വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.നമ്മുടെ നാട്ടിൽ വീടിനായി ഇൻഷൂറൻസ് എടുക്കാൻ ആരും അധികം താല്പര്യപ്പെടുന്നില്ല.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രളയം നമ്മുടെ നാട്ടിൽ നൽകിയത് വലിയ ദുരന്തങ്ങൾ ആയിരുന്നു.

നിരവധി പേർക്കാണ് തങ്ങളുടെ കിടപ്പാടങ്ങൾ മണ്ണിടിച്ചിലിലും, വെള്ളപ്പൊക്കത്തിലും നഷ്ടമായത്.

ഈ ഒരു സാഹചര്യത്തിലാണ് വീടിന് ഒരു ഇൻഷുറൻസിന്റെ ആവശ്യകത എത്ര വലുതാണ് എന്ന കാര്യം തിരിച്ചറിയേണ്ടത്.

കനത്ത മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വീട്ടുകാർക്കും,വീടിനും ഉണ്ടാക്കി വച്ചപ്പോൾ നഷ്ടപ്പെട്ട സ്വത്ത് വകകൾ എങ്ങിനെ തിരിച്ചു പിടിക്കാം എന്ന് ചിന്തിച്ചവരായിരിക്കും മിക്ക ആളുകളും.

സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ഇൻഷുറൻസ് എടുക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ല.

കേരളത്തിൽ തുടർച്ചയായി ഉണ്ടായ കാലവർഷക്കെടുതിയിൽ ഗൃഹോപകരണങ്ങളും, മറ്റ് പ്രധാന വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ട നിരവധി പേരാണ് നമുക്കു ചുറ്റും ഉള്ളത്.

ഇവർക്കായി തൽക്കാലത്തേക്ക് സുരക്ഷയൊരുക്കാൻ ക്യാമ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അത് ഒരു താൽക്കാലിക പരിഹാരം മാത്രമാണ് എന്ന സത്യം മനസ്സിലാക്കിയേ പറ്റൂ.

ഹോം ലോണിനായി ബാങ്കുകളെ സമീപിക്കുമ്പോൾ അവരുടെ നിർദ്ദേശ പ്രകാരം ചിലരെങ്കിലും ഇൻഷുറൻസ് എടുത്തവരായിരിക്കും.

എന്നിരുന്നാലും നമ്മുടെ നാട്ടിലെ പകുതി വീടുകൾക്കും ഇൻഷുറൻസ് ഇല്ല എന്നതാണ് സത്യം.

വീടിന് ഇൻഷുറൻസ് എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ.

വീടിനായി ഇൻഷുറൻസ് എടുക്കുമ്പോൾ എല്ലാ വീടുകൾക്കും ലഭിക്കില്ല എന്ന കാര്യം ആദ്യം മനസിലാക്കുക.

പുല്ല്, ഓല, മുള എന്നിവ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വീടുകൾക്ക് മിക്ക ഇൻഷുറൻസ് കമ്പനികളും ഹോം ഇൻഷുറൻസ് നൽകുന്നില്ല.

ഒരു കെട്ടിട ഉടമ അല്ലെങ്കിൽ വീട്ട് ഉടമസ്ഥനാണ് വീടിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ പേരിൽ ഇൻഷുറൻസ് പോളിസി എടുക്കാനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

വീടിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന സന്ദർഭങ്ങൾ വെള്ളപ്പൊക്കം, തീ, ഉരുൾപൊട്ടൽ, കൊടുങ്കാറ്റ്, ഇടിമിന്നൽ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം ലീക്കായി ഉണ്ടാകുന്ന അപകടങ്ങൾ എന്നിവയെല്ലാമാണ്. കൂടാതെ പല കമ്പനികളും വ്യത്യസ്ത മാനദണ്ഡങ്ങൾക്ക് അനുസൃതമായി തുക നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം. ചില ഇൻഷുറൻസ് കമ്പനികൾ പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇൻഷുറൻസ് പോളിസി അനുവദിക്കുന്നില്ല. ചില കമ്പനികൾ ഇത്തരം സാഹചര്യങ്ങളിൽ തുക നൽകുമെങ്കിലും മറ്റ് ചില കാര്യങ്ങൾക്കു വേണ്ടി പോളിസി തുക നൽകുന്നില്ല എന്നതാണ് സത്യം.

ഇൻഷുറൻസ് തുക കണക്കാക്കുന്ന രീതി

പ്രധാനമായും രണ്ട് തരത്തിലാണ് ഹോം ഇൻഷുറൻസിന്റെ തുക കണക്കാക്കുന്നത്.വീടിന്റെ ആകെ വിസ്തീർണ്ണം, നിർമ്മിക്കാനാവശ്യമായ ചിലവ്, വീട് നില നിൽക്കുന്ന സ്ഥലം എന്നിവയെല്ലാം പരിഗണനയിൽ എടുത്താണ് ഇൻഷുറൻസ് തുക എത്ര നൽകണമെന്ന് കമ്പനികൾ തീരുമാനിക്കുന്നത്.IRDAI നിർദേശ പ്രകാരം രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കി ഇൻഷുറൻസ് തുക നൽകുന്നു.

ഇതിൽ ആദ്യത്തേത് വീടിന്റെ മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കി തുക നൽകുന്ന രീതിയാണ്. വീടിന്റെ വില നിശ്ചയിക്കുന്നതിനായി വീട് നിർമ്മാണത്തിനായി ചിലവഴിച്ച തുകയിൽ നിന്നും നിലവിലെ തേയ്മാനം കുറച്ച തുകയാണ് നൽകുക.ശേഷം മാർക്കറ്റ് വാല്യു അടിസ്ഥാനമാക്കി ഇൻഷുറൻസ് തുക നൽകും. രണ്ടാമത്തെ രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പുതിയതായി ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ ചിലവ് എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കി ഒരു തുക നൽകുകയാണ് ചെയ്യുന്നത്.

ഹോം ഇൻഷൂറൻസ് ക്ലെയിം ചെയ്യേണ്ട രീതി

ഹോം ഇൻഷുറൻസ് എടുത്ത ഒരു വീടിന് ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് പോലീസ്, അല്ലെങ്കിൽ ഫയർഫോഴ്സ് എന്നിവരെ വിവരം അറിയിക്കുക എന്നതാണ്. അവർ തയ്യാറാക്കി നൽകുന്ന റിപ്പോർട്ട് ഉപയോഗിച്ച് മാത്രമാണ് ഇൻഷുറൻസ് തുക ക്ലെയിംചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ.

അപേക്ഷ ഇൻഷുറൻസ് കമ്പനി പൂർണ്ണമായും പരിശോധിച്ച് വീടിന് ക്ലെയിം ലഭിക്കുമോ എന്ന കാര്യം ഉറപ്പുവരുത്തിയ ശേഷം നഷ്ടം വിലയിരുത്തുകയും അതിനുള്ള തുക വീട്ടുടമയ്ക്ക് നൽകുകയും ചെയ്യുന്നു. ഓരോരുത്തർക്കും തങ്ങളുടെ താൽപര്യപ്രകാരം വ്യത്യസ്ത കാലയളവിലേക്ക് ഹോം ഇൻഷൂറൻസ് എടുക്കാനായി സാധിക്കും.

വീടിന്റെ സുരക്ഷക്കായി ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി തീർച്ചയായും അറിഞ്ഞിരിക്കുക.