വീടിനെ പ്രകൃതിയോടി ണക്കാം – ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നല്‍കുന്നത് വഴി.

വീടിനെ കൂടുതൽ പ്രകൃതിയോട് ഇണക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ് ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ചുകൊണ്ടുള്ള വാളുകൾ.

പ്രധാനമായും ട്രോപ്പിക്കൽ ഡിസൈനിൽ ആണ്‌ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ നൽകാൻ സാധിക്കുക. സാധാരണ കളിമണ്ണുകൾ ഉപയോഗിച്ച് തീർക്കുന്ന ടെറാക്കോട്ട ബ്രിക്കുകൾ കാഴ്ചയിൽ തന്നെ കൂടുതൽ ഭംഗി നൽകുന്നു.

ഇവയിൽ തന്നെ കൂടുതൽ ഫിനിഷിംഗ് ആഗ്രഹിക്കുന്നവർക്ക് ഇംപോർട്ടഡ് ബ്രിക്കുകൾ തിരഞ്ഞെടുക്കാം. എന്നാൽ ഇവ ഉപയോഗപ്പെടുത്തുന്നതിന് മുൻപായി അവയുടെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും.

എന്താണ് ടെറാക്കോട്ട ജാളി ബ്രിക്കുകൾ?

വീട്ടിനകത്തേക്ക് ശരിയായ വെളിച്ചം,കാറ്റ്, വായു എന്നിവ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വീട് നിർമാണത്തിൽ ടെറാക്കോട്ട ജാളി ബ്രിക്ക് വാളുകൾ തിരഞ്ഞെടുക്കാം.

ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ച രീതിയിലാണ് വാൾ നിർമ്മിക്കുക. നിർമാണം പൂർത്തിയാകുമ്പോൾ മനോഹരമായ പാറ്റേണുകൾ ആണ് നമുക്ക് മുന്നിൽ തെളിയുന്നത്.

ജാളി ബ്രിക്സ് പാറ്റേണുകള്‍

ഓപ്പൽ,ഡയമണ്ട്, റൂബി , ക്യാമ്പ്, ഫോർ പെറ്റൽ പാറ്റേണുകളിൽ ടെറാകോട്ട ജാളി ബ്രിക്കുകൾ വിപണിയിൽ ലഭ്യമാണ്.ഇവയുടെ നീളം, വീതി എന്നിവ ഒരേ അളവിലാണ് നൽകുന്നത്. 20 സെന്റീമീറ്റർനീളം, 20 സെന്റീമീറ്റർ വീതി,7 സെന്റീമീറ്റർ തിക്നെസ്സ് എന്നിങ്ങനെയാണ് ബ്രിക്ക് നിർമ്മിക്കുന്നത്.

വീടിന് അകത്തും പുറത്തും ജാളി ബ്രിക്ക് വാളുകൾ നൽകാവുന്നതാണ്. എന്നാൽ വീടിന് അകത്ത് നൽകുന്നതിനായി ബ്രിക്ക് തിരഞ്ഞെടുക്കുമ്പോൾ ഇംപോർട്ടഡ് ടൈപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇംപോർട്ടഡ് ജാളി ബ്രിക്കുകൾക്ക് ഒരെണ്ണത്തിന് 100 രൂപ മുതൽ 150 രൂപ നിരക്കിലാണ് വില വരുന്നത്. ഒരു സ്ക്വയർ ഫീറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്നത് രണ്ടേകാൽ ഇഞ്ച് വലിപ്പത്തിലുള്ള ജാളി ബ്രിക്കുകളാണ്.

പ്രധാനമായും സ്റ്റെയർകേസ് പോലുള്ള ഭാഗങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജാളി ബ്രിക്കുകൾ കൊണ്ട് നിർമ്മിക്കുന്ന വാളുകൾ തിരഞ്ഞെടുക്കാം.

എന്നാൽ വീടിന് പുറത്താണ് ജാളി ബ്രിക്ക് വാളുകൾ നൽകുന്നത് എങ്കിൽ വീടിന്റെ എലവേഷൻ ഡിസൈനിൽ തുടർച്ച വരുന്ന രീതിയിൽ നൽകുന്നതാണ് നല്ലത്. ടൈൽ ഒട്ടിക്കുന്ന അതെ രീതിയിൽ തന്നെയാണ് ജാളി ബ്രിക്കുകൾ ഫിക്സ് ചെയ്ത് നൽകേണ്ടത്. എന്നാൽ ബ്രിക്കുകൾ വച്ച് പോകുമ്പോൾ 10 അടിയിൽ കൂടുതൽ ഗ്യാപ്പ് വരാൻ പാടുള്ളതല്ല.

ഉയരം നല്കുമ്പോൾ മൂന്നോ നാലോ അടി ഉയരത്തിൽ ബ്രിക്ക് നൽകിയ ശേഷം വെയിറ്റ് താങ്ങാവുന്ന രീതിയിൽ ഫ്ലാറ്റ് ഫ്രെയിമുകൾ ഉപയോഗിക്കണം. എന്നാൽ ഇവ ഡിസൈനിൽ യാതൊരുവിധ മാറ്റവും വരാത്ത രീതിയിലാണ് സജ്ജീകരിക്കേണ്ടത്. അല്ലാത്തപക്ഷം മുകളിൽ വരുന്ന ബ്രിക്കുകളുടെ ഭാരം കാരണം താഴെയുള്ളവ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

ബ്രിക്കിൽ സ്വാഭാവികത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പെയിന്റ് നൽകേണ്ടതില്ല. അതേസമയം വ്യത്യസ്ത നിറങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് സ്പ്രേ പെയിന്റ് ഉപയോഗിക്കാനാണ് ബ്രിക്ക് നിർമ്മാണ കമ്പനികൾ നിർദ്ദേശിക്കുന്നത്.

ഗുണങ്ങൾ

  • വീട്ടിലേക്ക് കൂടുതൽ പ്രകാശം, വായു എന്നിവ ലഭിക്കുന്നതിന് സഹായിക്കുന്നു.
  • വ്യത്യസ്തമായ പാറ്റേണുകൾ കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു.
  • പ്രധാനമായും സ്റ്റെയർ കേസുകളുടെ ഭാഗത്ത് നൽകിയാൽ വീട്ടിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കുന്നു.

പോരായ്മകൾ

  • ചെറിയ ഹോളുകൾ ടൈലുകൾക്കിടയിൽ ഉള്ളതുകൊണ്ട് തന്നെ പ്രാണികൾ, ഇഴജന്തുക്കൾ എന്നിവ വീട്ടിനകത്തേക്ക് വരാനുള്ള സാധ്യതയുണ്ട്.
  • ജാളി ബ്രിക്കുകൾ നൽകുമ്പോൾ വീടിന്റെ ടോപ്പോഗ്രഫിക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടിവരും.
  • തിരക്കുപിടിച്ച റോഡ് അടുത്തുണ്ടെങ്കിൽ പൊടിപടലങ്ങൾ വീട്ടിലേക്ക് വരാനുള്ള സാധ്യതയുണ്ട്.
  • ഒരു നിശ്ചിത പരിധിക്ക് അപ്പുറമുള്ള ബ്രിക്ക് വാളുകൾ ഭംഗിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്.
  • വീടിനോട് ചേർന്ന് മരങ്ങൾ ഉണ്ട് എങ്കിൽ പുഴുക്കളുടെ ശല്യം വീട്ടിനകത്തേക്ക് വരാൻ സാധ്യതയുണ്ട്.

സ്വന്തമായി ഒരു വീട് ഡിസൈൻ ചെയ്യുകയാണെങ്കിൽ ജാളി ബ്രിക്കുകൾ വളരെ നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

അതായത് നിങ്ങളുടെ വീട്ടിൽ എവിടെ നിന്ന് കാറ്റും വെളിച്ചവും ലഭിക്കുമെന്നതും, പ്രാണികളുടെ ശല്യം എത്രമാത്രമുണ്ട് എന്നതും നിങ്ങൾക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാഹചര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നായി ജാളി ബ്രിക്ക് വാളുകൾ ഉപയോഗപ്പെടുത്താം.