മിനിമലിസത്തിന് പ്രാധാന്യം നല്‍കി ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റുമാരായ നിബ്രാസ് ഹക്ക്, അനസ് ഹസ്സന്‍ ( ഹക്ക് & ഹസ്സന്‍ ആര്‍ക്കിടെക്റ്റ്‌സ് , കോഴിക്കോട് ) എന്നിവരാണ്.

തുറസ്സായ നയത്തിന് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം. വീട്ടിലുടനീളമുള്ള ജനാലകള്‍ അകത്തളത്തില്‍ വായു സഞ്ചാരവും സ്വാഭാവിക വെളിച്ചവും നിറയ്ക്കാന്‍ ഉതകുന്നവയാണ്

എലിവേഷനിലെ വ്യത്യസ്തതയാണ് വീടിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം. ലളിതമായ ഒരു ഡിസൈനായിരുന്നു ക്ലയന്റ് നിര്‍ദേശിച്ചത്. തുടര്‍ന്നുണ്ടായ പ്ലാനിങ്ങില്‍ നിന്നുമാണ് ഹാങ്ങിങ് ബോക്‌സ് എന്ന ആശയം ഉരുത്തിരിഞ്ഞത്.

ഹാങ്ങിങ് ബോക്‌സ് മാതൃകയിലാണ് വീടിന്റെ എക്സ്റ്റീരിയര്‍. ഇതില്‍ ഉയര്‍ന്ന ലെവലിലുള്ള ബോക്‌സ് മാതൃകയിലാണ് ബെഡ്‌റൂമുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

താഴെ ലെവലില്‍ കോമണ്‍ ഏരിയകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പരിസരക്കാഴ്ച്ചകള്‍ക്കൊപ്പം നാച്വറല്‍ ലൈറ്റിനും പ്രാധാന്യം നല്‍കിയാണ് ഇവിടം ഒരുക്കിയിരിക്കുന്നത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, വാഷ് റൂം, പൗഡര്‍ റൂം, രണ്ട് ബെഡ്‌റൂമുകള്‍, ഡ്രസിങ് ഏരിയ, ബാത്‌റൂം, പ്രെയര്‍ റൂം, കിച്ചന്‍, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ, ഫാമിലി ഡൈനിങ് എന്നിവയാണ് താഴത്തെ നിലയിലെ ഏരിയകള്‍.

എന്റര്‍ടെയ്ന്‍മെന്റ് റൂം, കോര്‍ട്ട്‌യാര്‍ഡ്, രണ്ട് ബെഡ്‌റൂമുകള്‍, ബാത്‌റൂം, ഓപ്പണ്‍ ടെറസ്സ് എന്നിവ മുകള്‍ നിലയിലും. അകത്തളം വിശാലവും തെളിമയുള്ളതുമാകുന്നു.

ഗ്രേ, വൈറ്റ്, ബ്രൗണ്‍ കളര്‍ കോമ്പിനേഷനാണ് എക്സ്റ്റീരിയറിനു മിഴിവേകുന്നത്. അകത്തളത്തില്‍ വെള്ള നിറത്തിനു പ്രാമുഖ്യം നല്‍കിയിരിക്കുന്നു.

ഫര്‍ണിച്ചറുകള്‍ അധികവും കസ്റ്റംമെയ്ഡായി ചെയ്‌തെടുത്തവയാണ്. ഇളം നിറങ്ങളുടെ ലാളിത്യമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. എക്‌സറ്റീരിയറിലും ഇന്റീരിയറിലും സ്വീകരിച്ചിരിക്കുന്ന മിനിമലിസം തന്നെയാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.

Architects : Nibras Haq & Anas Hassan

Project Type: Residential House

Client: Ashraf P T

Location: Tanur

Area: 3000 Sqft

Photography: Shameer Babu