വീട് പുതുക്കി പണിയുന്നതിന് മുൻപായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.

ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും കുടുംബസ്വത്ത് രൂപത്തിൽ പാരമ്പര്യമായി കൈമാറി വന്നു ചേരുന്ന വീട് പുതുക്കി പണിയണോ, അതോ പൂർണ്ണമായും ഇടിച്ച് കളഞ്ഞു പുതിയ ഒരെണ്ണം നിർമ്മിക്കണോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും.

എന്നാൽ നിലവിലുള്ള വീട് റിനോ വേഷൻ വർക്കുകൾ ചെയ്തു പുതുക്കിപ്പണിയുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും നമ്മൾ ചെറുതാണ് എന്ന് കരുതി തള്ളിക്കളയുന്ന ഈ കാര്യങ്ങൾ പിന്നീട് വലിയ പ്രശ്നങ്ങൾ ആയി മാറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ പഴയ വീടിനെ അതുപോലെ നിലനിർത്തി റിനോ വേഷൻ വർക്കുകൾ തുടങ്ങുന്നതിന് ചെയ്യുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

വീട് പുതുക്കി പണിയേണ്ട സാഹചര്യങ്ങൾ.

പ്രധാനമായും രണ്ട് സന്ദർഭങ്ങളിലാണ് വീട് പുതുക്കിപ്പണിയുന്നതിനെ പറ്റി മിക്ക ആളുകളും ചിന്തിക്കുന്നത്. ഇതിൽ ആദ്യത്തെ സന്ദർഭം വീട്ടിൽ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത അവസ്ഥ വരുമ്പോഴാണ്.

രണ്ടാമത്തെ സന്ദർഭം വീടിന് ആവശ്യത്തിന് വലിപ്പം ഉണ്ടായിരിക്കും എന്നാൽ പഴക്കം കൂടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ വീടിന്റെ ചില ഭാഗങ്ങൾ മാത്രം അതുപോലെ നിലനിർത്തി, സൺഷേഡ് പോലുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് പുതുക്കി പണിയുന്ന രീതി സ്വീകരിക്കാറുണ്ട്.

എന്നാൽ നിലവിലുള്ള ഒരു വീടിനെ നിലനിർത്തിക്കൊണ്ട് അതിന് റിനോവേറ്റ് ചെയ്യുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

അതായത് പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ പൂർണ്ണമായും അതിന് ആവശ്യമായ അളവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലാൻ ആണ് ഉപയോഗപ്പെടുത്തുന്നത്.

അതേസമയം നിലവിലുള്ള വീടിനെ പുതുക്കിപ്പണിയുമ്പോൾ ആവശ്യമുള്ള സ്ഥലങ്ങളെ നിലനിർത്തിയതിനു ശേഷം മാത്രം അതിനനുസരിച്ച് വീണ്ടും പ്ലാൻ വരച്ചാണ് പണി ആരംഭിക്കേണ്ടത്.

ഇവയിൽ തന്നെ പുതിയ കാര്യങ്ങൾ ആഡ് ചെയ്യുന്നതിനു വേണ്ടി പലഭാഗങ്ങളും പൊളിച്ചു മാറ്റേണ്ടതായും വരാറുണ്ട്. പ്രധാനമായും വീടിനകത്ത് കോണി ഇല്ലാത്ത വീടുകൾ ആണെങ്കിൽ അവിടെ പുതിയതായി ഒരു കോണി നൽകേണ്ടതായും അതല്ല ഉള്ള കോണി വീണ്ടും പൊളിച്ച് പണിയേണ്ടി വരുമ്പോഴുമെല്ലാം കണക്കുകളിൽ വളരെയധികം കൃത്യത പുലർത്തേണ്ടതായി വരും.

റിനോവേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ

പലപ്പോഴും വീട് നിർമിക്കാനായി വീടിന്റെ ഒരു ഭാഗം പൊളിച്ച് ഡോർ മാറ്റുമ്പോൾ ആയിരിക്കും അതിനു മുകളിൽ ലിന്റിൽ വാർപ്പ് ഇല്ല എന്ന കാര്യം അറിയുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ എസ്റ്റിമേറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭാഗം ഇളകി വരാൻ സാധ്യതയുണ്ട്. അത്തരം അവസ്ഥകളിൽ വീണ്ടും കോൺക്രീറ്റ് നൽകേണ്ടതായി വരും. ഇത് സ്വാഭാവികമായും വീട് നിർമാണത്തിൽ ചിലവ് കൂട്ടും.

പലപ്പോഴും പാരമ്പര്യത്തിന്റെ പേരിലും, ജനിച്ചു വളർന്ന വീട് എന്ന ഓർമ നിലനിർത്തുന്നതിനു വേണ്ടിയും വീട് റിനോവേറ്റ് ചെയ്യാം എന്ന് ആലോചിക്കുമ്പോൾ പറ്റുന്ന വലിയ അബദ്ധങ്ങളിൽ ഒന്ന് ഇത് തന്നെയാണ്.

മിക്കപ്പോഴും വീട് മുഴുവനായും റിനോവേറ്റ് ചെയ്ത് കഴിയുമ്പോഴാണ് അതിന് ചിലവായ പൈസ കണക്കാക്കുമ്പോൾ പുതിയ ഒരു വീട് തന്നെ നിർമ്മിക്കാമായിരുന്നു എന്ന് തോന്നുക.

പഴയ വീടിനെ റിനോവേറ്റ് ചെയ്യുമ്പോൾ വേണ്ടി വരുന്ന ചിലവിനെ പറ്റി കൃത്യമായ ഒരു ധാരണയില്ലാതെ പണി ആരംഭിക്കുകയും പിന്നീട് പണി കഴിയുമ്പോൾ ഇത് തിരിച്ചറിയുകയുമാണ് പല സന്ദർഭങ്ങളിലും സംഭവിക്കുന്നത്. കൂടാതെ ഇത്തരത്തിൽ പുതുക്കിപണിത വീടിന് എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം.

പാച്ച് വർക്കുകൾ നടത്തി റിനോ വേറ്റ് ചെയ്യുന്ന വീടുകൾ വീണ്ടും അധികകാലം നിലനിൽക്കണമെന്നില്ല.

പഴയ വീടും പ്ലാനും

പുതിയതായി ഒരു വീടിന് പ്ലാൻ വരയ്ക്കുന്നതിന് നൽകുന്നതിനേക്കാൾ ഇരട്ടി ശ്രദ്ധ നൽകി വേണം പഴയവീട് റിനോവേറ്റ് ചെയ്യുന്നതിനുള്ള പ്ലാൻ തയ്യാറാക്കാൻ.

വീടിന്റെ കാലപ്പഴക്കം മനസ്സിലാക്കി എവിടെയെല്ലാം പൊളിച്ച് മാറ്റണം എന്നതിനെ പറ്റിയും ഒരു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

മറ്റൊരു പ്രധാന പ്രശ്നം ഫ്ലോറിങ്ങിന് ആയി പഴയ വീടുകളിൽ ഉപയോഗപ്പെടുത്തിയ ടൈലുകൾ ഇളക്കി മാറ്റുകയോ പൊട്ടുകയോ ചെയ്യുമ്പോൾ വീണ്ടും അവിടെ ഫിക്സ് ചെയ്യാനായി അതേ പാറ്റേണിലും നിറത്തിലുമുള്ള ടൈലുകൾ ലഭിക്കില്ല എന്നതാണ്.

കൂടാതെ ആ ടൈലുകൾ മുഴുവനായും എടുത്ത് മാറ്റി പുതിയ ടൈലുകൾ പാകേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.

പ്ലാസ്റ്ററിങ്‌ വർക്കുകൾ ചെയ്യുമ്പോൾ നല്ല രീതിയിൽ മെഷ് നൽകി വേണം ചെയ്യാൻ. അതല്ല എങ്കിൽ പിന്നീട് വിള്ളലുകൾ, ലീക്കേജ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മിക്ക വീടുകളിലും ചെയ്യുന്ന കാര്യമാണ് സീലിങ് അടർന്നു വീഴുമ്പോൾ റീ പ്ലാസ്റ്ററിങ് ചെയ്ത് വെക്കുന്നത്.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല അത് പെട്ടെന്ന് പൊളിഞ്ഞു വീഴാനും സാധ്യതയുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ചെയ്യാവുന്ന ഒരേയൊരു കാര്യം പ്ലാസ്റ്ററിംഗ് മുഴുവനായും അടർത്തിമാറ്റി റീ വർക്ക് ചെയ്യുക എന്നതാണ്. എന്നാൽ അതിനായി ഒരു വലിയ തുക തന്നെ ചിലവഴിക്കേണ്ടി വരാറുണ്ട്.

ഏതൊരു വീടിനെ സംബന്ധിച്ചും അടിത്തറയാണ് പ്രധാനം. അതുകൊണ്ടുതന്നെ റീ വർക്കുകൾ ചെയ്യുന്ന അടിത്തറയ്ക്ക് എത്രമാത്രം ബലമുണ്ട് എന്നതിലാണ് കാര്യം.

ഫൗണ്ടേഷന് ആവശ്യത്തിന് ബലമില്ലാതെ അതിനു മുകളിലേക്ക് കെട്ടി പൊക്കിയാൽ അവയിൽ വലിയ രീതിയിലുള്ള വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എപ്പോഴും പഴയ വീടുകളിൽ വീടിനകത്ത് ഓപ്പണിങ് ഏരിയകൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ വീട് റിനോവേറ്റ് ചെയ്താലും വലിയ മാറ്റങ്ങൾ ഒന്നും വരില്ല.

വീട് റിനോവേറ്റ് ചെയ്യുമ്പോൾ ഓപ്പണിങ്ങിന് വളരെയധികം പ്രാധാന്യം നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക.

ഫ്ലോറിങ്ങിന്റെ കാര്യം നോക്കുകയാണെങ്കിൽ പഴയ വീടുകളിൽ പ്രധാനമായും റെഡ് ഓക്സൈഡ്, മൊസൈക് എന്നിവയാണ് ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിരുന്നത്.

പലപ്പോഴും ഫ്ലോറിങ്ങിന്റെ ചിലവ് കുറയ്ക്കുന്നതിന് വേണ്ടി പഴയ ഫ്ലോറിനു മുകളിൽ പുതിയ ടൈലുകൾ നൽകുകയാണ് ചെയ്യുന്നത്.ഇത്തരം സാഹചര്യങ്ങളിൽ സംഭവിക്കുന്നത് ഡോറിന്റെ ഭാഗത്ത് ഉണ്ടാകുന്ന വലിപ്പ വ്യത്യാസങ്ങളാണ്.

അവസാനം ഡോറിന്റെ അടിഭാഗം കട്ട് ചെയ്ത് കളയേണ്ട അവസ്ഥവരും. ഇതെല്ലാം വീടിന്റെ റിനോ വേഷൻ വർക്കുകളിൽ ചിലവ് കൂട്ടുന്നതിന് കാരണമാകും.

ഈ കാരണങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കി കൊണ്ട് വീട് റിനോവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് നല്ലത്.