വീട് നിർമ്മിക്കാൻ ചെറിയ പ്ലോട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് എന്ന സ്വപ്നം പൂർത്തിയാക്കുന്നതിന് കടമ്പകൾ പലത് കടക്കേണ്ടതായി വരും. വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതു മുതൽ അത് പൂർണ്ണതയിൽ എത്തുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്.

പലപ്പോഴും ഭാഗം വെച്ച് കിട്ടുന്ന സ്ഥലത്ത് വീട് വയ്ക്കുക എന്ന രീതിയാണ് നമ്മുടെ നാട്ടിൽ തുടരുന്നത്. അതുകൊണ്ടുതന്നെ നാലോ അഞ്ചോ സെന്റ് സ്ഥലത്ത് ഒരു വീട് നിർമ്മിക്കേണ്ടതാവരും. ഇത്രയും സ്ഥലത്ത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒരു വീട് പണിയാൻ സാധിക്കുമോ? കുറഞ്ഞ സ്ഥലത്ത് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വീട് നിർമ്മാണത്തിന് ചെറിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

മൂന്ന് സെന്റിന് മുകളിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് 10 മീറ്റർ വരെ ഉയരം ആണ് സാധാരണ പ്രതീക്ഷിക്കുന്നത്. അങ്ങിനെയാണെങ്കിൽ വീടിന്റെ മുൻവശത്ത് സെറ്റ് ബാക്ക് ആയി 3 മീറ്റർ, പുറകുവശത്ത് 1.5 മീറ്റർ , പാർശ്വഭാഗങ്ങളിൽ ആയി ഒരു മീറ്റർ എന്നിങ്ങനെ സ്ഥലം വിടേണ്ട തുണ്ട്.

എന്നാൽ പലപ്പോഴും സ്ഥലത്തിന്റെ ആകൃതി അനുസരിച്ച് മുകളിൽ നിഷ്കർഷിച്ച അളവിൽ സെറ്റ് ബാക്ക് ലഭിക്കണമെന്നില്ല. അങ്ങിനെയാണെങ്കിൽ എല്ലാ ഭാഗത്തിന്റെയും അളവിന്റെ ആവറേജ് അനുസരിച്ചാണ് സെറ്റ് ബാക്ക് കണക്കാക്കുന്നത്.

അതേസമയം വീട് നിർമ്മിക്കാനുദ്ദേശിക്കുന്നസ്ഥലത്തിനോട് ചേർന്ന് റോഡുകൾ കടന്നു പോകുന്നുണ്ടെങ്കിൽ നിയമങ്ങൾ കുറച്ചുകൂടി കടുപ്പമാകും. റോഡിനോട് ചേർന്ന് പോകുന്ന റോഡിന്റെ സ്വഭാവം അനുസരിച്ചാണ് ഇതിൽ വ്യത്യാസം വരിക.

വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം വിജ്ഞാപനം ചെയ്ത റോഡിന്റെ സൈഡിൽ ആണ് ഉള്ളത് എങ്കിൽ അവയുടെ മൂന്ന് മീറ്റർ അകലത്തിൽ മാത്രമാണ് വീട് നിർമിക്കാൻ സാധിക്കുകയുള്ളൂ.

അതേസമയം പോക്കറ്റ് റോഡുകൾ, ലോക്കൽ റോഡുകൾ എന്നിങ്ങനെ ആറ് മീറ്ററിൽ വീതി കുറവുള്ള റോഡുകളാണ് പോകുന്നത് എങ്കിൽ റോഡിൽ നിന്നും രണ്ട് മീറ്റർ അകലമാണ് വീട് നിർമ്മിക്കുന്ന സ്ഥലത്തേക്ക് വേണ്ടത്.

മെയിൻ റോഡിൽ നിന്നും മറ്റു വഴികളിലേക്ക് തിരിയുന്ന രീതിയിൽ ഉള്ള റോഡുകൾ കടന്നു അതിരിനോട് ചേർന്ന് പോകുന്നുണ്ട് എങ്കിൽ അത്തരം റോഡുകളിൽ നിന്നും 1.5 മീറ്ററാണ് അകലം പാലിക്കണം.

75 മീറ്റർ മുതൽ 250 മീറ്റർ വരെ വലിപ്പത്തിലുള്ള റോഡുകൾ ആണ് കടന്നു പോകുന്നത് എങ്കിൽ രണ്ട് മീറ്റർ അകലം ആണ് റോഡും കെട്ടിടവും തമ്മിൽ വേണ്ടത്.

റോഡും കെട്ടിട അതിരും തമ്മിൽ 7.5 മീറ്റർ അകലം ഉണ്ടായിരിക്കണം എന്നത് പുതുക്കിയ നിയമത്തിൽ പറയുന്നുണ്ട്. മുൻപ് ഇത് മൂന്ന് മീറ്റർ എന്ന രീതിയിലാണ് കണക്കാക്കിയിരുന്നത്.

എന്നാൽ സ്വന്തം ഉപാധികളോടെ 5 മീറ്റർ അകലത്തിൽ വേണമെങ്കിൽ കെട്ടിടം പണിയാം.

പക്ഷേ പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം എടുക്കുമ്പോൾ സ്വന്തം ചിലവിൽ കെട്ടിടം പൊളിച്ച് നീക്കം ചെയ്യാമെന്ന് സമ്മതപത്രം നൽകേണ്ടതുണ്ട്.

ഓരോരുത്തരും വീട് നിർമ്മിക്കുന്നത് പല കാര്യങ്ങളും മുന്നിൽ കണ്ടു കൊണ്ടാണ്. അതായത് വീട്ടിൽ കൃഷി ഉള്ളവർക്ക് സാധനങ്ങൾ ഉണക്കുന്നതിനുള്ള സ്ഥലം വീടിനോട് ചേർന്ന് വേണ്ടിവരും.

സാധാരണ വീടുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനുള്ള സ്ഥലം പ്രത്യേകം കണ്ടെത്തേണ്ടിവരും.അതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്ത് ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീട് നിർമ്മിക്കുമ്പോൾ പലരും സെറ്റ് ബാക്കിന്റെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ നൽകുന്നില്ല.

പിന്നീട് വീടിന് പെർമിറ്റ് ലഭിക്കാൻ തന്നെ ഇത് പ്രശ്നമായി മാറുകയാണ് പതിവ്.

കിണർ സെപ്റ്റിക് ടാങ്ക് എന്നിവയുടെ നിർമ്മാണം

വീടിന്റെ അതിരിനോട് ചേർന്ന് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ ഡിസ്ട്രിക്റ്റ് ഹൈവേ എന്നിവ കടന്നു പോകുന്നുണ്ടെങ്കിൽ 3 മീറ്റർ അകലം പാലിച്ച് മാത്രമാണ് കിണർ, സെപ്റ്റിക് ടാങ്ക് എന്നിവ നിർമിക്കാൻ സാധിക്കുകയുള്ളൂ.

പോക്കറ്റ് റോഡുകൾ ലോക്കൽ റോഡുകൾ എന്നിവ അതിരിനോട് ചേർന്ന് കടന്നു പോകുന്നുണ്ടെങ്കിൽ 1.2 മീറ്റർ അകലത്തിൽ കിണർ, സെപ്റ്റിക് ടാങ്ക് എന്നിവ നിർമ്മിക്കാൻ സാധിക്കും.

എന്നാൽ കുടുംബത്തിന് ജീവിക്കുന്നതിനു വേണ്ടി മാത്രം ഒരു വീട് നിർമ്മിക്കുമ്പോൾ വീടിന്റെ അതിരിനോട് ചേർന്ന് 30 സെന്റി മീറ്റർ അകലത്തിൽ കിണർ,സെപ്റ്റിക് ടാങ്ക് എന്നിവ നിർമ്മിക്കാവുന്നതാണ്.

ഇവിടെ തൊട്ടടുത്ത വീടിന്റെ കിണർ നമ്മുടെ സെപ്റ്റിക് ടാങ്ക് നോട് ചേർന്നാണ് വരുന്നത് എങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വീടിനോട് ചേർന്ന് തോട്, കായൽ പോലുള്ള ജലാശയങ്ങൾ ഉണ്ടെങ്കിൽ.

നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിനോട് ചേർന്ന് തോട്, പുഴ,കായൽ എന്നിവ പോലുള്ള ജലാശയങ്ങൾ കടന്നുപോകുന്നുണ്ട് എങ്കിൽ അത് വലിയ രീതിയിലുള്ള തലവേദനയാണ് സൃഷ്ടിക്കുന്നത്.

അതായത് കെട്ടിട നിർമ്മാണ നിയമപ്രകാരം കായൽ പോലുള്ള ജലാശയങ്ങൾക്ക് നിയമങ്ങൾ ഒന്നും തന്നെ ഇല്ല.

എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകമായി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവ നിർമിക്കുന്ന വീടിന് ബാധകമാകും.

എന്നുമാത്രമല്ല അതിൽ നിഷ്കർഷിക്കുന്ന അകലം പാലിക്കുകയും വേണം.CRZ അനുസരിച്ച് പുഴ,കായൽ, ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വേലിയേറ്റ രേഖകളിൽ നിന്നും 50 മീറ്റർ അകലെയായി മാത്രമാണ് വീട് നിർമിക്കാൻ പാടുകയുള്ളൂ.

ചെറിയ സ്ഥലത്താണ് വീട് നിർമിക്കുന്നത് എങ്കിലും തീർച്ചയായും അവ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് നിർമ്മിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം ഇവ ഭാവിയിൽ വീടിന്റെ പെർമിറ്റ് ലഭിക്കുന്നത് ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതിന് കാരണമാകും.