച്ചു നീക്കാതെ തന്നെ വീടിനെ പുതുക്കി പണിയാൻ സാധിക്കുന്നതാണ്. അതായത് മരം ഉപയോഗിച്ച ഭാഗങ്ങളിൽ പലപ്പോഴും ചിതൽ വന്നു നശിച്ചു പോയിട്ടുണ്ടാകും.

അതുകൊണ്ടുതന്നെ അവ എടുത്തുമാറ്റി പകരം സ്റ്റീൽ, അല്ലെങ്കിൽ കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ജനലുകൾ വാതിലുകൾ,കട്ടിളകൾ, താങ്ങുകൾ എന്നിവ നൽകാവുന്നതാണ്.

ഇവ കൂടുതൽ കാലം വീടിന് കേടു ഉണ്ടാകാതെ സൂക്ഷിക്കുന്നതിനു സഹായിക്കും.

വീട്ടിലേക്ക് കയറുന്ന ഭാഗത്ത് ഒരു ചെറിയ വരാന്ത ഉണ്ടെങ്കിൽ അവിടെ ഭംഗിയുള്ള തൂണുകളും മറ്റും നൽകി കൂടുതൽ മിഴിവേകം.

വരാന്തയുടെ ചുമരുകളിൽ മ്യൂറൽ പെയിന്റ് കൾ സ്ഥാപിക്കുന്നത് വഴി പഴമയും പുതുമയും ഒത്തുചേർന്ന ഒരു അനുഭവം സൃഷ്ടിച്ചെടുക്കാൻ സാധിക്കും. കൂടാതെ വരാന്തയിൽ തന്നെ ഒരു ചാരുകസേര, ചാരുപടി എന്നിവ സ്ഥലപരിമിതി അനുസരിച്ച് നൽകാവുന്നതാണ്.

വരാന്തയിൽ ഉപയോഗിക്കുന്ന ലൈറ്റുകൾക്ക് ഒരു റാന്തൽ വിളക്കിനോട് സാദൃശ്യമുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കാം.

ഇത്തരത്തിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള ലൈറ്റുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വരാന്തയിൽ കൂടുതൽ പഴമ നിലനിർത്താൻ ഇഷ്ടപ്പെടുന്നവർക്ക് ചാരുപടി യോട് ചേർന്ന് ഒരു ഓട്ടു കിണ്ടി നൽകാം. ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ തന്നെ ഒരു പഴയ വീടിനോട് കൂടുതൽ ചേർന്നുനിൽക്കുന്ന രൂപം വീടിനു ലഭിക്കും.

ഫ്ലോറിങ്ങിൽ പഴമ നില നിർത്തുന്നതിനായി കാവി ഉപയോഗിക്കുകയോ, അതല്ല എങ്കിൽ വുഡൻ ടൈലുകൾ ഉപയോഗപ്പെടുത്തുകയോ ചെയ്യാം. വുഡൻ ടൈലുകൾ ഉപയോഗപ്പെടുത്തുന്നത് പ്രീമിയം ലുക്ക് തരികയും അതോടൊപ്പം ഒരു പഴമ നിലനിർത്തുകയും ചെയ്യുന്നു.

എന്നാൽ വുഡൻ ടൈലുകൾക്ക് വില കുറച്ച് അധികം നൽകേണ്ടി വരും.വീടിന്റെ മുൻഭാഗത്തേക്ക് വരുന്ന ജനാലകൾക്ക് ഗ്ലാസ് നൽകി വ്യത്യസ്ത നിറങ്ങൾ നൽകാവുന്നതാണ്.

അതോടൊപ്പം തന്നെ വുഡൻ പാനലുകൾ ചുറ്റും നൽകുന്നത് നൊസ്റ്റാൾജിയ നൽകുന്ന ലോകത്തേക്ക് നമ്മളെ എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പഴമ നിലനിർത്തുന്നതിനായി വീടിന്റെ സീലിംഗ് വർക്കുകളിൽ ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ

മരത്തിൽ കൊത്തിയെടുത്ത സീലിംഗ് വർക്കുകൾ നൽകിയാൽ അത് അകത്തളങ്ങൾക്ക് കൂടുതൽ ഭംഗിയും തണുപ്പും നൽകുന്നതിനു സഹായിക്കും. ഇതിനായി എംഡിഎഫ് ജിപ്സം മെറ്റീരിയൽ ഉപയോഗപ്പെടുത്താവുന്നതാണ്.

അതോടൊപ്പം തന്നെ ആന്റിക്ക് ലുക്ക് നിലനിർത്തുന്ന ലൈറ്റുകൾ കൂടി നൽകുന്നതോടെ വീടിനകത്ത് ആവശ്യത്തിന് പ്രകാശവും, കൂടുതൽ ഭംഗിയും ലഭിക്കും.

നിലവിൽ വീട്ടിലുള്ള ഫർണിച്ചറുകൾ അപ്പ് വർക്ക് ചെയ്തു പഴയ ശൈലി നിലനിർത്താൻ സാധിക്കുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി പുതിയ ഫർണിച്ചറുകൾ ക്ക് വേണ്ടി പണം ചിലവഴിക്കേണ്ടി വരുന്നുമില്ല.

ഒരു നില വീടാണ് റിനോവേറ്റ് ചെയ്യുന്നത് എങ്കിൽ മുകളിൽ ട്രസ് വർക്ക് ചെയ്തു ജനാലകൾ സജ്ജീകരിച്ച് ഒരു ലിവിങ് ഏരിയ നൽകാവുന്നതാണ്. ഇത് ഒരു പാർട്ടി ഹോൾ രൂപത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കും.

ആവശ്യമെങ്കിൽ ഒരു ആട്ട് കട്ടിൽ ഇവിടെ സജ്ജീകരിച്ച നൽകാം.കൂടാതെ ഒരു പഴയ രണ്ട് നിലകളുള്ള തറവാടിന്റെ ഭംഗിയിലേക്ക് വീടിനെ മാറ്റിയെടുക്കാനും സാധിക്കും.

അതോടൊപ്പം തന്നെ ചുമരുകൾക്ക് ടെറാക്കോട്ട നിറങ്ങളിലുള്ള പെയിൻ റുകൾ നൽകുമ്പോൾ അവ ചെങ്കല്ലിൽ തീർത്ത വീട് എന്ന പ്രതീതി ഉണ്ടാക്കി എടുക്കുന്നതിന് സഹായിക്കും.

റൂമുകളിൽ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ റീവർക്ക്‌ ചെയ്ത് പഴമയുടെ ടച്ച് നൽകാവുന്നതാണ്.

പരമ്പരാഗത ശൈലിയിലുള്ള വീടുകൾ ഇഷ്ടപ്പെടുന്നവർക്ക് നിലവിലുള്ള വീട് പൊളിച്ച് മാറ്റാതെ തന്നെ അധിക ചിലവ് ഒഴിവാക്കി ഇത്തരത്തിൽ വീട് ഭംഗിയുള്ളതാക്കി മാറ്റാം.