ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട് .

സംശയിക്കേണ്ട, എഞ്ചിനീയറിംഗ് വസ്തുതകളുടെ അടിസ്ഥാനത്തിൽ നൂറു ശതമാനവും ഈ പറഞ്ഞ കണക്കുകൾ കൃത്യമാണ് .എങ്ങനെ എന്നല്ലേ

അതായത് ഓരോ സ്ലാബിലും, ബീമിലും പ്രത്യേകിച്ച് ഒരു ആവശ്യവും ഇല്ലാത്ത കുറെ സ്ഥലങ്ങളുണ്ട് . ഈ സ്ഥലങ്ങളിൽ കോൺക്രീറ്റ് കുത്തിനിറക്കാറുമുണ്ട്.ഈ ഭാഗങ്ങളിൽ കോൺക്രീറ്റ് ഉണ്ടായതുകൊണ്ട് ഒരു വിശേഷവും ഇല്ലെന്നതുപോലെ, കോൺക്രീറ്റ് ഇല്ലെങ്കിലും ബലത്തിനോ ശക്തിക്കോ യാതൊന്നും സംഭവിക്കില്ല

ഇങ്ങനെ അനാവശ്യ ഭാഗങ്ങളിലെ കോൺക്രീറ്റ് നീക്കം ചെയ്യാനായി അവിടങ്ങളിൽ നിർദ്ദോഷകരമായ ഫില്ലർ മെറ്റിരിയലുകൾ നിറച്ചു സ്ളാബ് ഉണ്ടാക്കുന്നതിനെ ആണ് ഫില്ലർ സ്ളാബ് എന്ന് പറയുന്നത് .

ഈ മെറ്റിരിയലുകൾ പഴയ ഓട് , വളപട്ടണം ടൈൽസ് , മൺചട്ടി, ഫൈബർ ബോക്സുകൾ എന്നിങ്ങനെ എന്തുമാകാം .

ഇതേ സാങ്കേതികവിദ്യ ബീമുകളിലും ചെയ്യാം . ബീമുകളുടെ മുകളിലും താഴെയും മാത്രം കോൺക്രീറ്റ് നിലനിർത്തി വശങ്ങളിലെ കോൺക്രീറ്റ് നീക്കം ചെയ്യാം . ഈ പ്രവർത്തി ചെയ്യാൻ അറിയുന്നവർ ചെയ്യണമെന്നുമാത്രം .

റയിൽവെ പാലങ്ങൾ, വലിയ മാളുകളുടെ ബീമുകൾ , എയർ പോർട്ട് ടെർമിനലുകൾ എന്നിവിടങ്ങളിൽ എല്ലാം മുപ്പതും നാല്പതും മീറ്റർ നീളമുള്ള ബീമുകൾ സർവ്വ സാധാരണമാണ് . ഈ ഭീമൻ ബീമുകളിൽ കോൺക്രീറ്റ് ലാഭിക്കുക എന്നതിലപ്പുറം ബീമിന്റെ സ്വഭാരം കുറക്കുക എന്ന ഉദ്ദേശവും കൂടി ഉണ്ട് ഫില്ലർ സ്ലാബുകൾ ഉപയോഗിക്കുമ്പോൾ. എന്നാൽ ഇവിടങ്ങളിൽ പ്രീ ടെൻഷനിങ് , പോസ്റ്റ് ടെൻഷനിങ് തുടങ്ങീ സാങ്കേതിക വിദ്യകളും ഉപയോഗിക്കപ്പെടുന്നു . കേരളത്തിലെ ഒരു ശരാശരി വീട് നിർമ്മാണത്തിന് ഇതൊന്നും ആവശ്യമില്ല ..

കുടുതൽ മനസ്സിലാകാം

  • ഫില്ലർ സ്ളാബ് ടെക്നോളജി ഉപയോഗപ്പെടുത്തി വീട് നിർമ്മിക്കുമ്പോൾ സ്ലാബ് കോൺക്രീറ്റിൽ ഏതാണ്ട് പതിനഞ്ചു മുതൽ ഇരുപതു ശതമാനം വരെ കോൺക്രീറ്റും , കമ്പിയും ലാഭിക്കാം .
  • ഇത് കേവലം ഒരു ഉടായിപ്പു പരിപാടിയല്ല . സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റിയൂട്ട് പോലുള്ള ശ്രേഷ്ഠ സ്ഥാപനങ്ങൾ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം അംഗീകരിച്ച കാര്യമാണ് .
  • എനിക്ക് ഈ വിഷയം കേവലം കേട്ടറിവ് മാത്രമല്ല . ഈ മേഖലയിൽ ജോലി ചെയ്ത കാലഘട്ടത്തിൽ ഞാൻ അടങ്ങുന്ന ടീം നിർമ്മിച്ച അനേകം വീടുകളും പൊതു സ്ഥാപനങ്ങളും ഇപ്പോൾ ഏതാണ്ട് കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും ഒരു കുഴപ്പവുമില്ലാതെ നിൽക്കുന്നുണ്ട് .
  • കോസ്റ്റ് ഫോർഡ്, നിർമ്മിതികേന്ദ്ര തുടങ്ങീ സ്ഥാപനങ്ങൾ ഈ രീതിയെ പ്രോത്സാഹിപ്പിക്കാറുണ്ട് . വിശ്വ വിഖ്യാത ആർക്കിടെക്ട് ലാറിബേക്കർ ഈ രീതിയിൽ നിർമ്മിച്ച എത്രയോ കെട്ടിടങ്ങൾ ഇന്നും ഒരു കേടും കൂടാതെ നിൽക്കുന്നു .
  • ഈ രീതിയിൽ സ്ലാബുകൾ ചെയ്യുമ്പോൾ മേൽപ്പറഞ്ഞ പ്രസ്ഥാനങ്ങളിൽ പരിചയമുള്ള ജോലിക്കാരെയോ , എൻജിനീയമാരെയോ സമീപിക്കുന്നതാണ് നല്ലത്.
  • ഈ രീതിയിൽ സ്ളാബ് ചെയ്യുമ്പോൾ മുകളിലെ ലെയറിൽ ഒരു തെർമൽ റീയിൻഫോഴ്സ്മെന്റു കൊടുക്കാറുണ്ട്, അത് മറക്കരുത് .
  • സ്ലാബിന്റെ അടിവശം പ്ലാസ്റ്റർ ചെയ്യുമ്പോൾ മൊത്തത്തിൽ തേക്കുന്നതാണ് നല്ലത് . ഓടുകൾ കാണുന്ന വിധത്തിൽ പേൾസ്റ്റർ ചെയ്യാൻ പോയാൽ മെറ്റേറിയൽ ലാഭിക്കും , എന്നാൽ ആ ലാഭത്തെ മറികടക്കുന്ന ലേബർ ചാർജ് വരും .
  • നമ്മുടെ നാട്ടിൽ പഴയ ഓടും, വളപട്ടണം ടൈൽസുമാണ് ഇക്കാര്യത്തിന് കൂടുതലായും ഉപയോഗിക്കുന്നത് . വളപട്ടണം ടൈൽസ് ഉപയോഗിക്കുമ്പോൾ സീലിംഗ് പ്ലാസ്റ്റർ ചെയ്യേണ്ട കാര്യമേ ഇല്ല . ചുമ്മാ പെയിന്റ് അടിച്ചാൽ മതി .
  • ഫ്ലാറ്റ് സ്ലാബുപോലെ ചെരിഞ്ഞ സ്ലാബുകളും ഈ വിധത്തിൽ നിർമ്മിക്കാം . മൂലകളിൽ പ്രത്യേക ശ്രദ്ധ വേണം .
  • സാധാരണ സ്ലാബുകൾ അപേക്ഷിച്ചു ഫില്ലർ സ്ലാബുകൾ അകത്തളങ്ങളിൽ എത്തിക്കുന്ന ചൂട് താരതമ്യേന കുറവാണ് .

courtesy – Suresh madathil