പുൽത്തകിടി നിർമ്മിക്കാൻ ഇനി പണം മുടക്കേണ്ട!

വീടിനു മുൻപിൽ ഒരു ചെറിയ ലാൻഡ്‌സ്കേപ്പിംഗും അതിൽ മനോഹരമായ ഒരു പുൽത്തകിടി നിർമ്മി ക്കാം പലരുടെയും സ്വപ്നമാണ്.

ചിലർ അതിനു വേണ്ടി വലിയ സംഖ്യ തന്നെ ചിലവാക്കിയിട്ടുണ്ടാകാം. എന്നാൽ അധികം ചിലവും മെനക്കെടും ഇല്ലാതെ ഒരു പുൽത്തകിടി ഉണ്ടാക്കിയാലോ?

സാധാരണയായി പുൽത്തകിടി നിർമ്മി ക്കുന്ന പുല്ലുകൾ

ബഫല്ലോ ഗ്രാസ്, പേൾ ഗ്രാസ്, ഡൂബ് ഗ്രാസ്, ഫെസ്ക്യൂ ഗ്രാസ്, ബ്ലൂ ഗ്രാസ്, മനില ഗ്രാസ്, ചെയിൻ ഗ്രാസ്, ജപ്പാൻ ഗ്രാസ്, ബെർമുഡ ഗ്രാസ്, വെൽവെറ്റ് ഗ്രാസ് അങ്ങനെ നിരവധി ഇനങ്ങൾ വിപണിയിലുണ്ട്.

ഇവയെല്ലാം തന്നെ വിലകൂടിയതും പരിചരണം ആവശ്യമുള്ളതും ആണ്.

എന്നാൽ ഫോട്ടോയിൽ കാണുന്ന സസ്യം നമുക്ക് പുൽത്തകിടി ആയി ഉപയോഗിക്കാം. നിലം പതുങ്ങി, നിലം പരണ്ട, നിലം പറ്റി, അടിപ്പച്ച, സത്യപ്പുല്ല്, നിലപ്പുല്ല്, ചെറുപ്പുല്ല്, ചെറുപ്പുല്ലടി, നിലപ്പുല്ലടി എന്നിങ്ങനെ അനേകം പേരുണ്ട് ഇതിന്.

ചില വിളിപ്പേരുകൾ യഥാർത്ഥത്തിൽ ഇതിൻ്റെ തന്നെയാണോ എന്നും സംശയമുണ്ട്.

ഫോട്ടോയിൽ നോക്കിയാൽ അറിയാം ഇവ പാറ ചിപ്സിനടിയിൽ നിന്നും ആണ് വളർന്നു നിൽക്കുന്നത് എന്ന്. ഏതുതരം മണ്ണിലും മൺകല്ലുകളിലും ഇവ വളരും.

യാതൊരു പരിചരണവും ആവശ്യമില്ല. ഏതു കാലാവസ്ഥയിലും നശിക്കാതെ നിൽക്കും.

ഏറ്റവും ചൂടുള്ള മാസങ്ങളിൽ ഇവ കരിഞ്ഞു പോയതായി നമുക്ക് തോന്നുമെങ്കിലും ഒറ്റ മഴയോടുകൂടി മുഴുവനും പഴയതുപോലെ തളിർത്തു വരും.

ഉണക്കു സമയത്തു മാസത്തിൽ മൂന്നോ നാലോ തവണ നനച്ചുകൊടുത്താൽ കരിയില്ല.

സാധാരണ രണ്ടാഴ്ചയിൽ ഒരിക്കൽ അല്പം ചാണകവെള്ളമോ മറ്റേതെങ്കിലും വളം കലക്കി നേർപ്പിച്ച വെള്ളമോ ഒഴിച്ചുകൊടുത്താൽ മൂന്നിരട്ടി സ്പീഡിൽ ഇവ വളരും.

പരമാവധി 2 cm വരെ ഉയരത്തില് ഇവയുടെ ഇലകൾ ഉയർന്നു നിൽക്കാറുള്ളൂ. തണ്ടുകൾ തറയിൽ പറ്റിച്ചേർന്നാണ് വളരുന്നത്. ഓരോ മുട്ടിൽനിന്നും വേരുകൾ പൊട്ടും. അധികം ഉയരത്തിൽ വളരാത്തതു കാരണം ഇഴജന്തുക്കൾക്കു ഒളിക്കാൻ കഴിയില്ല.

വെട്ടി ഉയരം കുറയ്ക്കുകയോ, അരിഞ്ഞു ആകൃതി വരുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ചവിട്ടിനടന്നാലോ, വാഹനങ്ങളുടെ ടയറിനു അടിയിൽപെട്ടാലോ ഇവ നശിച്ചു പോകുന്നതല്ല.

ചുറ്റുവട്ടം ഉള്ള പറമ്പുകൾ ഒക്കെ ഒന്ന് തപ്പിക്കോളൂ, ഉറപ്പായിട്ടും കിട്ടും. ഒരു ചെറിയ മൂട് കുഴിയിലാക്കി നനച്ചു വളർത്തിക്കോളൂ.

ഇവ ആളത്ര നിസ്സാരക്കാരനല്ല, പലതരം അസുഖങ്ങൾക്ക് ആയുർവേദക്കാരും ലാടവൈദ്യന്മാരും ആശ്രയിക്കുന്ന ഒരു സസ്യമാണത്. തൈറോയിഡ് മുതൽ മൂലക്കുരു വരെ രോഗങ്ങൾക്ക് ഇത് ഉത്തമമാണ്.

ശരീരത്തിന് പുറത്തുള്ള അലർജി ആയാലും കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഇഞ്ചയുടെ കൂടെ ചേർക്കാനായാലും ഇവ കെങ്കേമം ആണ്. രണ്ടാം ഭാവ സസ്യത്തിൽ ആണ് വരുന്നതെങ്കിലും ഏറ്റവും ചെറിയ പയറുവർഗ്ഗ സസ്യം ആണ് ഇതെന്നും പറയപ്പെടുന്നു.

Fabaceae ഫാമിലിയിൽ പെട്ട, Grona triflora സ്പീഷീസിൽ ഉള്ള, Desmodium triflorum എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇവക്കു ധാരാളം വകഭേദങ്ങൾ ലോകമെമ്പാടുമുണ്ട്.

അതുകൂടാതെ സഹോദര സസ്യങ്ങളുമുണ്ട്. കേരളത്തിൽ പൊതുവെ കണ്ടുവരുന്നത് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

വില കുടിയ പുല്ല് വർഗ്ഗങ്ങൾ ധാരളം പ്രയത്നവും പരിപാലനവും ആവിശ്യപെടുമ്പോൾ ഇത്തരം നാടൻ ഇനങ്ങൾ യാതൊരു പരിപാലനവും അധികച്ചിലവും നമുക്ക് ഉണ്ടാക്കി വെക്കുന്നില്ല.

പോരാത്തതിന് ഈ ചെടിയുടെ ഔഷധ ഗുണങ്ങളും നമുക്ക് വളരെ പ്രയോജനവും ആകുന്നു.അപ്പോൾ ഈ ചെടി കൊണ്ട് വീട്ടിന്റെ മുൻപിൽ മനോഹരമായ ഈ നാടൻ പുൽത്തകിടി നിർമ്മിക്കാം

courtesy : fb group