കാർപോർച്ചുകൾക്ക് നൽകാം ടെൻസയില്‍ റൂഫിങ് – സ്ഥലപരിമിതി ഒരു പ്രശ്നമേ അല്ല.

നമ്മുടെ നാട്ടിൽ മിക്ക വീടുകളിലും ഇപ്പോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും വീട് നിർമ്മിക്കുന്ന സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക കാർ പോർച്ചുകൾ നൽകിയിട്ടും ഉണ്ടാകില്ല.

ഇത്തരം സാഹചര്യങ്ങളിൽ സ്ഥല പരിമിതിയെ മറികടന്നു കൊണ്ട് വീട്ടിൽ ഒന്നിൽ കൂടുതൽ കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന രീതിയിൽ ടെൻസയിൽ റൂഫിംഗ് കാർ പോർച്ചുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ടെൻസയിൽ റൂഫിങ് ചെയ്യുന്ന രീതി അതിനു വരുന്ന ഏകദേശ ചിലവ് എന്നിവയെപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം.

എന്താണ് ടെൻസയിൽ റൂഫിംഗ് കാർ പോർച്ചുകൾ?

പുറകുവശത്ത് രണ്ട് കാലുകൾ മാത്രം നൽകിക്കൊണ്ട് ടെൻസയിൽ റൂഫിങ് കാർ പോർച്ചുകൾ നിർമ്മിച്ചെടുക്കാവുന്നതാഞ്ഞ. പോർച്ചിന്റെ മുഴുവൻ ഭാരവും രണ്ട് കാലുകളിലേക്ക് വരുന്നതിനായി വ്യത്യസ്ത ശൈലികളിൽ ആണ് റൂഫ് നൽകുന്നത്.

ഇങ്ങിനെ ചെയ്യുന്നതു വഴി കാർപോർച്ചിന് ഒരു മോഡേൺ ലുക്ക് ലഭിക്കുകയും ചെയ്യുന്നു. എന്നാൽ സാധാരണ പോർച്ചുകളെ വെച്ച് ഇൻസ്റ്റാളേഷൻ കോസ്റ്റ് ഇവയ്ക്ക് കൂടുതലാണ്.

പ്രത്യേക രീതിയിലുള്ള ഷീറ്റുകൾ ഉപയോഗിച്ചാണ് റൂഫ് നൽകുന്നത്.ടെൻസയിൽ ഫാബ്രിക്കിൽ ആണ് ഷീറ്റ് നിർമ്മിച്ചെടുക്കുന്നത്. അതായത് ഒരു പ്രത്യേക തരം പിവിസി മെറ്റീരിയലാണ് ഷീറ്റ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ ടെൻസയിൽ ഫാബ്രിക് ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും ഫ്രാൻസ്, ബെൽജിയം ജർമനി എന്നിവിടങ്ങളിൽ നിന്നാണ്. പൂർണമായും ഇംപോർട്ട് ചെയ്ത വരുന്ന മെറ്റീരിയൽ കൂടുതൽ കാലം നിലനിൽക്കും.

800 തൊട്ട് 1000 ജിഎസ്എം കനത്തിലാണ് ഷീറ്റ് വിപണിയിലെത്തുന്നത്.ശക്തമായ കാറ്റ്, മഴ, മഞ്ഞ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഷീറ്റുകൾക്കുണ്ട്. പ്രധാനമായും വൈറ്റ്,ഓഫ് വൈറ്റ്,ഗ്രേ നിറങ്ങളിലാണ് ടെൻസയിൽ ഷീറ്റുകൾ വിപണിയിൽ ലഭ്യമായിട്ടുള്ളത്.

ഇവ ശരിയായ രീതിയിൽ ഫംഗ്ഷൻ ചെയ്യുന്നതിനുവേണ്ടി ഫാബ്രിക് റൂഫിൽ മുറുകി നിൽക്കേണ്ട ആവശ്യമുണ്ട്. അതിനായി ഫാബ്രിക്കി നകത്ത് ഒരു പ്രത്യേകതരം റോപ്പ് കടത്തി വിടുന്നുണ്ട്.

പിന്നീട് അത് വലിച്ച് സ്ട്രക്ചർ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.SS 304 അനുസരിച്ച് ഉപയോഗിക്കുന്ന നട്ടുകൾ, ബോൾട്ടുകൾ എന്നിവയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്.

റൂഫിന് കനം നൽകുന്നത് കാലുകളാണ്. അതുകൊണ്ടുതന്നെ ടാറ്റ പോലുള്ള പ്രൈമറി സ്റ്റീൽ കമ്പനികളുടെ മെറ്റീരിയലുകൾ ആണ് കാലുകളുടെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്.

ആർച്ച്,കോണിക്കൽ ഹൈപ്പർ ബോളിക്, പരാബോളിക് ഷെയ്പ്പുകകളിലാണ് പ്രധാനമായും ടെൻസയിൽ റൂഫിംഗ് കാർ പോർച്ചുകൾ നിർമ്മിക്കുന്നത്.അതേ സമയം ആവശ്യമെങ്കിൽ കോംപ്ലക്സ് ഷേപ്പുകളും തിരഞ്ഞെടുക്കാം.

വീടുകളിൽ സാധാരണ സിംപിൾ ഷെയ്പ്പുകളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും ഓഡിറ്റോറിയങ്ങൾ പോലുള്ളവയ്ക്ക് കോംപ്ലക്സ് ഷെയ്പ്പുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പ്രധാനമായും വീടിന്റെ കോമ്പൗണ്ട് വാളിനോട് ചേർന്ന് ടെൻസൈൽ റൂഫിങ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

ആദ്യം ഫാബ്രിക് ഉപയോഗിച്ച് ഒരു റൂഫ് നൽകി അതിനു മുകളിൽ PVDF കോട്ടിംഗ് നൽകി കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നു.

ഗുണങ്ങൾ

  • കാഴ്ചയിൽ കാർ പോർച്ചിന് കൂടുതൽ ഭംഗി ലഭിക്കുന്നു.
  • വീടുകളിൽ സ്ഥലപരിമിതി ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ടെൻ സയിൽ റൂഫിങ് കാർ പോർച്ചുകൾ.
  • ഒന്നിലധികം വാഹനങ്ങൾ വളരെയെളുപ്പത്തിൽ പാർക്ക് ചെയ്യാം.
  • മതിലുകൾ,തൂണുകൾ എന്നിവയിൽ വാഹനങ്ങൾ ഇടിക്കുമെന്ന പേടി വേണ്ട.

ദോഷവശങ്ങൾ

  • പോർച്ച് നിർമ്മിക്കുന്നതിന് തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ഹൈ ക്വാളിറ്റി ഉള്ളതാണ് എന്ന് ഉറപ്പുവരുത്തുക.
  • എക്സ്പെൻസീവ് മെറ്റീരിയൽ ഉപയോഗിച്ചാണ് പോർച്ച് നിർമ്മാണം നടത്തുന്നത്.

ഒരു സ്ക്വയർഫീറ്റിന് 450 രൂപ മുതൽ 500 രൂപ നിരക്കിൽ ആണ് നമ്മുടെ നാട്ടിൽ ടെൻസയിൽ റൂഫിംഗ് ചെയ്യുന്നത്.

അത്യാവശ്യം പണം ചിലവഴിച്ച് കാർപോർച്ച് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷൻ തന്നെയാണ് ടെൻസയിൽ റൂഫിംഗ് കാർ പോർച്ചുകൾ എന്ന കാര്യത്തിൽ സംശയമില്ല.