കെട്ടിടങ്ങൾക്ക് വെറും കെട്ടിടത്തിന്റെയല്ലാതെ, ഒരു രാജ്യത്തിൻറെയും, അതിലെ ജനതയുടെയും, അതിൻറെ ഭാവിയുടെ കൂടി സ്വപ്നങ്ങൾ പേറാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദുബായ് നഗരത്തിൽ ചരിത്രത്തിലെ അപൂർവദിനമായ 22.02.2022ലെ തുറന്ന മ്യൂസിയം ഓഫ് ദ് ഫ്യൂചർ.
“ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്ന് വിശേഷിപ്പിക്കുന്ന മ്യൂസിയം ഒരു ശംഖ് മാതൃകയിലാണ് തീർത്തിരിക്കുന്നത്. 30,000 ചതുരശ്ര മീറ്ററിൽ 77 മീറ്റർ ഉയരത്തിൽ ഏഴു നിലകളിലായി അണിയിച്ചൊരുക്കിയ പുതുമകളേറെയുള്ള മന്ദിരം.
ഭാവിയിലെ നഗരങ്ങൾക്കും ഭാവിയിലെ ഗവൺമെന്റുകൾക്കുമായി ഒരു ബൗദ്ധിക ലബോറട്ടറിയാകകാനും, ദുബായുടെ എല്ലാ സുപ്രധാന മേഖലകൾക്ക് വ്യക്തമായ റോഡ് മാപ് നൽകാനും ഈ മ്യൂസിയം കൊണ്ട് ഉദ്ദേശിക്കുന്നതായി അധികൃതർ പറയുന്നു.
എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപമാണു ഈ വിസ്മയ മന്ദിരം പൂർത്തിയായത്.
അതിസങ്കീർണമായ ഇതിൻറെ സ്ട്രക്ചർ തീർത്തിരിക്കുന്നത് ലോകപ്രശസ്തമായ Killa Design architecture studio ഉം എൻജിനീയറിങ് ചെയ്തിരിക്കുന്നത് Buro Happold-മാണ്.
എക്സ്റ്റീരിയറിൽ ഉള്ള ചെറു ജനലുകൾ ഒന്നായി ചേർന്ന് അറബിക് കാലിഗ്രഫികൾ തീർക്കുന്നു എന്നത് അഭൂതപൂർവമായ ഒരു കാഴ്ചയാണ്. ബഹുമാന്യനായ ഷെയ്ഖ് മുഹമ്മദിന്റെ മൂന്ന് കവിതകളാണ് ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു സവിശേഷത.
ഏഴ് നിലകളിൽ ആദ്യത്തെ മൂന്നു നിലകൾ ബഹിരാകാശ റിസർച്ച്, ബയോ എൻജിനീയറിങ്, ആരോഗ്യമേഖലയിലെ ഗവേഷണം എന്നിവയ്ക്കായി മാറ്റി വെക്കുമ്പോൾ ബാക്കി നിലകൾ സമീപഭാവിയിൽ ഉപയോഗം വരുന്ന ടെക്നോളജികളുടെ വികസനത്തിനായി ഉപയോഗിക്കുന്നു.
സന്ദർശകരെ കാത്തിരിക്കുന്നത് അത്യപൂർവ ദൃശ്യാനുഭവങ്ങളാണ്.
മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിലേയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലൂടെ സ്വന്തമാക്കാം. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം: www.motf.ae. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്.
60 വയസ്സിന് മുകളിലുള്ള സ്വദേശി പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കും ഒപ്പം വരുന്ന ഒരാൾക്കും ടിക്കറ്റുകൾ സൗജന്യമാക്കിയിട്ടുണ്ട്.
പ്രവേശന സമയം ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മ്യൂസിയം തുറന്നിരിക്കും.