വീടിന് ജാക്കി വക്കുന്നതിന് മുൻപായി.പ്രളയം നമ്മുടെ നാട്ടിൽ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങൾ വിതച്ചപ്പോൾ അതിൽ നിന്നും എങ്ങിനെ വീടിന് സുരക്ഷയൊരുക്കാം എന്ന് ചിന്തിച്ചവരായിരിക്കും മിക്ക ആളുകളും.
തുടർന്ന് പല ടെക്നോളജികളും അതിനായി ഉപയോഗപ്പെടുത്തി നോക്കിയവരും കുറവല്ല.
കെട്ടിടങ്ങളുടെ ഉയരം കൂട്ടുക എന്നതും, ജാക്കി ഉപയോഗപ്പെടുത്തി ലിഫ്റ്റ് ചെയ്യുക എന്നതുമാണ് അതിനുള്ള പരിഹാരമായി പലരും കണ്ടെത്തിയ കാര്യം.
ശരിയായ രീതിയിൽ അല്ല ജാക്കി ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അത് മറ്റു പല രീതിയിലും വീടിന് പ്രശ്‌നങ്ങൾ സൃഷ്ടിയ്ക്കും എന്ന കാര്യം പലരും മറന്നു പോകുന്നു.
തോന്നിയ രീതിയിൽ ജാക്കി ഉപയോഗപ്പെടുത്തി വീടിന്റെ ഹൈറ്റ് കൂട്ടുന്നതിനിതിരെ കേരള ഹൈക്കോടതി കുറച്ച് മുൻപ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
അത് പാലിക്കപ്പെടാതെ നിർമ്മിക്കുന്ന ആൾട്ടർ ചെയ്യുന്ന വീടുകൾക്ക് പിന്നീട് നിയമപരമായി കാര്യങ്ങൾ നേരിടേണ്ട അവസ്ഥ വരും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുറത്തിറക്കിയ നിയമങ്ങൾക്ക് അനുസൃതമായി ഒരു വീടിന് ജാക്കി വെക്കുന്നതിനു മുൻപായി പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
വീട് ജാക്കി വച്ച് ഉയർത്തുന്നതിന് മുൻപായി.
ജാക്ക് ലിഫ്റ്റ് ടെക്നോളജി ഉപയോഗപ്പെടുത്തി വീടിന്റെ ഉയരം വർദ്ധിപ്പിക്കുകയോ ആൾട്ടറേഷൻ വർക്കുകൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ അതിനു മുൻപായി പ്രത്യേക അപേക്ഷ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കേണ്ടതുണ്ട്.
കെട്ടിടത്തിന്റെ മുഴുവൻ സ്ട്രക്ചറിനും മാറ്റം വരുമെന്നതിനാൽ തന്നെ നിർമ്മാണവുമായി ബന്ധപ്പെട്ട പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങേണ്ടതുണ്ട്.
ഓരോ കെട്ടിടവും പണിയുന്നത് കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം.
നിയമങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ ഏതു നിമിഷവും പൊളിച്ചു കളയാനുള്ള അവകാശം ഇത്തരം സ്ഥാപനങ്ങൾക്ക് ഉണ്ട് എന്ന കാര്യം മറക്കരുത്. അപേക്ഷ സമർപ്പിച്ചിട്ടുള്ള വ്യക്തി എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണോ വീട് നിർമ്മിച്ചിട്ടുള്ളത് എന്ന കാര്യം പഞ്ചായത്ത് സെക്രട്ടറി ഉറപ്പു വരുത്തേണ്ടതുണ്ട്. വീടിന്റെ നിലവിലുള്ള ഘടനയിൽ ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത് എന്ന കാണിച്ചു കൊണ്ടുള്ള വ്യക്തമായ പ്ലാൻ ആവശ്യമായ മറ്റു രേഖകൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് സമർപ്പിക്കണം.
വീടിന് ജാക്കി വക്കുന്നതിന് മുൻപായി പാലിക്കപ്പെടേണ്ട പ്രധാന നിയമങ്ങൾ
ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ച് വീട് ആൾട്ടറേഷൻ ചെയ്തു കഴിഞ്ഞാൽ പ്ലാനിൽ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങൾ വിശദമാക്കുന്ന രീതിയിൽ ഉള്ള റിപ്പോർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നൽകേണ്ടതുണ്ട്. ആദ്യത്തെ പ്ലാനിൽ നിന്നും ഏതെല്ലാം രീതിയിലുള്ള മാറ്റങ്ങൾ ആണ് രണ്ടാമത്തെ പ്ലാനിൽ ഉൾക്കൊള്ളിക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം കൃത്യമായി അതിൽ ഉൾപ്പെടുത്തണം. എല്ലാവിധ കെട്ടിടനിർമ്മാണ നിയമങ്ങളും പാലിക്കുകയും അതോടൊപ്പം വീടിന്റെ സ്ട്രക്ചറിൽ മാറ്റം വരുത്തുന്നത് കൊണ്ട് മറ്റ് സുരക്ഷാ ഭീഷണികൾ സംഭവിക്കില്ല എന്ന കാര്യവും ഉറപ്പു വരുത്തുന്നതിനായി സ്ട്രക്ച്ചറൽ എൻജിനീയറുടെ പക്കൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.
സമർപ്പിക്കുന്ന അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം വീടിന് ആൾട്ടറേഷൻ വർക്കുകൾ ചെയ്യുന്നത് യാതൊരുവിധ രീതിയിലും പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പു വരികയാണെങ്കിൽ അതിനാവശ്യമായ പെർമിറ്റ് ലഭിക്കുന്നതാണ്. പെർമിറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾക്ക് അനുസൃതമായി നൽകിയ സമയത്തിനുള്ളിൽ വീടിന്റെ ആൾട്ടറേഷൻ വർക്കുകൾ പൂർത്തിയാക്കണം. ഇത്തരത്തിൽ നിരവധി നിയമങ്ങൾ പാലിച്ചു കൊണ്ട് മാത്രമാണ് ജാക്കി ഉപയോഗപ്പെടുത്തി വീടിന്റെ ആൾട്ടറേഷൻ വർക്കുകൾ നടത്താൻ സാധിക്കുകയുള്ളൂ. എന്തായാലും ജാക്കി ഉപയോഗപ്പെടുത്തിയുള്ള ഹൗസ് ലിഫ്റ്റിംഗ് ടെക്നോളജി പ്രളയത്തെ അഭിമുഖീകരിക്കുന്നതിൽ എത്രമാത്രം ഗുണം ചെയ്യുമെന്നത് കണ്ടു തന്നെ അറിയാം.
വീടിന് ജാക്കി വക്കുന്നതിന് മുൻപായി ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കാം.