കൊളോണിയൽ ഭംഗിയിൽ ഒരു വീട് – ബഥനിയ

പ്ലോട്ടിന്റെ പ്രത്യേകതകൾക്കനുസരിച്ച് രൂപപ്പെടുത്തിയ കൊളോണിയൽ ശൈലിയിലുള്ള ഇരുനില വീട്.

ഒറ്റനില വീട് വേണമെന്നായിരുന്നു വീട്ടുകാരൻ റിനു തോമസിന്റെ ആഗ്രഹം.വീട്ടുകാരി ബീനക്കാകട്ടെ ഇരുനില വീട് വേണമെന്നും.തൊട്ടടുത്ത് രണ്ട് സഹോദരന്മാരുടെ വീടുള്ളതിനാൽ എല്ലാവർക്കുംഒത്തുകൂടാൻ പാകത്തിന് വലിപ്പവും സ്ഥല സൗകര്യവും വേണം എന്ന കാര്യത്തിൽ ഇരുവർക്കും ഏകാഭിപ്രായമായിരുന്നു.

രണ്ടു പേരുടെയും ഇഷ്ടം ഒരുപോലെ പരിഗണിച്ചും രണ്ടു വശത്തും വഴിയുള്ള പ്ലോട്ടിന്റെ പ്രത്യേകതകൾ കണക്കാക്കിയുമാണ് ആർകിടെക്റ്റുമാരായ ജേർലിനും ജിസും 2550 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടൊരുക്കിയത്.

കൊളോണിയൽ സ്റ്റൈലിൽ പൊലിമ കുറയാതെ എക്സ്റ്റീരിയർ.

22 സെന്റിലാണ് വീട്.ഒറ്റ നിലയായി പണിതാൽ എക്സ്റ്റീരിയർ വ്യൂവിന് പറയത്തക്ക ഗാഭീരമുണ്ടാകില്ല.അല്ലെങ്കിൽ മേൽക്കൂര വളരെ വലുതാക്കി പണിയണം.

അതിനാലാണ് ഇരുനില തിരഞ്ഞെടുത്തത്.കൊളോണിയൽ ശൈലിയിലാണ് വീടിന്റെ എക്സ്റ്റീരിയർ.40 ഡിഗ്രിയിലധികം ചെരിവ് വരുന്ന നാല്‌ മേൽക്കൂരകളാണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്.

നിരപ്പായി വാർത്ത ശേഷം സ്ട്രെസ് റൂഫ് നൽകി അതിൽ ഓട് മേഞ്ഞാണ് മേൽക്കൂര തെയ്യാറാക്കിയത്.

ഇരുനില വീടാണെങ്കിലും മുകളിലെ നിലയിൽ മുറികളൊന്നും ഇല്ല എന്നതാണ് “ബഥാനിയ” എന്ന് പേരുള്ള വീടിന്റെ സവിശേഷത.

രണ്ടാം നിലയിലല്ലാതെ സ്റ്റെയർകെയ്‌സിന്റെ ലാൻഡിങ്ങിൽ വരും വിധമാണ് മാസ്റ്റർ ബെഡ്‌റൂം നൽകിയിരിക്കുന്നത്.

ഇവിടെയിരുന്നാലും താഴത്തെ നിലയിലെ കാര്യങ്ങളറിയാം.മുകളിലാണെന്ന തോന്നൽ ഉണ്ടാകുകയേ ഇല്ല.

കാർപോർച്ചിനു മുകളിൽ എട്ട് അടി പൊക്കത്തിൽ മേൽക്കൂര വാർത്ത് അതിനു മുകളിൽ വരും വിധമാണ് ഈ കിടപ്പുമുറി നിർമ്മിച്ചത്.

താഴത്തെ നിലയിലെ തറനിരപ്പിൽ നിന്ന് ആറ്‌ അടി മാത്രം ഉയരത്തിലാണ് ഇവിടം.

ടെറസിലേക്കുള്ള സ്റ്റെയർകെയ്‌സിന്റെ അപ്പർ ലാൻഡിങ്ങിലാണ് സ്റ്റഡി ഏരിയയുടെയും ലൈബ്രറിയുടെയും സ്ഥാനം.

ഇവിടെ നിന്ന് മുന്നിലെ ബാൽക്കണിയിലേക്കും പിന്നിലെ ഓപ്പൺ ടെറസിലേക്കും എത്താം.വീടിനു വലതുവശത്തുള്ള വഴിയിൽ നിന്ന് നോക്കുമ്പോൾ ഇരുനില വീടിന്റെ ഗാമ്പീര്യം ചോരാതിരിക്കാനായി ഓപ്പൺ ടെറസിന്റെ ഈ ഭാഗത്ത് ഭിത്തി ഉയർത്തി കെട്ടി.

ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ് ഇവിടുത്തെ ഭിത്തി നിർമ്മിച്ചത്.തുണി ഉണ്ടാക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമൊക്കെ ആവശ്യത്തിന് സ്ഥലം ലഭിക്കും വിധമാണ് ടെറസിലെ ക്രമീകരണങ്ങൾ.

സ്വീകരണ മുറി, ഫാമിലി ലിവിങ്, ഡൈനിങ്ങ് സ്‌പേസ്, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.

ഫാമിലി ലിവിങും ഡൈനിങ് സ്‌പേസും ഒരുമിച്ച് നൽകിയതിനാൽ ഒരുമിച്ച് ഇഷ്ടംപോലെ സ്ഥലം ലഭിക്കുന്നു.

ഇതുകൂടാതെ ഡൈനിങ്ങ് സ്‌പേസിനോട് ചേർന്ന് ഇന്റീരിയർ കോർട്യാർഡും ഫാമിലി ലിവിങ് സ്‌പേസിനോട് ചേർന്ന് വലിയൊരു സിറ്റ്ഔട്ടും എക്സ്റ്റീരിയർ കോർട്യാർഡും കൂടി നൽകിയിട്ടുള്ളതിനാൽ ഒത്തുചേരാനുള്ള ഇടങ്ങൾക്ക് ഒട്ടും പഞ്ഞമില്ല.

പഴയ തറവാടിനോട് രണ്ട് മുറികൾ കൂട്ടിച്ചേർത്ത് അധികം കഴിയുന്നതിനു മുൻപാണ് പുതിയ വീട് പണിയാനുള്ള പദ്ധതി വരുന്നത് .

തറവാട് നിലനിർത്തി കൊണ്ട് പുതിയ വീട് പണിയാൻ ശ്രമിച്ചെങ്കിലും ചുമരുകൾ ഭാരം താങ്ങാനാവുന്ന സ്ഥിതിയിലല്ലാത്തതിനാൽ അത് ഉപേക്ഷിച്ചു.പഴ വീടിന്റെ വാതിൽ,ജനൽ,കട്ടിള തുടങ്ങിയവയൊക്കെ പരമാവധി പുനരുപയോഗിച്ചാണ് പുതിയ വീടൊരുക്കിയത്.

Area-2550 Sqft

Designer-


Architect-Jerlin Mathews & Jis Paul


JJ Architects Pathanamthitta


+91 80 86 80 56 98