വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.പഴയ വീട് നിലനിർത്തിക്കൊണ്ട് അതിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഒരു പുതിയ വീടാക്കി മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഉണ്ട്.

പാരമ്പര്യമായി കൈമാറി വന്ന വസ്തു വകകളിൽ ഉൾപ്പെടുന്ന വീടുകൾ അതേ രീതിയിൽ നിലനിർത്തി അതിൽ ഒന്നോ രണ്ടോ റൂമുകൾ കൂട്ടിച്ചേർക്കാനോ, മറ്റേതെങ്കിലും രീതിയിലേക്ക് മാറ്റിയെടുക്കാനോ താല്പര്യപ്പെടുന്നവർ ആണ് പലരും.

എന്നാൽ പഴയ വീടുകൾ പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പഴയ വീടുകളിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രമാണ് കൊണ്ടു വരുന്നത് എങ്കിൽ പോലും വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.

വീട് പുതുക്കി പണിയുന്നതിന് മുൻപായി ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ട് നിലവിലുള്ള കാര്യങ്ങൾ കാണിച്ചു കൊടുത്ത് ആവശ്യമായ മാറ്റങ്ങൾ ഉലക്കൊള്ളിച്ചു കൊണ്ട് ഒരു പ്ലാൻ വരക്കേണ്ടതാണ്.

തുടർന്ന് ആ പ്ലാനിൽ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ ആവശ്യമാണെങ്കിൽ അതു പറഞ്ഞു പ്ലാൻ മാറ്റി വരപ്പിക്കുകയും വേണം.

ഇത്തരത്തിൽ വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

ബഡ്ജറ്റിന് അനുസൃതമായി നല്ല മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തി വീടിന് അനിവാര്യമായ മാറ്റങ്ങൾ എങ്ങിനെ ചെയ്യാൻ സാധിക്കും എന്ന് ആർക്കിടെക്ടിനോട് ചോദിച്ച് മനസിലാക്കാവുന്നതാണ്.

നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന അതേ രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്തു തരുന്ന ഒരു ആർക്കിടെക്ടിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പലപ്പോഴും സംഭവിക്കുന്നത് മാറ്റങ്ങൾ ആവശ്യമായ ഭാഗങ്ങൾ പൊളിച്ചിടുകയും പിന്നീട് പണി പൂർത്തിയാക്കാതെ പാതി വഴിയിൽ പണി ഇട്ടിട്ട് പോകുന്ന ആളുകളും കുറവല്ല.

മറ്റൊരു പ്രധാന കാര്യം കോൺട്രാക്ടർ മാരെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ഇത്തരം വർക്കുകളിൽ എത്രമാത്രം എക്സ്പീരിയൻസ് ഉണ്ട് എന്ന കാര്യം ചോദിച്ച് അറിയുക എന്നതാണ്.

പുതിയതായി ഒരു വീട് നിർമ്മിക്കുന്നതിനേക്കാൾ വളരെയധികം ശ്രദ്ധയും സമയവും ആവശ്യമായി വരുന്ന കാര്യമാണ് റിനോവേഷൻ വർക്കുകൾ.

അതുകൊണ്ടുതന്നെ റെനോവേഷൻ വർക്കുകൾ ചെയ്ത് പരിചയമുള്ള ബിൽഡർമാരെ കണ്ടെത്തുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്.

വീടിന്റെ ഏതെങ്കിലും ഒരു ഭാഗം പൊളിച്ച് മാറ്റി അവിടെ പുതിയതായി മറ്റൊരു ഭാഗം ആഡ് ചെയ്യുകയാണ് എങ്കിൽ അത് വീടിന്റെ നില നിൽക്കുന്ന ഭാഗങ്ങൾക്ക് ക്ഷതം ഏൽക്കാത്ത രീതിയിൽ ചെയ്യാനായി ശ്രദ്ധിക്കേണ്ടതുണ്ട്.

മാത്രമല്ല സ്റ്റെയർകെയ്സ് പോലുള്ള കാര്യങ്ങൾ കൂടുതലായി ആഡ് ചെയ്ത് നൽകുന്നുണ്ടെങ്കിൽ അതിന്റെ വലിപ്പം, ആകൃതി എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെയാണോ എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തുക.

പഴയ മെറ്റീരിയലുകൾ പുനരുപയോഗിക്കുമ്പോൾ

വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചിലവ് ചുരുക്കാൻ പലരും ചെയ്യുന്ന കാര്യം പഴയ ഭിത്തി നിർമ്മിക്കാൻ ഉപയോഗിച്ച കല്ല്, കമ്പി, ഓട് എന്നിവ തന്നെ പുനരുപയോഗിക്കുക എന്നതാണ്. പലപ്പോഴും കോൺക്രീറ്റിൽ നിന്നും കമ്പിയെല്ലാം വേർപെടുത്തി എടുക്കുന്നതിനു വേണ്ടി അവ തല്ലിപ്പൊട്ടിച്ച് എടുക്കുന്ന രീതിയാണ് കണ്ടു വരുന്നത്.

പിന്നീട് ഇവ പുതിയ കമ്പിയുമായി കൂട്ടി ചേർത്ത് നൽകിയാലും ആവശ്യത്തിന് ബലം ലഭിക്കണമെന്ന് ഇല്ല.

മാത്രമല്ല ഭിത്തിയിൽ നിന്നാണ് ഇത്തരത്തിൽ കമ്പി പൊളിച്ചടുക്കുന്നത് എങ്കിൽ അത് കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങൾക്ക് കൂടി വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

വീടിന്റെ റിനോവേഷൻ വർക്കുകൾ ചെയ്തു കുറച്ചു കാലത്തേക്ക് പ്രശ്നങ്ങൾ ഒന്നും കാണില്ല എങ്കിലും പിന്നീട് ക്രാക്ക് പോലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങും.

വീടിന്റെ ഡോറുകൾ നില നിർത്തിക്കൊണ്ടു തന്നെ നല്ല രീതിയിൽ ബാക്കി പണികൾ പൂർത്തീകരിക്കാനായി സാധിക്കും. ഇതിനായി ആവശ്യമായ കട്ടിംഗ് സാങ്കേതിക വിദ്യകളെല്ലാം ഇന്ന് ലഭ്യമാണ്.

പഴയ രീതികളിൽ ചെയ്തിരുന്നതു പോലെ കട്ടിള മുഴുവനായും എടുത്തു മാറ്റി വീണ്ടും പണി പൂർത്തിയായ ശേഷം ഫിക്സ് ചെയ്യേണ്ട രീതി ഇവിടെ ആവശ്യമായി വരുന്നില്ല.

രണ്ട് ഭിത്തികൾ തമ്മിൽ അകലം ഉണ്ടെങ്കിൽ അതിനിടക്ക് ക്രാക്ക് വരാതിരിക്കാനായി ഇഷ്ടികകൾ ഒന്നിനു മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ നൽകിയാൽ മതി.

പഴയ വീടിന്റെ ഇലക്ട്രിക്കൽ വർക്കുകൾ കാലപ്പഴക്കം ചെന്നതാണ് എങ്കിൽ അത് പൂർണമായും മാറ്റി പുതിയ സ്വിച്ച് ബോർഡ്,മെയിൻ സ്വിച്ച്,ഇ എൽ സി ബി എന്നിവ നൽകാനായി ശ്രദ്ധിക്കണം. പഴയ വീടിന്റെ ഫ്ലോറുകൾ മിക്കപ്പോഴും ഓക്സൈഡ് ആയിരിക്കും, അതുകൊണ്ടു തന്നെ അവയ്ക്ക് മുകളിലായി ടൈൽ ഒട്ടിച്ച് നൽകാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

ഇങ്ങനെ ടൈൽ ഒട്ടിച്ചു നൽകുമ്പോൾ കൂടുതൽ കട്ടി കൂട്ടി നൽകുകയാണെങ്കിൽ അത് ഡോർ അടക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. ഗ്രാനൈറ്റ് ആണ് നൽകുന്നത് എങ്കിലും ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കണം. മാക്സിമം പഴയ ഫ്ളോറിങ്‌ മെറ്റീരിയൽ പൂർണമായും എടുത്തു മാറ്റി പുതിയ മെറ്റീരിയൽ ഒട്ടിച്ചു നൽകുന്നത് തന്നെയാണ് കൂടുതൽ ഗുണം ചെയ്യുക.

വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസിലാക്കി ചെയ്യുകയാണെങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.